അഞ്ജു പ്രഭീഷ്
വീഴ്ചകളില്‍ നിന്നും പ്രതിസന്ധികളില്‍ നിന്നും പാഠമുള്‍ക്കൊണ്ട് ഫീനികസ് പക്ഷിയെപ്പോലെ തിരിച്ചുവരവ് നടത്തിയ കലാകാരന്മാരുടെ സൃഷ്ടികള്‍ക്ക് എന്നും ഒരു പ്രത്യേകതയുണ്ടായിരുന്നു..അവയൊക്കെയും ജനമനസ്സുകളെ കീഴടക്കി ചിരപ്രതിഷ്ഠ നേടാന്‍ തക്കവണ്ണം അത്യപൂര്വ്വങ്ങളായിരുന്നു..രതീഷ് വേഗയെന്ന യുവ സംഗീതസംവിധായകനെ അറിയാത്ത മലയാളികള്‍ വളരെ ചുരുക്കം മാത്രം ..”നീയാം തണലിനു താഴെയെന്ന ആദ്യ ഗാനത്തിലൂടെ മലയാള സംഗീതാസ്വാദകരുടെ മനസ്സിനെ “വേഗ”ത്തില്‍ കീഴടക്കാന്‍ കഴിഞ്ഞ ഈ യുവ സംഗീതസംവിധായകന്റെ ഓരോ ഈണങ്ങളെയും മലയാളി ഹൃദയത്തിന്റെ ഉമ്മറക്കോലായില്‍ ചാരുകസേരയിലിരുത്തി സ്വീകരിച്ചത് അതിലെ കാല്പനികതയുടെയും ലാളിത്യത്തിന്റെയും വശ്യതയൊന്നുകൊണ്ട് മാത്രമായിരുന്നു .മഴനീര്‍ത്തുള്ളികളില്‍ ഈണങ്ങളുടെ മാന്ത്രികത ലയിപ്പിച്ച ഈ കലാകാരന്റെ വീഴ്ച ലാലിസമെന്ന ആശയത്തിലൂന്നി സംഘടിപ്പിച്ച ബാന്റിന്റെ തുടക്കത്തോടെയായിരുന്നു .. മോഹന്‍ലാലെന്ന നടനവിസ്മയം തന്റെ അഭിനയജീവിതത്തില്‍ പിന്നിട്ട നാളുകളെ കോര്‍ത്തിണക്കിയുള്ള ഒരു യാത്രയായിരുന്നു ലാലിസം. പക്ഷേ ആ യാത്രയുടെ തുടക്കം തന്നെ ഒടുക്കമായപ്പോള്‍ ഈ യുവസംഗീത സംവിധായകന് നേരിട്ട അവഹേളനങ്ങള്‍ക്കും പരിഹാസങ്ങള്‍ക്കും കണക്കുണ്ടായിരുന്നില്ല ..ശുദ്ധസംഗീതം മനസ്സിനേറ്റ മുറിവുകള്‍ക്കുള്ള ഏറ്റവും ഫലപ്രദമായ മരുന്നുകൂടിയാണെന്ന് നമ്മെ ഓര്‍മ്മപ്പെടുത്താന്‍ ഈ കലാകാരനു കഴിഞ്ഞത് ലാലിസമെന്ന വന്‍വീഴ്ചയില്‍ നിന്നും കൃത്യം ഒരു വര്‍ഷത്തിനു ശേഷം ആടുപുലിയാട്ടമെന്ന മെഗാഹിറ്റ് സിനിമയിലൂടെ ഒരു ഫീനികസ് പക്ഷിയെപ്പോലെ തിരിച്ചുവരവ് നടത്തികൊണ്ടായിരുന്നു …ഇപ്പോഴിതാ മൂന്നുലക്ഷത്തിലേറെ പേര് ഇതുവരേയ്ക്കും കണ്ടുകഴിഞ്ഞുക്കൊണ്ട് ചരിത്രമെഴുതിയ , മരുഭൂമിയിലെ ആനയെന്ന ചിത്രത്തിലെ “മരുഭൂമിക്കാരന്‍ ആന മലബാറിന് മൊഞ്ചുള്ള ആന”യെന്ന തൃശൂര്‍പൂരത്തെ വെല്ലുന്ന ഇടിവെട്ട് പാട്ടുമായി വിജയസോപാനത്തിന്റെ പടവുകള്‍ അനായാസം കയറി പോകുന്നു ഈ യുവകലാകാരന് ..
ആത്മവിശ്വാസത്തിന്റെ ഈണങ്ങളുമായി ആടുപുലിയാട്ടത്തിലൂടെ തന്റെ മേല്‍ പ്രശംസയുടെ പെരുമഴ പെയ്യിക്കാന്‍ കഴിഞ്ഞ ഈ പ്രതിഭ വീണ്ടും സംഗീതത്തിന്റെ വെടിക്കെട്ട് പൂരവുമായി മരുഭൂമിയിലെ ആനയിലൂടെ സംഗീതപ്രേമികളെ ആകര്‍ഷിക്കുന്നു .ഈ വര്‍ഷത്തെ ഹിറ്റ്ചാര്‍ട്ടില്‍ ഇടംനേടിയ ഗാനമാണ് ആടുപുലിയാട്ടത്തിലെ “വാള്മുനക്കണ്ണിലെ മാരിവില്ലേ”യെന്ന മെലഡിയില്‍ പൊതിഞ്ഞ പ്രണയഗാനം .ഭാവഗായകന് പി ജയചന്ദ്രന്റെ മാസ്മരികശബ്ദത്തില്‍ കാല്പനികതയുടെ ഈണക്കൂട്ടുകള്‍ കൊണ്ടൊരുക്കിയ ഈ മനോഹരഗാനം അനുവാചകരുടെ ഹൃദയത്തില്‍ അക്ഷരാര്‍ഥത്തില്‍ പ്രണയത്തിന്റെ തേന്മഴ പൊഴിക്കുകയാണ്..ഈണങ്ങളെ കെട്ടഴിച്ചുവിട്ട് അതിലേക്ക് ഉചിതമായ ശബ്ദത്തിന്റെ ആലാപനമാധുര്യത്തെ കൂട്ടിക്കലര്‍ത്തുകയായിരുന്നു രതീഷ് വേഗ ആടുപുലിയാട്ടത്തിലെ ഓരോ ഗാനത്തിലും ..പ്രണയത്തിന്റെ മുറ്റത്തേയ്ക്ക് മനസ്സിനെ പറിച്ചുകൊണ്ട് പോകുവാനും പ്രകൃതിയുടെ സംഗീതത്തിലേക്ക് വിസ്മയത്തോടെ നോക്കിയിരിക്കുവാനും വേണ്ട മാന്ത്രികതയും വശ്യതയുമുണ്ട് “വാള്മുനക്കണ്ണിലെ മാരിവില്ലേ”യെന്ന ഗാനത്തിന്..പ്രായത്തിന്റെ വേലിക്കെട്ടുകളെ തന്റെ ശബ്ദസൌകുമാര്യത്തിന്റെ പടിപ്പുരയില്‍ കയറ്റാതിരിക്കാന്‍ എന്നും ശ്രദ്ധിച്ചിരുന്ന ഭാവഗായകന്റെ ഒരിക്കലും സൗരഭ്യം മായാത്ത മറ്റൊരു ഭാവഗീതമാണ് ഈ ഗാനം ..നാട്ടുതാളപ്പൊലിമയും മെലഡിയും സൗരഭ്യം പൊഴിക്കുന്ന ഈ ഗാനത്തിലെ ഓരോ വരികളും പായല്‍ പടര്‍ന്ന വഴികളിലെവിടെയോ നമ്മള് മറന്നുവച്ചൊരാ കുഞ്ഞു പ്രണയത്തെയും ജീവിതതിരക്കിനിടയില് അറിയാതെ മങ്ങിപോകുന്ന സ്നേഹബന്ധത്തെയും ഓര്‍മ്മിപ്പിക്കുന്നു ..
വാള്മുനക്കണ്ണില് മാരിവില്ലിനെ ഒളിപ്പിച്ച ഒരുവള്‍ നിങ്ങളുടെ ജീവിതത്തിലുമില്ലേ? ആ മാരിവില്ലിനെ കട്ടെടുത്തപ്പോള്‍ അവള് ആദ്യാനുരാഗത്തിന്റെ തേന്മഴയായി നിങ്ങളില്‍ പെയ്തുനിറഞ്ഞിട്ടില്ലേ?എത്ര കാല്പനികമാണ് ഓരോ വരികളും …ഇതുവരെയറിയാത്ത നൊമ്പരമെന്‍ ആത്മാവിനാത്മാവില് ഞാനറിഞ്ഞുവെന്നു ഭാവഗായകന് പാടുമ്പോള്‍ ബഹളങ്ങളില്ലാത്ത പ്രണയത്തിന്റെ ഈണങ്ങള്‍ നമ്മുടെ ആത്മാവിലും തിരത്തല്ലുന്നു…അരുവിയായ് പലവഴി അലഞ്ഞതെല്ലാം അഴകേ നിന് അരികിലേയ്ക്കായിരുന്നുവെന്ന വരികള്‍ ഒരുമാത്ര നമ്മുടെ ഹൃദയത്തെ വല്ലാതെ തൊട്ടുതലോടുന്നില്ലേ?ആരോരുമില്ലാതെ നോവുന്ന ആ നൊമ്പരചെമ്പകത്തിനോട് കൂട്ടുകൂടാന്‍ കൊതിക്കുന്ന അവന്റെ ഹൃദയം തരളിതമാക്കാത്ത പെണ്മനമുണ്ടാവുമോ?എരിവെയിലിന്റെ ചൂടില്‍ അവള്‍ക്ക് തണലാകാനും പെരുമഴയില്‍ പീലിക്കുടയാകാനും ഒരുങ്ങുന്ന അവന്റെ അനുരാഗം സ്വന്തമാക്കാന്‍ കഴിഞ്ഞ അവള് എത്രമേല്‍ ഭാഗ്യവതിയാണ് ..കൈതപ്രത്തിന്റെ ഭാവസാന്ദ്രമായ വരികള്‍ക്ക് മെലഡിയുടെ മാന്ത്രികസ്പര്‍ശം കൊണ്ട് ഈണങ്ങള്‍ ഒരുക്കാന്‍ രതീഷ് വേഗയ്ക്ക് കഴിഞ്ഞപ്പോള്‍ മലയാളചലച്ചിത്രഗാനശാഖയില്‍ വിരിഞ്ഞത് അതിമനോഹരമായ ഒരു ചെമ്പനീര്പൂവായിരുന്നു.ആ പൂവിന്റെ സൗരഭ്യത്തെ ഹൃദയത്തില്‍ ചേര്‍ത്തുവയ്ക്കാന്‍ സംഗീതപ്രേമികള്‍ക്ക് എളുപ്പം കഴിഞ്ഞത് ഗൃഹാതുരത്വമുണര്‍ത്തുന്ന പി ജയചന്ദ്രനെന്ന ഗായകന്റെ അനിതരസാധാരണമായ ആലാപനശൈലിക്കൊപ്പം തുടിച്ചുനിന്ന സംഗീതത്തിന്റെ മാരിവില്ല് തന്നെയാണ് …ആ മാരിവില്ലില്‍ പെയ്തിറങ്ങിയത് ഈണങ്ങളുടെ തേന്മഴയായിരുന്നു ..വരികള്‍ക്ക് മേലെയായി സംഗീതത്തെ പെയ്യിക്കാതെ ഓരോ വരിയെയും കുളിരുള്ള മഴത്തുള്ളി പോലെ ഹൃദയത്തില്‍ പെയ്തിറക്കാന്‍ രതീഷ് വേഗയ്ക്ക് കഴിഞ്ഞുവെന്നത് ഈ പ്രതിഭയുടെ സംഗീതമികവിനെ എടുത്തുകാട്ടുന്നു..
ആടുപുലിയാട്ടത്തിലെ എല്ലാ ഗാനങ്ങളും ആലാപനശൈലികൊണ്ടും താളമേളങ്ങള്ക്കൊണ്ടും വരികളിലെ ഭാവതീവ്രതക്കൊണ്ടും ഒന്നിനൊന്നു മികച്ചുനില്‍ക്കുന്നുണ്ട്.റിമി ടോമിയെന്ന ഗായികയുടെ എല്ലാ ഔട്ട്പുട്ടും പുറത്തെടുപ്പിക്കാന്‍ രതീഷ് വേഗയെന്ന സംഗീതസംവിധായകനു കഴിഞ്ഞുവെന്നു തെളിയിച്ചതാണ് റിമിയും നജീമും ചേര്‍ന്നുപാടിയ “ചിലും ചിലും ചില് താളമായ് എന്ന ഗാനം ..”കറുപ്പാന കണ്ണഴകി”യെന്ന രൗദ്രതാളത്തിന്റെ അകമ്പടിയുള്ള തമിഴ്പാട്ട് അങ്ങേയറ്റം മിഴിവോടെ പാടിയിരിക്കുന്നത് മമ്ത മോഹന്‍ദാസാണ്.ഇവിടെ മമ്തയുടെ സ്വരക്കൂട്ടുകളുടെ വ്യത്യസ്ത രുചിമേളങ്ങള്‍ കാണാന്‍ കഴിഞ്ഞിരുന്നു..
ഒരു സംഗീതസൃഷ്ടി ജനകീയമായി മനസ്സുകളെ കീഴടക്കുന്നത് ശ്രോതാക്കളുടെ കാതുകളില്‍ നിന്നും നാവുകളിലേക്ക് അത് പടര്‍ന്നു വ്യാപരിക്കുമ്പോഴാണ്.രതീഷ് വേഗയുടെ ഓരോ ഗാനങ്ങളും അത്തരത്തിലുള്ളവയായിരുന്നു.നീയാം തണലിനു താഴെയും മഴനീര്ത്തുള്ളികളും ഒരു നാവില്‍ നിന്നും പല നാവുകളിലെക്കും വ്യാപിച്ചു ശ്രോതാക്കളുടെ ഹൃദയത്തെ കീഴടക്കിയവയായിരുന്നു..എന്നാല്‍ അവയേക്കാളൊക്കെ ഒരുപടി മുന്നിലാണ് ഇപ്പോഴത്തെ അദ്ദേഹത്തെ ഗാനങ്ങള്‍..ആടുപുലിയാട്ടത്തിലെ “വാള്മുനക്കണ്ണിലെ മാരിവില്ലേ” നാവുകളില്‍ നിന്നും നാവുകളിലൂടെ പടര്‍ന്നുകയറി ആത്മാവിന്റെ ഉള്ളറകളിലേക്കാണ് പ്രവേശിച്ചത് ..”മരുഭൂമിക്കാരന്‍ ആന മലബാറിന് മൊഞ്ചുള്ള ആന”യെന്ന ഗാനമാകട്ടെ നേരിട്ടുചെന്നുകയറിയത് യുവത്വങ്ങളുടെ നെഞ്ചിലേക്കായിരുന്നു ..ചടുലതാളത്തിന്റെ മേളക്കൊഴുപ്പുമായി വന്നെത്തുന്ന ഈ മൊഞ്ചുള്ള ആന ഇനി വരും ദിനങ്ങളില്‍ സംഗീതപ്രേമികള്‍ക്കായി ഒരുക്കുന്നത് ഈണങ്ങളുടെ ആലവട്ടവും താളങ്ങളുടെ വെഞ്ചാമരവും ആലാപനത്തിന്റെ മുത്തുക്കുടയും ദൃശ്യഭംഗിയുടെ പൂരക്കാഴ്ച്ചകളുമായി മറ്റൊരു തൃശൂര്‍പൂരം തന്നെയായിരിക്കും ..ഒപ്പം രതീഷ് വേഗയെന്ന സംഗീതപ്രതിഭയുടെ കയ്യൊപ്പ് ചാര്‍ത്തപ്പെട്ട ഒത്തിരിയൊത്തിരി ഗാനങ്ങളുടെ വര്‍ണ്ണക്കാഴ്ചകളാല്‍ നിറയട്ടെ നമ്മുടെ മലയാള ഗാനശാഖയാകുന്ന തേക്കിന്‍കാട് മൈതാനം …
Post Your Comments