53 വര്‍ഷം നീണ്ട ജീവിതത്തില്‍ എണ്ണൂറിലധികം സിനിമകളില്‍ അഭിനയ വിസ്മയം തീര്‍ത്ത അപൂര്‍വ അഭിനേത്രിയായിരുന്നു ശ്രീവിദ്യ. ചെറുപ്പം മുതല്‍ സംഗീതത്തിന്റെയും നൃത്തത്തിന്റെയും ലോകത്ത് വളര്‍ന്ന ശ്രീവിദ്യ പതിമൂന്നാം വയസ്സില്‍ തിരുവുള്‍ ചൊല്വര് എന്ന തമിഴ് സിനിമയിലെ ചെറിയ ഒരു റോളിലൂടെ വെള്ളിത്തിരയിലെത്തി. അമ്പലപ്രാവ് എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്തില്‍ മാത്രം അഭിനയിച്ച മനോഹരമായ കണ്ണുകളുള്ള ഈ പെണ്‍കുട്ടി പെട്ടെന്നു ശ്രദ്ധിക്കപ്പെട്ടു.
1969ല്‍ എന്‍. ശങ്കരന് നായര്‍ സംവിധാനം ചെയ്ത ചട്ടമ്പിക്കവല എന്ന ചിത്രത്തില്‍ ആദ്യമായി സത്യന്റെ നായികയായി ശ്രീവിദ്യ മലയാള സിനിമയില്‍ തുടക്കം കുറിച്ചു. അംബ അംബിക അംബാലികയിലെ വേഷവും ശ്രദ്ധിക്കപ്പെട്ടു. കര്‍ണാടിക് സംഗീതജ്ഞ എം. എല്‍ വസന്തകുമാരിയുടേയും തമിഴ് ഹാസ്യനടന് കൃഷ്ണമൂര്ത്തിയുടേയും മകളായിട്ട് ജനിച്ച ശ്രീവിദ്യ അഭിനയത്തിലും സംഗീതത്തിലും നിറഞ്ഞു നിന്നു.
‘ഞാന്‍ കണ്ടതില്‍ ഏറ്റവും സുന്ദരിയായ സ്ത്രീയായിരുന്നു ശ്രീവിദ്യ. വര്‍ണിക്കാനാവാത്ത ഒരു പ്രത്യേകതരം സൗന്ദര്യം ശ്രീവിദ്യയിലുണ്ട്. വെല്ലുവിളി ഉയര്‍ത്തുന്ന ഏത് കഥാപാത്രങ്ങളും നിസാരമായി അഭിനയിച്ചു ഫലിപ്പിക്കാനുള്ള കഴിവും അവരിലുണ്ടായിരുന്നു’- പ്രശസ്ത സംവിധായകന് കെ ജി ജോര്‍ജ് ഒരിക്കല്‍ ശ്രീവിദ്യയെ കുറിച്ച് പറഞ്ഞു.
ചെണ്ട, ഉത്സവം, തീക്കനല്‍, ഇടവഴിയിലെ പൂച്ച മിണ്ടാപ്പൂച്ച, വേനലില്‍ ഒരു മഴ, ആദാമിന്റെ വാരിയെല്ല്, എന്റെ സൂര്യപുത്രിക്ക് തുടങ്ങിയ നൂറുകണക്കിന് ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചു. ഒപ്പം സൊല്ലത്താന്‍, നിനക്കിറേന്‍, അപൂര്‍വരാഗങ്ങള്‍ എന്നീ ചിത്രങ്ങളില്‍ അഭിനയിച്ചതോടെ തമിഴിലും തന്റേതായ ഇടം ശ്രീവിദ്യ കണ്ടുപിടിച്ചു. മലയാളം, കന്നട, തമിഴ്, ഹിന്ദി എന്നിവ ഉള്‍പ്പെടെ ആറോളം ഭാഷകളിലെ ചിത്രങ്ങളില്‍ ശ്രീവിദ്യ അഭിനയിച്ചിട്ടുണ്ട്. അയലത്തെ സുന്ദരി എന്ന ചിത്രത്തിലൂടെ ചലച്ചിത്ര പിന്നണി ഗായികയുമായി അവര്‍. ഒരു പൈങ്കിളിക്കഥയിലെ ശ്രീവിദ്യ പാടിയ ഗാനം അവിസ്മരണീയമാണ്. നക്ഷത്രത്താരാട്ട് എന്ന ചിത്രത്തിലും പിന്നണി ഗായികയായി .
2006 ഒക്ടോബര്‍ 19 നായിരുന്നു മലയാളത്തിന്റെ സ്വന്തം ശ്രീവിദ്യ കാന്‍സര്‍ എന്ന രോഗത്തിന് മുന്നില്‍ കീഴടങ്ങുന്നത്. ഈ പതിനഞ്ചു വര്‍ഷം പിന്നിടുമ്പോഴും അവരുടെ ഓര്‍മ്മകള്‍ സജീവമായി നില്ക്കുന്നു.നല്ല തിരക്കഥകള്‍ തിരഞ്ഞെടുക്കുന്ന ശ്രീവിദ്യയുടെ അഭിനയ ജീവിതം പോലെ അത്ര സുഖകരമായിരുന്നില്ല ജീവിതം. കാന്‍സറിന് കീഴടങ്ങിയെങ്കിലും അഭിനയിച്ച ചിത്രങ്ങളിലൂടെ ശ്രീവിദ്യ എന്നും ഓര്‍മ്മിക്കപ്പെടും.
Post Your Comments