CinemaGeneralIndian CinemaLatest NewsMollywoodMovie GossipsNEWSWOODs

‘കടുവ’യിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തും: വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍

കൊച്ചി: ഷാജി കൈലാസിന്റെ സംവിധാനത്തിൽ പൃഥ്വിരാജ് നായകനായ ‘കടുവ’ എന്ന ചിത്രത്തിലെ ഭിന്നശേഷിക്കാര്‍ക്കെതിരെയുള്ള ഡയലോഗില്‍ മാറ്റം വരുത്തുമെന്ന് വ്യക്തമാക്കി അണിയറ പ്രവര്‍ത്തകര്‍. സീന്‍ കട്ട് ചെയ്യാതെ ഡയലോഗ് മാത്രം മാറ്റം വരുത്താനുള്ള ശ്രമം ആരംഭിച്ചതായി അണിയറ പ്രവര്‍ത്തകര്‍ വ്യക്തമാക്കി. സിനിമയിലെ രംഗത്തിനെതിരെ രൂക്ഷമായ വിമർശനമാണ് ഉയർന്നത്.

വിവാദ രംഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താൻ ചിത്രത്തിന്റെ അണിയറ പ്രവർത്തകർ തീരുമാനിച്ചത്. സിനിമയുടെ പല ഭാഗങ്ങളിലും സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടെങ്കിലും ഈ സംഭാഷണത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെട്ടിരുന്നില്ലെന്നും അതിനാലാണ് ഈ ഡയലോഗോടുകൂടി സിനിമ പുറത്തിറക്കിയതെന്നുമാണ് അണിയറ പ്രവര്‍ത്തകർ നേരത്തെ നൽകിയ വിശദീകരണം.

‘ആ സംഭാഷണം സിനിമയില്‍ ഉള്ളിടത്തോളം ആ തെറ്റ് തിരുത്തപ്പെടുന്നില്ല’: കുറിപ്പ്

ചിത്രത്തിൽ ഭിന്നശേഷിക്കാരെ അവഹേളിച്ചെന്ന പരാതിയില്‍ സംവിധായകന്‍, നിര്‍മ്മാതാക്കളായ സുപ്രിയ മേനോന്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍ എന്നിവര്‍ക്ക് നോട്ടീസ് അയയ്ക്കാന്‍ സംസ്ഥാന ഭിന്നശേഷി കമ്മിഷണര്‍ എസ്.എച്ച്. പഞ്ചാപകേശന്‍ ഉത്തരവിട്ടിരുന്നു. ഭിന്നശേഷിക്കാരായ കുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അര്‍ത്ഥത്തില്‍, ചിത്രത്തിലെ നായകന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിരിക്കുന്നത്, 2016ലെ ഭിന്നശേഷി അവകാശ നിയമം 92വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് പരാതി നല്‍കിയിട്ടുള്ളത്.

അതേസമയം, വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി സംവിധായകൻ ഷാജി കൈലാസും, നടൻ പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. സിനിമയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തേക്കുറിച്ച് നായക കഥാപാത്രം നടത്തുന്ന വിവാദ ഡയലോഗ്, കൈപ്പിഴയാണെന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചത്. എന്നാൽ, ക്ഷമ പറഞ്ഞതുകൊണ്ട് മാത്രം വിഷയം അവസാനിക്കുന്നില്ലെന്നും പ്രസ്തുത ഭാഗം ചിത്രത്തിൽ നിന്നും നീക്കം ചെയ്യണമെന്നും നിരവധിപ്പേർ ആവശ്യപ്പെട്ടു.

 

shortlink

Related Articles

Post Your Comments


Back to top button