കേന്ദ്രസര്‍ക്കാരിനെതിരേ ഗുരുതര ആരോപണങ്ങളുമായി പഹ്ലജ് നിഹലാനി രംഗത്ത്. കാലാവധി കഴിയുംമുന്പേ സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാന്‍സ്ഥാനത്തുനിന്നു പുറത്താക്കപ്പെട്ട വ്യക്തിയാണ് പഹ്ലജ് നിഹലാനി. ചെയര്മാന് സ്ഥാനത്ത് നിഹലാനി ഉണ്ടായിരുന്ന കാലത്ത് സെന്‍സര്‍ ബോര്‍ഡ് വലിയ വിവാദത്തില്‍ ആയിരുന്നു. ചിത്രങ്ങള്‍ക്ക് മേല്‍ അനാവശ്യ നിയന്ത്രണം ചെലുത്തി ആവിഷ്കാര സ്വാതന്ത്ര്യത്തില്‍ കൈകടത്തുന്നുവെന്നു ധാരാളം വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വിമര്‍ശനങ്ങള്‍ക്ക് കാരണം കേന്ദ്ര സര്‍ക്കാര്‍ ആണെന്നാണ് നിഹലാനിയുടെ വെളിപ്പെടുത്തല്‍.
താന്‍ അധികാരത്തില്‍ ഉണ്ടായിരുന്ന കാലത്ത് ചില സിനിമകള്‍ക്കെതിരേ നടപടിയെടുക്കാന്‍ കേന്ദ്രസര്‍ക്കാരില്‍നിന്നു വലിയ സമ്മര്‍ദമുണ്ടായെന്നു അദ്ദേഹം ആരോപിക്കുന്നു. കബീര്‍ ഖാന് സംവിധാനം ചെയ്ത് സല്മാന്ഖാന് നായകവേഷത്തിലെത്തിയ ‘ബജ്റംഗി ഭായ്ജാന്’ ഈദിന് റിലീസ് ചെയ്യാന്‍ അനുവദിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തില്‍നിന്ന് അറിയിപ്പു ലഭിച്ചെന്നു പഹ്ലജ് നിഹലാനി വെളിപ്പെടുത്തി. ഇതിനു പിന്നില്‍ ആര്‍എസ്എസിന്റെ ഹിന്ദുത്വ അജന്ഡയാണോയെന്നു സംശയിക്കുന്നതായും യുട്യൂബ് ചാനലായ ലാഹ്റന് ടിവിക്കു നല്കിയ അഭിമുഖത്തില്‍ നിഹലാനി പറഞ്ഞു. കൂടാതെ പഞ്ചാബിലെ മയക്കുമരുന്ന് മാഫിയയെക്കുറിച്ചു പ്രതിപാദിച്ച അഭിഷേക് ചൗബേ ചിത്രം ‘ഉഡ്താ പഞ്ചാബി’ന് അനുമതി നല്കാതിരിക്കാന് ഒരു കേന്ദ്രമന്ത്രാലയംതന്നെ സമ്മര്‍ദം ചെലുത്തിയെന്നും നിഹലാനി വെളിപ്പെടുത്തി.
ബോര്‍ഡ് ചെയര്‍മാനായിരുന്ന കാലത്തു പ്രതിലോമകരമായ നിലപാടുകളുടെ പേരില്‍ തന്നെ ഏറ്റവുമധികം വിമര്‍ശിച്ച സംവിധായകന് അനുരാഗ് കാശ്യപിനെക്കുറിച്ചും അദ്ദഹം വിമര്‍ശനം ഉന്നയിച്ചു. “”തിയേറ്ററില്‍ ഓടില്ലെന്നുറപ്പുള്ള തന്റെ ചിത്രങ്ങളുടെ മാര്‍ക്കറ്റിംഗിന് വേണ്ടിയാണ് അനുരാഗ് സെന്‍സര്‍ ബോര്‍ഡിനെച്ചൊല്ലി വിവാദങ്ങളുണ്ടാക്കിയത്.”തന്നെ പുറത്താക്കിയതിനു പിന്നില്‍ കേന്ദ്ര വാര്‍ത്താവിതരണ മന്ത്രി സ്മൃതി ഇറാനിക്കു പങ്കുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ഇന്ദിരാഗാന്ധിയുടെയും മകന് സഞ്ജയ് ഗാന്ധിയുടെയും ജീവിതംപറഞ്ഞ ‘ഇന്ദു സര്‍ക്കാര്‍’ എന്ന ചിത്രത്തിനു കട്ടുകളില്ലാതെ അനുമതി നല്‍കണമെന്നു സ്മൃതി ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാല്‍, മാര്ഗരേഖകള്ക്കനുസരിച്ചു ചരിത്രം വളച്ചൊടിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കണമെന്നു മാത്രമാണു താന്‍ നിര്‍ദേശിച്ചതെന്നും നിഹലാനി കൂട്ടിച്ചേര്‍ത്തു.
Post Your Comments