
ഭുവനേശ്വര്‍ • ഏപ്രിൽ 14 ന് അവസാനിക്കേണ്ട 21 ദിവസത്തെ ലോക്ക്ഡൗണ്‍ നീട്ടിയ ആദ്യ സംസ്ഥാനമായി ഒഡിഷ. ഏപ്രില്‍ 30 വരെയാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്.
ലോക്ക്ഡൗണ്‍ നീട്ടണമെന്ന് നിരവധി സംസ്ഥാനങ്ങള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നുവെങ്കിലും ആരും തന്നെ ലോക്ക്ഡൗണ്‍ ദീര്‍ഘിപ്പിക്കാന്‍ ഔദ്യോഗിക പ്രഖാപനം നടത്തിയിരുന്നില്ല.
ഇന്ന് ചേര്‍ന്ന ഒഡിഷ മന്ത്രിസഭാ യോഗത്തിലാണ് ലോക്ക്ഡൗണ്‍ നീട്ടാന്‍ തീരുമാനിച്ചത്. യോഗത്തെത്തുടർന്ന് ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് സംസ്ഥാനത്തെ ജനങ്ങളെ അഭിസംബോധന ചെയ്തു.
കൊറോണ വൈറസ് പ്രതിരോധത്തിന്റെ ഭാഗമായി നടന്നുകൊണ്ടിരിക്കുന്ന ലോക്ക്ഡൗണ്‍ കാലഘട്ടത്തിൽ ജനങ്ങളുടെ അച്ചടക്കവും ത്യാഗവും വൈറസിനെതിരെ പോരാടാനുള്ള കരുത്ത് നൽകിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ലോക്ക്ഡൗണ്‍ ഏപ്രിൽ 30 വരെ നീട്ടാൻ തങ്ങള്‍ തീരുമാനിച്ചതായും പട്നായിക് പറഞ്ഞു.
എല്ലാ സ്കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും ജൂൺ 17 വരെ അടച്ചിടാനും മന്ത്രിസഭ തീരുമാനിച്ചു. പകർച്ചവ്യാധി കണക്കിലെടുത്ത് ഏപ്രിൽ 30 വരെ എല്ലാ റെയിൽ, വിമാന സർവീസുകളും നിര്‍ത്തിവയ്ക്കണമെന്നും ഒഡിഷ സര്‍ക്കാര്‍ കേന്ദ്രത്തോട് അഭ്യര്‍ഥിച്ചു.
Post Your Comments