GeneralNEWS

റമദാന്‍ വ്രതമെടുക്കുന്നത് എന്തിനാണ് : വിവാദത്തിന് തിരി കൊളുത്തി ഇര്‍ഫാന്‍ ഖാന്‍

ജയ്പ്പൂര്‍: റമദാന്‍ വ്രതമെടുക്കുന്നതിന് മുമ്പ് വിശ്വാസികള്‍ സ്വയം ആത്മപരിശോധന നടത്തണമെന്ന് ബോളിവുഡ് നടന്‍ ഇര്‍ഫാന്‍ ഖാന്‍. മുഹ്‌റത്തിനിടയിലെ ബലിദാനത്തിന്റെ പേരില്‍ മൃഗങ്ങളെ അറക്കുന്നതിനെതിരെ അദ്ദേഹം രൂക്ഷമായി പ്രതികരിച്ചു. നമുക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നിന് വേണ്ടി ത്യാഗം ചെയ്യുക എന്നതാണ് മുഹ്‌റത്തിന്റെ ഇടയിലുള്ള കുര്‍ബാനി കൊണ്ട് അര്‍ത്ഥമാക്കുന്നത്. ആടിനേയും പശുവിനേയും കൊല്ലുക എന്ന് അതിനര്‍ത്ഥമില്ലെന്നും ഇര്‍ഫാന്‍ ഖാന്‍ പറഞ്ഞു. നമ്മള്‍ മുസ്‌ലീങ്ങള്‍ മുഹ്‌റത്തെ പരിഹസിക്കുകയാണ്. അനുശോചിക്കുന്നതിന് പകരം ആഘോഷിക്കുകയാണെന്ന് അദ്ദേഹം പറഞു. ഇര്‍ഫാന്‍ ഖാന്റെ പുതിയ ചിത്രം മദാരിയുടെ പ്രചാരണവുമായി ബന്ധപ്പെട്ട് ജയ്പ്പൂരിലെത്തിയപ്പോഴായിരുന്നു താരത്തിന്റെ പരാമര്‍ശം.

മതാചാരപ്രകാരമുള്ള ആഘോഷങ്ങളുടേയും ചടങ്ങുകളുടേയും പിന്നിലുള്ള ശരിയായ സന്ദേശം മനസിലാക്കാതെ അന്ധമായി മതത്തെ പിന്തുടരുന്നവരാണ് ഭൂരിപക്ഷം പേരും. മുസ്‌ലിം നേതാക്കളേയും ഇര്‍ഫാന്‍ ഖാന്‍ വിമര്‍ശിക്കുന്നുണ്ട്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ നേതാക്കള്‍ ആരും ശബ്ദമുയര്‍ത്തുന്നില്ല, ഇതെന്തുകൊണ്ടാണെന്ന് ജനങ്ങള്‍ രാഷ്ട്രീയ നേതാക്കളോട് ചോദിക്കണമെന്നും ഇര്‍ഫാന്‍ ഖാന്‍ ആവശ്യപ്പെട്ടു.ഇര്‍ഫാന്‍ ഖാന്റെ പ്രസ്താവനക്കെതിരെ വിവിധ മുസ്‌ലിം സംഘടനകള്‍ രംഗത്തു വന്നിട്ടുണ്ട്. ഇസ്‌ലാം മതത്തെ കുറിച്ച് ഇര്‍ഫാന്‍ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും അഭിനയത്തില്‍ ശ്രദ്ധിച്ചാല്‍ മതിയെന്നും ജമാ അത്തെ ഉല്‍മ ഹിന്ദ് നേതാവ് മൗലാനാ അബ്ദുള്‍ വാഹിദ് ഖത്രി പറഞ്ഞു.

അതേസമയം പ്രസ്താവന വിവാദമായതിനെ തുടര്‍ന്ന് വിശദീകരണവുമായി നടന്‍ രംഗത്തെത്തിയിട്ടുണ്ട്. തന്റെ അഭിപ്രായത്തെ പൂര്‍ണമായ അര്‍ത്ഥത്തില്‍ മനസിലാക്കണമെന്ന് ഇര്‍ഫാന്‍ ഖാന്‍ ആവശ്യപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button