GeneralLatest NewsNEWS

ഈ മാസം 25 മുതൽ തിയേറ്ററുകൾ പ്രവർത്തിക്കാൻ അനുമതി: നിബന്ധനകൾ ബാധകം, പൂർണ്ണമായും തുറക്കുന്നതിന് അവ്യക്തത

ഈ മാസം 25 മുതൽ സംസ്ഥാനത്തെ സിനിമാ തിയേറ്ററുകൾക്ക് പ്രവർത്തനാനുമതി നൽകി സർക്കാർ. അമ്പത് ശതമാനം പ്രേക്ഷകരെ അനുവദിച്ചും എ.സി. പ്രവർത്തിപ്പിച്ചും പ്രവർത്തിക്കാൻ അനുവദിച്ചിട്ടുണ്ട്. സെക്കൻഡ് ഷോ നടത്താനും അനുമതി നൽകിയിട്ടുണ്ട്. രണ്ട് കൊവിഡ് വാക്സിനുകളും എടുത്തവർക്കു മാത്രമെ പ്രവേശനാനുമതിയുള്ളു. തിയറ്ററുകൾ തുറക്കുന്നതിനുള്ള വിശദമായ മാർഗ്ഗരേഖ ഉടൻ പുറത്തിറക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു.

എന്നാൽ, രണ്ട് വാക്സിനും എടുത്തിരിക്കണമെന്ന സർക്കാർ നിബന്ധന ഉള്ളിടത്തോളം തിയറ്ററുകളിൽ കൂടുതൽ പ്രേക്ഷകർ എത്തില്ലെന്നാണ് തിയറ്റർ ഉടമകളുടെ വാദം. ഭക്ഷണശാലകളിൽ പതിനെട്ട് വയസ്സിൽ താഴെയുള്ളവർക്ക് പ്രവേശനം അനുവദിച്ചത് പോലെ തിയേറ്ററുകളിലെ പ്രവേശനത്തിന്റെ കാര്യത്തിൽ വ്യക്തതയില്ല. നിബന്ധനകൾക്ക് വിധേയമായതിനാൽ 25 മുതൽ തിയറ്ററുകൾ പൂർണ്ണമായും പ്രവർത്തിപ്പിക്കാൻ ഉടമകൾ തയ്യാറാകുമോയെന്ന കാര്യത്തിൽ വ്യക്തതയില്ല. സംസ്ഥാനത്ത് സമ്പൂർണ്ണ വാക്സിൻ വിതരണം പൂർത്തീകരിച്ചിട്ടില്ല. അതിനാൽ തന്നെ രണ്ട് വാക്സിൻ വേണമെന്ന തീരുമാനം യുവാക്കളെ അകറ്റുമെന്ന ആശങ്കയുമുണ്ട്.

വൈദ്യുതി ഫിക്സഡ് ചാർജ്ജും വിനോദ നികുതിയും ഒഴിവാക്കുന്ന കാര്യത്തിൽ ഒരു തീരുമാനം വേണമെന്ന് തിയറ്റർ ഉടമകൾ ആവശ്യപ്പെട്ടിട്ടുണ്ട്. കൂടാതെ കേരള ബാങ്കിൽ നിന്ന് രണ്ട് വർഷത്തേക്ക് പലിശരഹിത വായ്പ നൽകണമെന്ന ആവശ്യവും ചലച്ചിത്ര മേഖല മുന്നോട്ടു വച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഉടൻ തന്നെ സർക്കാർ ചർച്ചയ്ക്കു തയ്യാറാകുമെന്ന പ്രതീക്ഷയിലാണ് ചലച്ചിത്ര പ്രവർത്തകർ.

 

shortlink

Post Your Comments


Back to top button