Latest NewsIndiaDevotional

ജീവിത തടസ്സങ്ങളകറ്റാൻ വിരാലിമലയിലെ ആറുമുഖ സ്വാമി

തിരുച്ചിറപ്പള്ളിയില്‍നിന്ന് 25 കിലോമീറ്റര്‍ അകലെ വിരാലിമലയിലെ കുന്നിന്‍ മുകളിലാണ് ആറുമുഖനായ ഷണ്മുഖസ്വാമിയുടെ ക്ഷേത്രം. വളരെ അകലെ നിന്നുതന്നെ ക്ഷേത്രം കാണാന്‍ കഴിയും. നഗരമധ്യത്തില്‍ തന്നെയാണ് മല. അതുകൊണ്ട് ക്ഷേത്രം സ്ഥിതിചെയ്യുന്ന നഗരവും വിരാലിമല എന്നറിയപ്പെടുന്നു. പുതുക്കോട്ടൈ ജില്ലയിലാണ് ഈ ക്ഷേത്രം. വിഘ്നങ്ങളകറ്റാന്‍ വിരാലിമലയിലെ മുരുകനെ ഉപാസിച്ചാല്‍ മതിയെന്നാണ് പറഞ്ഞുവരാറുള്ളത്.

ആറുമുഖങ്ങളും പന്ത്രണ്ട് കൈകളുമുള്ള ഷണ്‍മുഖന്‍ സ്വന്തം വാഹനമായ മയിലിന് മീതെ ഇരിക്കുന്ന രൂപത്തിലാണ് ഇവിടത്തെ പ്രതിഷ്ഠ. പത്നിമാരായ വള്ളിയും ദേവയാനിയും ഷണ്മുഖനൊപ്പമുണ്ട്. മഹര്‍ഷിമാരും സിദ്ധന്മാരും മറ്റും വൃക്ഷരൂപത്തില്‍ ഈ മലയില്‍ നിന്നുകൊണ്ട് ഷണ്മുഖനെ വണങ്ങുന്നതായാണ് പറയപ്പെടുന്നത്.

ശിവനും ബ്രഹ്മാവും തമ്മിലുള്ള തര്‍ക്കം മൂത്ത് കലഹമായി. കോപാവേശത്താല്‍ ശിവന്‍ ബ്രഹ്മാവിന്റെ അഞ്ചുതലകളില്‍ ഒന്ന് പറിച്ചെറിഞ്ഞു. പരമശിവന്റെ ഈ കൃത്യത്തെ ബ്രഹ്മാവിന്റെ പുത്രനായ നാരദന്‍ അപലപിക്കവെ ശിവന്‍ നാരദനെയും ശപിച്ചു. പശ്ചാത്താപ വിവശനായ നാരദന്‍ തനിക്ക് ശാപമോചനത്തിനായുള്ള മാര്‍ഗം നിര്‍ദ്ദേശിക്കണമെന്ന് അപേക്ഷിച്ചു. വിരാലിമലയിലെത്തി മുരുകനെ ദര്‍ശിക്കുന്നതോടെ ശാപമോചനം കിട്ടുമെന്ന് ശിവന്‍ അറിയിച്ചു.

അതനുസരിച്ച്‌ നാരദമഹര്‍ഷി വിരാലിമലയിലെത്തി മുരുകനെ നമസ്കരിച്ച്‌ ശാപമോചനം നേടി. വസിഷ്ഠമഹര്‍ഷിയും പത്നിയായ അരുന്ധതീ ദേവിയും ഇവിടെയെത്തി മുരുകനെ നമസ്കരിച്ച്‌ ശാപമോചനം നേടിയതായും പറയപ്പെടുന്നു.ഈ നിബിഡവനത്തില്‍ മയിലുകളെയും ധാരാളമായി കാണാം. ഇരുനൂറ്റി ഏഴ് പടികള്‍ കയറിവേണം വിരാലിമലയുടെ മുകളിലെത്തി ഷണ്മുഖനെ ദര്‍ശിക്കാന്‍. ക്ഷിപ്രപ്രസാദിയായ മുരുകന്‍ ഭക്ത ഇംഗിതങ്ങള്‍ എളുപ്പം നിറവേറ്റിക്കൊടുക്കുന്നു. ആറ് പൂജകളാണ് ഇവിടെ പതിവ്.

പാല്‍, പഴം, പഞ്ചാമൃതം എന്നിവ കൂടാതെ ചുരുട്ടും നിവേദ്യമാണെന്നതാണ് പ്രത്യേകത. കറുപ്പമുത്തു എന്ന ഒരു ഭക്തന്‍ ശക്തമായ മഴയിലും തണുപ്പിലും നിന്ന് മോചനം നേടാന്‍ ചുരുട്ടുവലിച്ചു, ഭഗവാന് നിവേദ്യമായി ചുരുട്ട് സമര്‍പ്പിക്കുകയും ചെയ്തു. രാജാവ് അത് വിലക്കിയെങ്കിലും സ്വപ്നദര്‍ശനത്തില്‍ മുരുകന്‍ ഭക്തനെ തടയരുതെന്നാവശ്യപ്പെട്ടു. ഭക്തിയും ഉപാസനയുമാണ് പ്രധാനം, നിവേദ്യ വസ്തുവല്ല എന്ന് വ്യക്തമാകുന്നു ഇവിടെ.

shortlink

Related Articles

Post Your Comments

Related Articles


Back to top button