Movie Reviews

അനുരാഗ കരിക്കിന്‍ വെള്ളം

രശ്മി രാധാകൃഷ്ണന്‍

മധുരമൂറുന്ന പ്രണയത്തിന്റെ ഒരു കരിക്കിന്‍ വെള്ളം തന്നെയാണ് പൃഥ്വിരാജിന്റെ ഓഗസ്ത് സിനിമ അവതരിപ്പിയ്ക്കുന്ന അനുരാഗക്കരിക്കിന്‍ വെള്ളം.വളരെ സാധാരണമായ ഒരു കഥയെ രസകരമായ ചേരുവകള്‍ ചേര്‍ത്ത് പ്രേക്ഷകരെ മുഷിപ്പിയ്ക്കാതെ പറഞ്ഞു പോയതിന്റെ ക്രെഡിറ്റ് തിരക്കഥാകൃത്ത് നവീന്‍ ഭാസ്ക്കറിനും സംവിധായകന്‍ ഖാലിദ് റഹ്മാനും ടീമിനുമാണ്.

രണ്ടു തലമുറയിലെ പ്രണയത്തെ കുടുംബബന്ധങ്ങളുടെ പശ്ചാത്തലത്തില്‍ സമകാലിക സംഭവങ്ങളുമായി ചേര്‍ത്ത് വച്ച് റിയലിസ്ടിക് ആയി അവതരിപ്പിച്ചു. ഭാരപ്പെട്ട ഒരു വിഷയമോ സങ്കീര്‍ണ്ണമായ കഥപറച്ചില്‍ രീതിയോ ഒന്നും ഉപയോഗിയ്ക്കാതെ സിനിമാറ്റിക് കോംപ്രമൈസുകള്‍ ഏറ്റവും കുറച്ചുപയോഗിച്ച് രസകരമാക്കിയ ഒരു കൊച്ചുചിത്രം.പ്രേക്ഷകന്‍റെ തലയില്‍ സിനിമയെ കെട്ടിവയ്ക്കാന്‍ ശ്രമിച്ചിട്ടില്ല എന്നര്‍ത്ഥം.ഒരു കരിക്ക് കുടിയ്ക്കുന്ന ലാഘവത്തോടെ സിനിമ കണ്ടിരിയ്ക്കാം.

പോലീസുകാരനായ രഘുവിന്‍റെ കുടുംബമാണ് കഥയുടെ കേന്ദ്രം.ഭാര്യയും രണ്ടു മക്കളും. രഘു ടിപ്പിക്കല്‍ കേരള പോലീസാണ്. വീട്ടില്‍ പോലും മസില്‍ വിടാത്ത, ചിരിയ്ക്കാന്‍ മടിയുള്ള പരുക്കന്‍ .ഭാര്യ സുമ ഉത്തമ കുടുംബിനി.മകന്‍ അഭിലാഷ് പഠനശേഷം ഒന്നിലും ഉറച്ച് നില്‍ക്കാതെ തന്‍റെ ജീവിതത്തേക്കുറിച്ചോ പ്രണയത്തെക്കുറിച്ചോ പ്രത്യേക കാഴ്ചപ്പാടൊന്നുമില്ലാത്ത ഒരു അലസന്‍.ഈ രണ്ടു തലമുറകളുടെ ഇടയിലൂടെ പ്രണയത്തിന്റെ കഥയാണ്‌ പറഞ്ഞത്.രഘുവായി ബിജുമേനോനും സുമയായി ആശാ ശരത്തും അഭിയായി ആസിഫലിയും എത്തുന്നു.
എലി വിളിപ്പേരുള്ള എലിസബത്ത് എന്ന കാമുകിയായി രജീഷ റഹ്മാന്‍ തകര്‍ത്തു ഗംഭീരമാക്കി.ആദ്യത്തെ സിനിമയാണ് എന്ന് പറയിപ്പിയ്ക്കാത്ത വിധം സ്വാഭാവികമായിരുന്നു രജീഷയുടെ പ്രകടനം.ആസിഫ് അലി വളരെ പക്വതയോടെ അഭിലാഷ് എന്ന ചെറുപ്പക്കാരന്റെ ജീവിതത്തിലെ രണ്ടു ഘട്ടങ്ങള്‍ അവതരിപ്പിച്ചു.സൗബിന്‍ ,ശ്രീനാഥ് ഭാസി,സുധീര്‍ കരമന എന്നിവര്‍ അധികപ്രസംഗത്തിന് മുതിരാതെ വേണ്ടിടത്തുമാത്രം പ്രത്യക്ഷപ്പെട്ട് അവരവരുടെ ജോലി വൃത്തിയായി ചെയ്തുപോയി.

സ്വൈര്യം കൊടുക്കാതെ കാമുകനെ പിന്തുടരുന്ന കാമുകിമാര്‍ ധാരാളമുണ്ട്.ചിലപ്പോള്‍ ശല്യമായി തോന്നാമെങ്കിലും ആ സാന്നിദ്ധ്യം ഇല്ലാതാവുമ്പോള്‍ അതിന്‍റെ വില മനസിലാകും.അതുപോലെ തന്നെ കണ്മുന്നില്‍ ഉള്ളതിന്റെ വിലയറിയാതെ പ്രണയവും ജീവിതവും സന്തോഷവുമൊക്കെ തേടി നടന്ന് കാലം നഷ്ടമാക്കുന്നവര്‍ക്കുള്ള ഒരു ഓര്‍മ്മപ്പെടുത്തല്‍ കൂടിയാണ് ഈ ചിത്രം.വീട്ടില്‍ മുഴുവന്‍ സമയവും ഒരു യന്ത്രത്തെപ്പോലെ പണിയെടുക്കുന്ന ഭാര്യയില്‍ പ്രണയിനിയി കണ്ടെത്താന്‍ പറ്റുന്നില്ലെന്ന് പരാതിപ്പെട്ട് പുറത്ത് അത് തേടിപ്പോകുന്നവരുണ്ട്,എന്നാല്‍ ഒന്ന് കൈ നീട്ടിയാല്‍ തൊടാവുന്ന ദൂരത്തില്‍, ഒരു വാക്കിന്‍റെയോ നോക്കിന്റെയോ അകലത്തില്‍ അതുണ്ടാവുകയും ചെയ്യും.ആ വസ്തുത തിരിച്ചറിയുകയും അംഗീകരിയ്ക്കുകയും ചെയ്താല്‍ ജീവിതത്തില്‍ പ്രണയവും തിരിച്ച് വരും എന്ന നല്ല സന്ദേശമാണ് ഈ ചിത്രം.

പ്രശാന്ത് പിള്ള സംഗീതം നല്‍കിയ നല്ല പാട്ടുകളുണ്ട് ചിത്രത്തില്‍ . നല്ല വൃത്തിയായി രൂപപ്പെടുത്തിയ തിരക്കഥ. ആദ്യത്തെ സംരംഭമാണെങ്കിലും അത്യാവശ്യം പണിയറിയാവുന്ന സംവിധായകന്‍.അത്രയ്ക്കും സിമ്പിള്‍ ആണ് ഈ ചിത്രത്തിന്‍റെ വിജയരഹസ്യം.ഒരു കരിക്ക് വെട്ടി വെള്ളം കുടിയ്ക്കുന്ന അത്ര സിംപിളും മധുരമുള്ളതും.
മലയാളത്തനിമയുള്ള തികവും മികവുമുള്ള നല്ല കുടുംബ ചിത്രങ്ങളുടെ മടങ്ങിവരവാകട്ടെ ഈ ചിത്രത്തിന്‍റെ വിജയം തുടങ്ങി വയ്ക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button