സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് രോഹിണി. ബാലതാരമായി സിനിമയില്‍ എത്തുകയും നായികയായി മാറുകയും ചെയ്ത താരം ഇടവേളയ്ക്ക് ശേഷം അമ്മ വേഷങ്ങളിലൂടെ വീണ്ടും അഭിനയ രംഗത്ത് സജീവമാകുകയാണ്. ഒരു നടിയെന്ന നിലയില്‍ പൊതു സമൂഹത്തില്‍ നിന്നും ലഭിച്ച പിന്തുണയെക്കുറിച്ച് പറയുമ്പോള്‍ തന്നെ സമൂഹത്തില്‍ നിന്നും വേദനയും ഉണ്ടായിട്ടുണ്ടെന്നു താരം തുറന്നു പറയുന്നു. ഒരു തമിഴ് മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് രോഹിണി ഭര്‍ത്താവായിരുന്ന നടന് രഘുവരന്റെ മരണത്തിന് ശേഷമുണ്ടായ വേദനയെക്കുറിച്ച് മനസ്സ് തുറക്കുന്നത്.
അമിതമായ മദ്യപാനത്തെ തുടര്‍ന്ന് അന്തരികാവയവങ്ങള്ക്ക് സാരമായ കേടുപാടുകള്‍ സംഭവിച്ച് 2008 ലാണ് രഘുവരന് അന്തരിച്ചത്. എന്നാല്‍ അതിനും നാല് വര്‍ഷം മുന്‍പ് തന്നെ രോഹിണിയും രഘുവരനും വേര്‍പിരിഞ്ഞിരുന്നു. പക്ഷേ രഘുവരന് മരിച്ച സമയത്ത് മാധ്യമങ്ങള്‍ തങ്ങളുടെ സ്വകാര്യത പോലും നഷ്ടപ്പെടുത്തിയെന്ന് താരം പറയുന്നു. രോഹിണിയുടെ വാക്കുകള്‍ ഇങ്ങനെ … സിനിമാനടി എന്ന നിലയില്‍ ജനങ്ങള്‍ ഒരുപാട് സ്നേഹവും പരിഗണനയും തരുന്നുണ്ട്. അതൊരു നല്ല വശമാണ്. ഒരു വ്യക്തി എന്ന നിലയില്‍ സ്വകാര്യത നഷ്ടപ്പെടുന്നതാണ് ഇതിന്റെ മോശമായ വശം.
”രഘു മരിച്ച സമയത്ത് ഞങ്ങളുടെ മകന് ഋഷിയെ കൂട്ടിക്കൊണ്ടു വരാന്‍ സ്കൂളിലേക്ക് പോയി. രഘുവിന്റെ വീട്ടില്‍ നിന്ന് പത്രക്കാരെ മാറ്റി നിര്‍ത്തി എനിക്കും മകനും അല്‍പ്പം സ്വകാര്യത നല്‍കണമെന്ന് ഞാന്‍ വിളിച്ചു പറഞ്ഞിരുന്നു. കാരണം ഋഷി കൊച്ചു കുട്ടിയായിരുന്നു. അവനെ സംബന്ധിച്ച് അച്ഛന്റെ മരണം സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ഞാന്‍ രഘുവിന്റെ വീട്ടില്‍ എത്തിയപ്പോള്‍ ആരെയും കണ്ടില്ല. പക്ഷേ കാറില്‍ നിന്ന് പുറത്തിറങ്ങി നടന്നപ്പോള്‍ പത്രക്കാര് എന്റെ പിറകെ വന്നു. കുറച്ച് നേരം ഞങ്ങള്‍ക്ക് മാത്രമായി അല്‍പ്പം സമയം തരൂ വെറുതെ വീടൂ എന്ന് ഞാന്‍ അവരോട് അപേക്ഷിച്ചു. പക്ഷേ ആരും കേട്ടില്ല.
ഋഷി എനിക്കൊപ്പം പുറത്ത് വരാന്‍ പല അവസരങ്ങളിലും വിസമ്മതിച്ചിട്ടുണ്ട്. കാരണം ആളുകള്‍ ഞങ്ങള്‍ക്ക് ചുറ്റും കൂടുന്നത് അവന് പ്രശ്നമായിരുന്നു. അവനൊപ്പം സെല്‍ഫിയെടുക്കാന്‍ പലരും വരും. അതൊന്നും അവനിഷ്ടമല്ല. രജനികാന്ത് സാര്‍ രഘുവിന്റെ ആല്‍ബം റിലീസ് ചെയ്തിരുന്നു. അന്ന് അവന് വരാന്‍ സമ്മതിച്ചില്ല. ഞാന്‍ ഏറെ കഷ്ടപ്പെട്ടാണ് അവനെ പറഞ്ഞ് മനസ്സിലാക്കിയത്. രഘുവരനെക്കുറിച്ച് ഇന്നും ജനങ്ങള്‍ സംസാരിക്കുന്നു. സോഷ്യല്‍ മീഡിയയില്‍ രഘുവരന്റെ സിനിമകളെ വിലയിരുത്തുന്നത് കാണുമ്പോള്‍ സന്തോഷം തോന്നുന്നു. അദ്ദേഹം ഇന്നും ജീവിച്ചിരിക്കുന്നുവെങ്കില്‍ ഇതെല്ലാം കണ്ട് സന്തോഷിച്ചേനെ”- രോഹിണി കൂട്ടിച്ചേര്‍ത്തു.
Post Your Comments