മലയാളികളുടെ പ്രിയ സംവിധായകന് സത്യന് അന്തികാട് അപൂര്‍വ്വമായ ചില ഞെട്ടലുകളെ കുറിച്ച് ഫേസ്ബുക്കില്‍ പങ്കിട്ട ഹൃദയ സ്പര്‍ശിയായ എഴുത്ത് വായിക്കാം.
അടുത്തകാലത്ത് നമ്മുടെ ശ്രീനിവാസന് അതിമനോഹരമായൊന്നു ഞെട്ടി. ഞെട്ടി എന്ന് പറഞ്ഞാല്‍ പോര, അക്ഷരാര്‍ഥത്തില്‍ ഞെട്ടിത്തരിച്ചു.
അന്തിക്കാട് ‘സെലിബ്രേഷന്’ ഓഡിറ്റോറിയമാണ് വേദി. പുതിയ മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി ചുമതലയേറ്റ അഡ്വ. വി.എസ്. സുനില്‍കുമാറിന് ജന്മനാട്ടില് നല്കിയ പൗരസ്വീകരണം ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു ശ്രീനി. സുനില്‍ കുമാര്‍ അന്തിക്കാട്ടുകാരനാണ്. കറയില്ലാത്ത രാഷ്ട്രീയക്കാരന്. സി.പി.ഐ.യുടെ സമുന്നതനായ നേതാവായിട്ടും പത്തുവര്‍ഷം എം.എല്‍.എ. ആയിട്ടും ഇപ്പോള്‍ മന്ത്രിയായിട്ടും സ്വന്തമായൊരു വീടുണ്ടാക്കാനോ ബാങ്ക് ബാലന്‍സ് വര്‍ധിപ്പിക്കാനോ കഴിയാതെപോയ വിശുദ്ധിയുള്ള മനുഷ്യന്. പാലായിലും അടൂരുമൊക്കെയുള്ള ചിലര്‍ക്ക് ചിരി വന്നേക്കാം. നോട്ടെണ്ണുന്ന യന്ത്രം വീട്ടില്‍ സൂക്ഷിക്കുന്ന ജനസേവകര്‍ക്ക് പുച്ഛം വരെ തോന്നാം. പക്ഷേ, ഞങ്ങള്‍ അന്തിക്കാട്ടുകാര്‍ക്ക് സുനില്‍കുമാര്‍ ഒരു അഭിമാനമാണ്. കൃഷിയോടും സുനില്‍കുമാറിനോടും സ്നേഹമുള്ളതുകൊണ്ടാണ് ശ്രീനി ഈ അനുമോദനയോഗം ഉദ്ഘാടനം ചെയ്യാമെന്ന് സമ്മതിച്ചത്.
സദസ്സിനെ പൊട്ടിച്ചിരിപ്പിച്ചുകൊണ്ട് ശ്രീനി പ്രസംഗം തുടങ്ങി. ആ പ്രസംഗത്തിനിടയില്‍ ശ്രീനി ഒരു കഥ പറഞ്ഞു.
കഥ ഇതാണ്: ‘നാടോടിക്കാറ്റ്’ റിലീസ് ചെയ്ത സമയം. എന്നുവെച്ചാല്‍ ഏകദേശം ഒരു ഇരുപത്തെട്ട് കൊല്ലം മുന്‍പ് . അന്നൊക്കെ സ്ഥിരമായി ശ്രീനിവാസന് അന്തിക്കാട്ട് വരാറുണ്ടായിരുന്നു. വന്നാലും പുറത്തിറങ്ങി അധികം നടക്കാറില്ല. എഴുത്തുകാരന് എന്നതിനപ്പുറത്ത് പ്രേക്ഷകരെ ചിരിപ്പിക്കുന്ന നടന് കൂടിയായതുകൊണ്ട് ആളുകള്‍ ചുറ്റും കൂടും. സ്ക്രീനില്‍ കാണുന്ന ശ്രീനിവാസനല്ലല്ലോ യഥാര്‍ഥ ശ്രീനിവാസന്. ആള്‍ക്കൂട്ടത്തില്‍ പെട്ടാല്‍ ശ്രീനിയുടെ സ്ഥായീഭാവം ‘ചമ്മല്’ ആണ്. എങ്കിലും ഒരു ദിവസം എന്റെ വീടിന്റെ മുന്നിലെ നാട്ടുവഴിയിലൂടെ ഞങ്ങള്‍ അല്പദൂരം നടന്നു. ഒപ്പം കോഴിക്കോട്ടുകാരനായ ഒരു സുഹൃത്തുമുണ്ടായിരുന്നു. ഇന്റീരിയര്‍ ഡിസൈനര്‍ അശോകന്. ഞങ്ങള്‍ മൂന്നുപേരുംകൂടി എന്തൊക്കെയോ സംസാരിച്ചു നടക്കുന്പോൾ പുറകില്‍നിന്ന് അതിവേഗം സൈക്കിളോടിച്ചുവന്ന് ഒരാള്‍ ഞങ്ങളുടെ മുന്നില്‍ വഴി തടഞ്ഞതുപോലെ നിന്നു. തയ്യല്ക്കാരന് ശങ്കരേട്ടന്! എന്റെ വീടിനടുത്താണ് ശങ്കരേട്ടന്റെ താമസം. അന്തിക്കാട് സെന്ററിനടുത്ത് ഒരു തയ്യല്‍ക്കട നടത്തുന്നുണ്ട്.
“സത്യാ ഇവിടെ ശ്രീനിവാസന് വന്നിട്ടുണ്ടെന്നുകേട്ടു. ഇതിലാരാണ് ശ്രീനിവാസനെന്നുവെച്ചാല്‍ എന്നെയൊന്നു പരിചയപ്പെടുത്തിത്തരണം.” ശ്രീനി പെട്ടെന്ന് അശോകേട്ടനെ ചൂണ്ടിക്കാട്ടി പറഞ്ഞു: “ദേ, ഇതാണ് ശ്രീനിവാസന്”
“സന്തോഷം”ശങ്കരേട്ടന് അശോകേട്ടന്റെ കൈ പിടിച്ചു കുലുക്കി.
“കടയില്‍ പിള്ളാരു പറഞ്ഞു ശ്രീനിവാസന് വന്നിട്ടുണ്ടെന്ന്. എങ്കിലൊന്നു പരിചയപ്പെട്ടിരിക്കാമല്ലോ എന്നുവെച്ച് വന്നതാണ്. മോഹന്‍ലാലും മമ്മൂട്ടിയുമൊക്കെ ഇവിടെ വരാറുണ്ട്. പക്ഷേ. ഈ കള്ളന് ഒരാളേയുമറിയിക്കാറില്ല.”
കുറ്റം എന്റേതുതന്നെയെന്ന് ഞാന്‍ സമ്മതിച്ചു. ശ്രീനിവാസനാണെന്ന ധാരണയില്‍ അശോകേട്ടന്റെ താടിയിലൊന്നു തട്ടി ‘പോട്ടേ ശ്രീനിവാസാ’ എന്നുപറഞ്ഞ് ശങ്കരേട്ടന് തിരിച്ച് സൈക്കിള്‍ ചവിട്ടി. ഒരു പത്തടി പിന്നിലെത്തിയതേയുള്ളൂ. സൈക്കിള്‍ നിര്‍ത്തി ശങ്കരേട്ടന് വിളിച്ചുചോദിച്ചു:
“ഇനി ഇതിലാരെങ്കിലും പേരുള്ളവരുണ്ടെങ്കില്‍ എന്നെ പരിചയപ്പെടുത്തണം.”
ശ്രീനിവാസന് വിളിച്ചുപറഞ്ഞു: “ഞങ്ങളാരും തീരെ പേരില്ലാത്തവരാണ്.”
സംതൃപ്തിയോടെ ശങ്കരേട്ടന് തിരിച്ചുപോവുകയും ചെയ്തു.
ശ്രീനി ഈ കഥ പറഞ്ഞു തീര്‍ന്നതും, കാണികളുടെ ഇടയില്‍ നിന്നൊരു മെലിഞ്ഞ മനുഷ്യന് എണീറ്റുനിന്നു.
അത് ശങ്കരേട്ടനായിരുന്നു.
അന്നത്തേക്കാള്‍ ഇരുപത്തെട്ടു വയസ്സിന്റെ പ്രായക്കൂടുതലുണ്ട്. ശ്രീനി അദ്ദേഹത്തിന്റെ പേരും രൂപവുമൊക്കെ മറന്നിരുന്നു. പക്ഷേ, ശങ്കരേട്ടന് ഇപ്പോള്‍ അറിയാം ആരാണ് ശ്രീനിവാസനെന്ന്.
അദ്ദേഹം നേരെ വേദിയിലേക്ക് കയറിവന്ന് ശ്രീനിവാസന്റെ കൈപിടിച്ച് പറഞ്ഞു:
“അത് ഞാനായിരുന്നു കേട്ടോ.”
രണ്ടു കാരണങ്ങള്‍ കൊണ്ട് ശ്രീനിവാസന് ഞെട്ടി.
ഒന്ന് ഇത്രയും വര്‍ഷങ്ങള്‍ക്കുശേഷം ആ മനുഷ്യന് മുന്നിലെത്തിപ്പെടുമെന്ന് സ്വപ്നത്തില്‍ പോലും വിചാരിച്ചിട്ടില്ല. മറ്റൊന്ന് അന്ന് അശോകേട്ടനെ കാണിച്ച് ഇതാണ് ശ്രീനിവാസന് എന്ന് പരിചയപ്പെടുത്തി പറ്റിച്ചതിന്റെ ജാള്യത.
ശ്രീനി സദസ്സിനോടു പറഞ്ഞു: “ഇങ്ങനെയൊരു രംഗം ‘കഥ പറയുന്പോൾ ‘ എന്ന സിനിമയ്ക്കുവേണ്ടി ഞാനെഴുതിയിട്ടുണ്ട്. ആ ചിത്രത്തിന്റെ അവസാനഭാഗത്ത് ഒരു സ്കൂളിലെ ചടങ്ങില്‍ പ്രസംഗിക്കുന്പോൾ, മമ്മൂട്ടി ബാര്‍ബര്‍ ബാലനെ ഓര്‍ക്കും, ബാലന് ആള്ക്കൂട്ടത്തിനിടയിലിരിക്കുന്നത് അറിയാതെ തന്നെ. ഇന്നത്തെ ഈ ചടങ്ങിന് ശേഷമാണ് ആ സിനിമ ഇറങ്ങിയിരുന്നതെങ്കില്‍ നിങ്ങള്‍ പറഞ്ഞേനെ, ശങ്കരേട്ടനാണ് ആ രംഗത്തിന് പ്രചോദനമായതെന്ന്”
ജീവിതത്തിലെ രംഗങ്ങള്‍ സിനിമയായി മാറുന്നത് സാധാരണമാണ്. ഇവിടെ സിനിമ ജീവിതമായി മാറുകയായിരുന്നു.
അപ്രതീക്ഷിതമായ ഇത്തരം ഞെട്ടലുകള്‍ നമ്മുടെയൊക്കെ അനുഭവങ്ങളില്‍ പതിവായി ഉണ്ടാകാറുണ്ട്. അതിലൊരു ‘ചമ്മല്’കൂടി ഉണ്ടാകുമ്പോഴാണ് ഓര്‍മയില്‍നിന്ന് മാറാതെ നില്ക്കുക.
പണ്ട് ഒരു സിനിമയുടെ തിരക്കഥാ ചര്‍ച്ചയ്ക്കായി ഞാനും ശ്രീനിവാസനും എറണാകുളം ബി.ടി.എച്ച്. എന്ന ഹോട്ടലില്‍ താമസിക്കുന്നു. കിടക്കുന്ന മുറിയുടെ പുറത്തൊരു സിറ്റിങ് റൂം ഉണ്ട്. ചര്‍ച്ചയും എഴുത്തുമൊക്കെ ആ മുറിയിലിരുന്നുകൊണ്ടാണ്. ഉച്ചയൂണിനുശേഷം ഒരു ചെറിയ മയക്കത്തിനായി ഞങ്ങളൊന്നു കിടന്നു. അപ്പോഴാണ് കലാസംവിധായകന്‍ കൃഷ്ണന്‍കുട്ടി കടന്നുവന്നത്. കിടപ്പുമുറിയിലെ കട്ടിലില്‍ തന്നെ കൃഷ്ണന്‍കുട്ടിയെ പിടിച്ചിരുത്തി ഞങ്ങള്‍ സംസാരിച്ചു. ഏതോ സിനിമയുടെ ഷൂട്ടിങ് കഴിഞ്ഞുള്ള മടക്കയാത്രയിലായിരുന്നു കൃഷ്ണന്‍കുട്ടി.
“ആരാണ് ആ സിനിമയിലെ നായിക”
ശ്രീനി ചോദിച്ചു.
“ലിസി” എന്ന് കൃഷ്ണന്‍കുട്ടിയുടെ മറുപടി. പിന്നെ ചര്‍ച്ച ലിസിയെപ്പറ്റിയായി. അന്ന് പ്രിയദര്ശന് ലിസിയെ കല്യാണം കഴിച്ചിട്ടില്ല. പ്രണയം കൊടുന്പിരി കൊണ്ടിരിക്കുന്ന സമയമാണ്. പ്രിയനെയും ലിസിയെയും ചേര്‍ത്തുള്ള തമാശക്കഥകള്‍ പറഞ്ഞ് ശ്രീനി കത്തിക്കയറിയപ്പോള്‍ “ഇത് പ്രിയന് കേള്‍ക്കേണ്ട എന്ന അര്‍ഥത്തില്‍ ഞാന്‍ വെറുതെ വിളിച്ചു-
“പ്രിയാ”
പെട്ടെന്ന് സിറ്റിങ് റൂമില്‍നിന്ന് പ്രിയന്റെ ശബ്ദം-
“ഞാനെല്ലാം കേട്ടുകൊണ്ടിരിക്കുകയാണ്.”
ഞങ്ങളെല്ലാവരും ഒരുമിച്ചു ഞെട്ടി.
നോക്കുന്പോൾ തോളിലൊരു ബാഗുമായി സിറ്റിങ് റൂമിലെ കര്‍ട്ടനപ്പുറത്ത് സാക്ഷാല്‍ പ്രിയദര്ശന് !
എന്റെയും ശ്രീനിവാസന്റെയും മുഖത്ത് ഒരു തുള്ളി ചോരയില്ലാതായി.
മദ്രാസില്‍ പ്രിയന്റെ സിനിമയുടെ ജോലികള്‍ നടക്കുന്ന സമയമായിരുന്നു. തലേദിവസം രാത്രി ഞങ്ങള്‍ പ്രിയനുമായി ഫോണില്‍ സംസാരിച്ചതുമാണ്. പെട്ടെന്നെന്തോ ആവശ്യത്തിന് രാവിലത്തെ ഫ്ളൈറ്റില്‍ വന്നതാണ് പ്രിയന്. ഞങ്ങള്‍ മുറിയിലുണ്ടെന്നറിഞ്ഞപ്പോള്‍ വെറുതെയൊന്ന് കയറിയതാണ്. അത് കൃത്യം ഈ പരദൂഷണം പറയുന്ന സമയത്തുതന്നെയായിപ്പോയി എന്നതാണ് അതിശയം.
വീണിടം വിദ്യയാക്കാന്‍ ഞാനൊരു ശ്രമം നടത്തിനോക്കി.
“സത്യത്തില്‍ പ്രിയനെ കണ്ടതുകൊണ്ടുതന്നെയാണ് ഞങ്ങള്‍ ഇങ്ങനെയൊക്കെ സംസാരിച്ചത്. പ്രിയന് മുറിയിലേക്ക് കയറി വരുന്പോൾ തന്നെ അകത്തെ കണ്ണാടിയിലൂടെ ഞങ്ങള്‍ കണ്ടിരുന്നു. അതല്ലേ ഞാന്‍ പ്രിയാ എന്നു വിളിച്ചത്?”
“ആണോ?”
പ്രിയന് ബെഡ്റൂമിലെ കണ്ണാടിക്കടുത്തുവന്ന് പരിശോധിച്ചു. സത്യമാണെന്ന് ബോധ്യപ്പെട്ടതുപോലെ തല കുലുക്കി.
“അതുശരി. എങ്കില്‍ കുഴപ്പമില്ല. നിങ്ങളെപ്പറ്റി ഞാനും ഇങ്ങനെയൊക്കെ പറഞ്ഞോളാം.” എന്നു പറഞ്ഞു ചിരിച്ചു. പ്രിയനത് വിശ്വസിച്ചു എന്ന ആശ്വാസത്തില്‍ ഞാനും ശ്രീനിയും സമാധാനിച്ചു.
വൈകുന്നേരം സിബിമലയിലിനെ കണ്ടപ്പോഴാണ് വിശ്വസിച്ചതായി പ്രിയന് അഭിനയിച്ചതാണെന്ന് മനസ്സിലായത്.
പ്രിയന് സിബിയെ കണ്ടപ്പോള്‍ വിഷമത്തോടെ പറഞ്ഞുവത്രേ-
“ആ സത്യനും ശ്രീനിയുമിരുന്ന് ഞങ്ങളെ കളിയാക്കുകയായിരുന്നു.”
ഇനി, ഒപ്പമില്ലാത്തവരെപ്പറ്റി പരദൂഷണം പറയേണ്ട എന്ന് ഞങ്ങള്‍ കോറസ്സായി തീരുമാനിച്ചു. ഒന്നു രണ്ടു ദിവസം ആ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും ചെയ്തു.
വ്യക്തിപരമായി എനിക്കുണ്ടായ മറ്റൊരു ഞെട്ടല്‍കൂടി പറയാം.
‘ഗോളാന്തരവാര്‍ത്ത’ എന്ന സിനിമയുടെ പാട്ടുകള്‍ ഒരുക്കുന്ന സമയത്താണ്. ഒ.എന്‍.വി. സാറിനെ കാണാന്‍വേണ്ടി ഞാനും ജോണ്‍സണും തിരുവനന്തപുരത്തെത്തി. ഒ.എന്‍.വി.യോട് കഥയും പാട്ടിന്റെ സിറ്റുവേഷനുമൊക്കെ പറഞ്ഞു. പിറ്റേദിവസം മുതലേ കന്പോസിങ് ആരംഭിക്കൂ. അതുകൊണ്ട് ചായയും കുടിച്ച് പൊതുവായ ചര്‍ച്ചകളിലേക്ക് ഞങ്ങള്‍ കടന്നു. ഒ.എന്‍.വി.യുടെ സംസാരം കേട്ടിരിക്കാന്‍ നല്ല രസമാണ്. സാഹിത്യം, രാഷ്ട്രീയം, സിനിമ-എന്നിങ്ങനെ പല വിഷയങ്ങളിലൂടെയും കടന്നുപോകുന്നതിനിടയില്‍ ഒ.എന്‍.വി. പറഞ്ഞു-
“ഇപ്പോഴത്തെ പല പാട്ടുകളും സിനിമയ്ക്ക് പുറത്തുവെച്ച് കേള്‍ക്കാന്‍ കൊള്ളാതായി. എന്തൊക്കെയാണ് ഓരോരുത്തരും എഴുതിവെക്കുന്നത്! പാട്ടെഴുത്തിനൊരു സംസ്കാരമില്ലേ? സത്യന് പാട്ടെഴുതിയിരുന്ന ആളായതുകൊണ്ട് പറയാം. കഴിഞ്ഞദിവസം സ്കൂളില്‍ പഠിക്കുന്ന എന്റെ പേരക്കുട്ടി വന്ന് ചോദിക്കുവാ, മുത്തശ്ശാ ഈ ‘രതിലയം’ എന്നു പറഞ്ഞാലെന്താണെന്ന്’ റേഡിയോവില്‍ ഞാനും കേട്ടിട്ടുണ്ട് ആ പാട്ട്. പല്ലവി തന്നെ ‘രതിലയം… ലയനസംഗീതതാളം’ എന്നാണ് തുടങ്ങുന്നത്.”
ഞാനാകെ തകര്‍ന്നു തരിപ്പണമായി. മധുസാര്‍ നിര്‍മിച്ച് ചന്ദ്രകുമാര്‍ സംവിധാനം ചെയ്ത ‘അസ്തമയം’ എന്ന സിനിമയ്ക്കുവേണ്ടി ഞാനെഴുതിയ പാട്ടാണ് അത്. മനഃപൂര്‍വം ഒ.എന്‍.വി. എനിക്കൊരു ‘തട്ടു’ തന്നതാണോ എന്നുപോലും സംശയം തോന്നി. പക്ഷേ, അദ്ദേഹം നിര്‍ദോഷമായി പറയുന്നതാണെന്ന് ബോധ്യമായപ്പോള്‍ ഞാനും അതിനെ പിന്താങ്ങി.
“സത്യമാണ് സാര്‍. കഷ്ടം തന്നെ. ഇങ്ങനെയൊക്കെ എഴുതാന്‍ പാടുണ്ടോ? സിനിമയിലെ സിറ്റുവേഷന് പറ്റുമായിരിക്കും. പക്ഷേ, പുറത്തുവെച്ചു കേള്ക്കുന്നവരെപ്പറ്റി ആലോചിക്കണ്ടെ? വിഡ്ഢികള്‍!”
‘പുതിയ പാട്ടെഴുത്തുകാരുടെ കുഴപ്പമാണിതെന്നു’ പറഞ്ഞു, ഒ.എന്‍.വി. അവിടെ വെച്ച് ഞാന്‍ മാത്രമേ ഞെട്ടിയുള്ളൂ. അതെഴുതിയത് ഞാനാണെന്ന് അന്ന് ഒ.എന്‍.വി.യോട് നേരിട്ട് പറഞ്ഞിരുന്നെങ്കിലോ? അദ്ദേഹത്തിനുണ്ടാകുമായിരുന്ന ഞെട്ടലിനെക്കുറിച്ച് ഓര്‍ക്കാനേ വയ്യ!
Post Your Comments