ഒരു തുന്നൽക്കാരനായി തുടങ്ങി മലയാളത്തിലെ മികച്ച നടന്മാരുടെ നിരയിലേക്ക് നടന്നുകയറിയ ഇന്ദ്രൻസ് ജീവിതത്തെക്കുറിച്ച് പറയുന്നു, ഞാൻ സ്വപ്നം കണ്ടതിലും അപ്പുറമാണ് ഈശ്വരൻ ഇപ്പോൾ എനിക്ക് തന്നുകൊണ്ടിരിക്കുന്നത്.മക്കളെല്ലാം പഠിച്ചു വലിയ നിലയിൽ എത്തണമെന്ന് അച്ഛനും അമ്മയ്ക്കും വലിയ ആഗ്രഹമായിരുന്നു.പക്ഷേ ജീവിത സാഹചര്യങ്ങൾ അത് അനുവദിച്ചില്ല. നാലാം ക്ലാസിൽ പഠനം നിറുത്തി .കുട്ടിക്കാലത്ത് തന്നെ അപ്പു മാമന്റെ തുന്നൽക്കടയിൽ ജോലിക്ക് കയറുകയായിരുന്നു.
അന്നൊക്കെ ജോലി കഴിഞ്ഞ് കൃത്യ സമയത്തു വീട്ടിൽ എത്തിയില്ലെങ്കിൽ അച്ഛന്റെ വക ശിക്ഷ ഉറപ്പാണ്. എന്നാലും അതിനിടയിൽ ഇല്ലാത്ത സമയമുണ്ടാക്കി ഞാൻ നാടക റിഹേഴ്സലിനും സിനിമ കാണാനുമൊക്കെ പോയിരുന്നു.വൈകിയെത്തുന്ന സമയങ്ങളിൽ അച്ഛന്റെ ശിക്ഷയിൽ നിന്നു അമ്മ രക്ഷിച്ചു. ഞാൻ അഭിനയിച്ച ഒരു നാടകത്തിന്റെ റിഹേഴ്സൽ കാണാൻ ഒരിക്കൽ അച്ഛൻ വന്നു. അതിനു ശേഷം സിനിമയ്ക്കുപോകുമ്പോഴും നാടക റിഹേഴ്സലിന് പോകുമ്ബോഴുമൊന്നും അച്ഛൻ വഴക്കുപറഞ്ഞിട്ടേയില്ല, രാത്രിയിൽ ഞാൻ വരാൻ വൈകിയാൽ അച്ഛൻ സൈക്കിളുമായി വഴിയിൽ കാത്തു നിൽക്കുമായിരുന്നു. പിന്നീട് കലാരംഗത്തുള്ള എന്റെ ഓരോ വളർച്ചയിലും സന്തോഷിച്ചുകൊണ്ട് അച്ഛൻ കൂടെത്തന്നെയുണ്ടായിരുന്നു. അവാർഡ് കിട്ടിയതറിഞ്ഞു അമ്മയ്ക്ക് വലിയ സന്തോഷമായിരുന്നു.
മിക്കവാറും, ഞാൻ തന്നെ ചെയ്യേണ്ട ഒരു മികച്ച കഥാപാത്രമുണ്ടെന്നു പറഞ്ഞു പലരും എന്നെ വിളിക്കാറുണ്ട്. അപ്പോഴെല്ലാം ഉള്ളിൽ ഭയമാണ്. കാരണം എന്റെ ഈ ആകാരവടിവൊക്കെ വച്ച് അഭിനയിക്കുന്നതിനൊക്കെ ഒരു പരിധിയില്ലേ. അതുകൊണ്ടു തന്നെ വളരെ സൂക്ഷിച്ചാണ് അത്തരം കഥാപാത്രങ്ങളെ തിരഞ്ഞെടുക്കുന്നത്. ഒരുപാട് പരിമിതികളുള്ള നടനാണ് ഞാൻ.കൃത്യമായ കൈകളിൽ എത്തിപ്പെട്ടില്ലെങ്കിൽ ആർക്കും പ്രയോജനമില്ലാത്ത അവസ്ഥയാകും. മുൻപ് പലതവണ മികച്ച കഥാപാത്രങ്ങൾ ചെയ്തിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വേറിട്ട് ഒരു വേഷമാണ് ആളൊരുക്കത്തിലെ പപ്പു പിഷാരടി എന്ന് പറയാം.
കൂടാതെ എഴുത്തുകാരനും പത്രപ്രവർത്തകനുമായ വി.സി . അഭിലാഷ് ആണ് ആളൊരുക്കത്തിന്റെ സംവിധായകൻ. അഭിലാഷ് കഥപറഞ്ഞപ്പോൾ തന്നെ എനിക്ക് വലിയ ഇഷ്ടമായി .പക്ഷേ ഓട്ടൻ തുള്ളൽ ഒക്കെ പഠിക്കണമെന്ന് പറഞ്ഞപ്പോൾ അല്പം പേടിച്ചു., എന്നാലും സംവിധായകന്റെ നിർദ്ദേശങ്ങൾ അനുസരിച്ച് എല്ലാം കൃത്യമായി ചെയ്താൽ ഈ കഥാപാത്രം ഒരുപാട് ബഹുമതികൾ നേടിത്തരുമെന്നു ആരോ ഉള്ളിലിരുന്നു പറയുന്നതുപോലെ തോന്നി. അഭിലാഷിന്റെ സുഹൃത്തുക്കളായ കലാമണ്ഡലം നാരായണൻ, കലാമണ്ഡലം നിഖിൽ എന്നീ ഓട്ടൻതുള്ളൽ കലാകാരന്മാരാണ് തുള്ളൽ പഠിപ്പിച്ചത്. ഇതുവരെ അത്തരത്തിലുള്ള നൃത്തസംബന്ധമായ ഒരു കലാരൂപവും അഭ്യസിച്ചിട്ടില്ലാത്തതുകൊണ്ട് ശരീരവഴക്കത്തിനായി ഒരുപാട് കഷ്ടപ്പെട്ടു, ചുരുങ്ങിയ ദിവസങ്ങൾ കൊണ്ടു തെറ്റില്ലാത്ത രീതിയിൽ ഓട്ടൻ തുള്ളൽ പഠിച്ചെടുത്തു എന്ന് പറയാം..
മൺറോ തുരുത്തിലും പാതിയിലുമൊക്കെ അവാർഡ് ലഭിക്കുമെന്ന് പലരും പറഞ്ഞിരുന്നു . എല്ലാവരും അങ്ങനെപറഞ്ഞതുകൊണ്ട് എനിക്കും ചെറിയ ചില പ്രതീക്ഷയൊക്കെയുണ്ടായിരുന്നു. പക്ഷെ അപ്പോഴൊന്നും കിട്ടിയില്ല. ഓരോ വർഷത്തെയും ജൂറിയുടെ ഇഷ്ടങ്ങൾക്കനുസരിച്ചല്ലേ അവാർഡ് നിശ്ചയിക്കുന്നത് . എല്ലാത്തിനും അതിന്റേതായ ഒരു സമയമുണ്ടെന്നു പറയുന്നത് എത്ര ശരിയാ. പിന്നെ വൈകുന്തോറും എന്നിലെ നടൻ ഒരുപാട് പാകപ്പെട്ടു വരുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്.
ഭരതന്റെയും പത്മരാജന്റെയും അരവിന്ദന്റെയുമൊക്കെ സിനിമകൾ ഉണ്ടായിരുന്നു. എന്നാൽ അവരുടെയെല്ലാം വേർപാടോടെ അത്തരം ചിത്രങ്ങൾ ഇല്ലാതെയായി. പിന്നീട് നിറമുള്ള സിനിമകൾ മാത്രമായി. എന്നാൽ ഈ അടുത്തകാലത്തായി കലാമൂല്യമുള്ള ചില നല്ല ചിത്രങ്ങളും സംവിധായകരും ഉണ്ടാവുന്നുണ്ട് . നായകസങ്കല്പങ്ങളെ ഒക്കെ മാറ്റിമറിച്ച അവാർഡുകൾ പണ്ടും ഇവിടെയുണ്ടായിരുന്നു . അങ്ങനെയാണ് അച്ചൻ കുഞ്ഞിനും ഭാരത്ഗോപിക്കും പ്രേംജിക്കും തിലകനുമൊക്കെ മികച്ച നടനുള്ള അവാർഡ് ലഭിക്കുന്നത്. അഭിനേതാവിന്റെ നിറവും സൗന്ദര്യവും നോക്കാതെ കഴിവിനെ മാത്രം അളന്നുതൂക്കി അവാർഡ് നൽകുമ്ബോഴാണ് എന്നെപ്പോലെയുള്ള കലാകാരന്മാർക്ക് സന്തോഷമാകുന്നത്.
സിനിമാ നടന്റെ ഒരു കെട്ടുകാഴ്ചയും എനിക്കിഷ്ടമല്ല. സിനിമയിൽ അഭിനയിക്കാൻ മാത്രമേ ഇഷ്ടപ്പെടുന്നുള്ളൂ. ജീവിതത്തിൽ ഇപ്പോഴും ആ പഴയ തുന്നൽക്കാരൻ സുരേന്ദ്രൻ തന്നെ. പുറത്തിറങ്ങുമ്ബോൾ വേണമെങ്കിൽ സിനിമാനടന്റെ ജാഡയൊക്കെ കാണിച്ച് ഗൗരവഭാവത്തിൽ ആളുകളോട് സംസാരിക്കാം ,പക്ഷേ അങ്ങനെ സംസാരിച്ചാൽ ഞാൻ മറ്റാരോ ആയതുപോലെ തോന്നും. അത്തരം മുഖാവരണങ്ങൾ എടുത്തണിയാൻ ഇഷ്ടപ്പെടുന്നില്ല. ഇല്ലായ്മകളിലൂടെ വളർന്നു വന്നയാളാണ് . ആ ഞാൻ എങ്ങനെയാണ് സിനിമാക്കാരന്റെ പത്രാസ് കാണിക്കുന്നത്. ഉത്സവപ്പറമ്ബിൽ പോകുമ്പോഴും ട്രെയിൻ യാത്രയ്ക്കിടയിലുമെല്ലാം ലഭിക്കുന്ന അനുഭവങ്ങൾ ഞാൻ പരമാവധി ആസ്വദിക്കാറുണ്ടെന്നും താരം വ്യക്തമാക്കി.
Post Your Comments