BollywoodLatest News

ആ സ്വപ്നം ബാക്കിയാക്കി ശ്രീദേവി മടങ്ങി

ബോളിവുഡ് താരം ശ്രീദേവി അരങ്ങൊഴിഞ്ഞപ്പോൾ ബാക്കിവെച്ചത് ഒരുപാട് സ്വപനങ്ങളാണ്. അമ്മ രാജേശ്വരിയുടെ സ്വപ്നമായിരുന്നു ലേഡി സൂപ്പര്‍സ്റ്റാറിലേക്കുള്ള ശ്രീദേവിയുടെ യാത്ര. അപ്രതീക്ഷിതമായ വിടവാങ്ങലാവട്ടെ മകള്‍ ജാഹ്നവിയുടെ സിനിമാ പ്രവേശമെന്ന സ്വപ്നം ശ്രീദേവിക്ക് ഇനിയും ബാക്കിയാണ്.

ശ്രീ അമ്മ യങ്കാര്‍ അയ്യപ്പന്‍ എന്ന ശ്രീദേവി നാലാം വയസ്സില്‍ സിനിമാ ലോകത്ത് അരങ്ങേറ്റം കുറിക്കുമ്പോൾ ഏറ്റവുമധികം സന്തോഷിച്ചത് ആ അമ്മയായിരുന്നു, രാജേശ്വരി. സിനിമാ നര്‍ത്തക സംഘത്തിലെ അംഗമായിരുന്നു രാജേശ്വരി. അഭിഭാഷകനായ അയ്യപ്പനെ വിവാഹം ചെയ്ത് സിനിമയുടെ ആരവങ്ങളില്‍ നിന്നൊഴിഞ്ഞുപോയ രാജേശ്വരിയുടെ മനസ്സില്‍ നിന്ന് സിനിമ അകന്നതേയില്ല. മിന്നിത്തിളങ്ങുന്ന വെള്ളിവെളിച്ചത്തോടുള്ള ആ അമ്മയുടെ ഇഷ്ടമാണ് സിനിമയിലൂടെ ഉയരങ്ങള്‍ കീഴടക്കി മകള്‍ നേടിക്കൊടുത്തത്.

 

ചെന്നൈയിലെ സിനിമാ സെറ്റില്‍ നിന്ന് ആദ്യമായി ശ്രീദേവിയെ കണ്ടുമുട്ടിയ നിമിഷങ്ങള്‍ ഓര്‍ത്തെടുത്ത് ശബ്ദതാരം ഭാഗ്യലക്ഷ്മി പറഞ്ഞതും ആ അമ്മ-മകള്‍ ബന്ധത്തിന്റെ തീവ്രതയെക്കുറിച്ച്‌ തന്നെ. മകള്‍ക്ക് സ്നേഹത്തോടെ നിര്‍ദേശങ്ങള്‍ പകര്‍ന്ന് ഒരമ്മ, ആ നിര്‍ദേശങ്ങള്‍ ഇഷ്ടത്തോടെ, അനുസരണയോടെ സ്വീകരിച്ച്‌ അതേപോലെ പെരുമാറുന്ന മകള്‍. അമ്മയുടെ മനസ്സറിഞ്ഞ് ജീവിതം തുടങ്ങിയ ആ മകളെക്കാത്ത് 1971ല്‍ പൂമ്പാറ്റ എന്ന മലയാള ചിത്രത്തിലൂടെ നാലാമത്തെ വയസ്സില്‍ കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് എത്തിയതും ചരിത്രം.

കുറച്ചുനാളുകളായി ശ്രീദേവിയുടെ മകള്‍ ജാഹ്നവിയുടെ സിനിമാപ്രവേശമായിരുന്നു ബോളിവുഡിലെ പ്രധാനചര്‍ച്ചകളിലൊന്ന്. പക്ഷേ, വെള്ളിത്തിരയിലേക്ക് മകള്‍ അരങ്ങേറ്റം കുറിക്കുന്നതിന് കാത്തുനില്‍ക്കാതെ ശ്രീദേവി മറഞ്ഞു. പൊതുവേദികളില്‍ പെണ്‍മക്കള്‍ക്കൊപ്പം പ്രത്യക്ഷപ്പെട്ടും അവരുടെ കുറുമ്പുകളില്‍ സ്നേഹവും ശാസനയും നിറഞ്ഞ ഉപദേശങ്ങള്‍ നല്കിയും ശ്രീദേവിയെന്ന അമ്മ വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. മരണത്തിന് മുമ്പ് പ്രേക്ഷകരിലേക്കെത്തിയ അവസാനചിത്രം പറഞ്ഞ കഥയും അമ്മ-മകള്‍ ബന്ധത്തെക്കുറിച്ചാണെന്ന യാദൃശ്ചികതയും ബാക്കിയാവുന്നു.

shortlink

Related Articles

Post Your Comments


Back to top button