
മുംബൈ ● സിനിമകളുടെ സെന്‍സറിംഗിന് ചിത്രങ്ങളുടെ ഡി.വി.ഡി കോപ്പി സ്വീകരിക്കേണ്ടെന്ന് സെന്‍സര്‍ ബോര്‍ഡ് തീരുമാനം. പകരം ഡി.സി.പി (ഡിജിറ്റല്‍ സിനിമ പാക്കേജ്) യില്‍ സമര്‍പ്പിക്കാനാണ് സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. സെന്‍സറിംഗിന് നല്കുന്ന ചിത്രങ്ങള്‍ ചോരുന്നത് തടയാനാണ് പുതിയ തീരുമാനമെന്ന് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്ട്ടിഫിക്കേഷന് ചെയര്മാന് പങ്കജ് നിഹലാനി പ്രസ്താവനയില്‍ അറിയിച്ചു.
അടുത്തിടെ പുതിയ ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പി ഓണ്‍ലൈന്‍ വ്യാപകമായി പ്രചരിച്ചത് വിവാദമായിരുന്നു. ഈ സാഹചര്യത്തിലാണ് സെന്‍സര്‍ ബോര്‍ഡ് ചെയര്മാന് പുതിയ ഉത്തരവ് പുറപ്പെടുവിച്ചത്.

ഹിന്ദി ചിത്രങ്ങളായ ഉഡ്ത പഞ്ചാബ്, ഗ്രാന്‍ഡ് മസ്തി എന്നീ ചിത്രങ്ങളുടെ സെന്‍സര്‍ കോപ്പി ഓണ്‍ലൈന്‍ വഴി ചോര്‍ന്നതിനെ തുടര്‍ന്നാണ് പുതിയ നടപടി. നിര്‍മാതാവിന്റെ കൈയ്യില്‍ നിന്നും ബോര്‍ഡിന് മുമ്പില്‍ സമര്‍പ്പിക്കുന്നത് വരെയുളള ഏത് സമയത്തും കോപ്പി ചോരാന്‍ സാധ്യതയുളളതിനാല്‍ ഇനി മുതല്‍ ഡി.വി.ഡി ബോര്‍ഡ് സ്വീകരിക്കുന്നതല്ലെന്നും പങ്കജ് നിഹലാനി അറിയിച്ചു.
കഴിഞ്ഞവര്‍ഷം മലയാളം ചിത്രം പ്രേമത്തിന്റെ സെന്‍സര്‍ കോപ്പി ചോര്‍ന്നത് മലയാളത്തിലും വന്‍ വിവാദമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരത്തെ റീജിയണല്‍ സെന്‍സര്‍ ബോര്‍ഡ് ഓഫീസില്‍ സെന്‍സറിംഗ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരുന്നു.
Post Your Comments