സിനിമാ മേഖലയിലെ ചൂഷണങ്ങളെക്കുറിച്ചു നിരവധി നടിമാര്‍ തുറന്നു പറച്ചിലുകള്‍ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ താന്‍ ജീവിതത്തില്‍ നേരിട്ട ക്രൂരമായ അനുഭവങ്ങള്‍ വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് പാകിസ്താനി നടി നദിയ ജമീല്‍. തന്റെ ട്വീറ്റിലൂടെയാണ് താരം ബാല്യകാലം മുതല്‍ നേരിട്ട അനുഭവങ്ങള്‍ വെളിപ്പെടുത്തിയത്. കുട്ടിക്കാലത്ത് ഡ്രൈവറായിരുന്നു ആദ്യം തന്റെ ശരീരത്തില്‍ കൈവച്ചതെന്ന് തുറന്നു പറഞ്ഞു കൊണ്ട് രംഗത്ത് എത്തിയ നദിയ പിന്നീട് സ്വാധീനമുള്ള ഒരു കുടുംബത്തിലെ അംഗം തന്നെ ചൂഷണം ചെയ്തുവെന്ന് തുറന്നു പറയുന്നു. ”അയാള്‍ ഇന്ന് വിവാഹം കഴിച്ച് ലണ്ടനില്‍ സന്തോഷവാനായി ജീവിക്കുന്നു. ഞാന്‍ ഇപ്പോഴും ഒന്നും പുറത്തുപറയരുതെന്നാണ് എന്റെ കുടുംബം പറയുന്നത്. ഞാന്‍ എന്തിനു നാണം കെടണം”-നദിയ ചോദിക്കുന്നു. ”ഞാനല്ല നാണിക്കേണ്ടത്. ഒരിക്കലുമൊരിക്കലും ഞാന്‍ നാണിക്കേണ്ടതില്ല” നദിയ പറയുന്നു.
പാക്കിസ്ഥാനില്‍ കഴിഞ്ഞദിവസം ഒരു ബാലിക കൂടി ആക്രമണത്തിനിരയായതോടെ നവമാധ്യമങ്ങളില്‍ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. ഇതിനെത്തുടര്‍ന്നാണ് ശക്തമായ ട്വിറ്റര്‍ സന്ദേശവുമായി പാക്ക് നടി നദിയ ജമീല്‍ രംഗത്തെത്തിയത്. ”മാനഭംഗം അവസാനിപ്പിക്കണം എന്നാണോ നിങ്ങള്‍ ആഗ്രഹിക്കുന്നത്. എങ്കില്‍ സ്ത്രീശരീരത്തിന്റെ ഉടമകള്‍ തങ്ങളാണെന്നു പുരുഷന്മാരെ പഠിപ്പിക്കുന്നത് നിര്‍ത്തുക. ആഗ്രഹിക്കുന്ന ആരുമായും ലൈംഗിക ബന്ധം പുലര്‍ത്താമെന്നാണ് പല പുരുഷന്മാരുടെയും ധാരണ. അതവരുടെ അവകാശമാണെന്നും അവര്‍ വിചാരിക്കുന്നു. ഈ അവകാശബോധം കുട്ടിക്കാലം മുതലേ ആണ്‍കുട്ടികളെ പഠിപ്പിക്കുന്നു. ജന്മനാ ഇത്തരം അറിവുമായി ആരും ജനിക്കുന്നില്ല. സ്ത്രീശരീരത്തെക്കുറിച്ചുള്ള ഉടമാബോധം ആണ്‍കുട്ടികളെ പഠിപ്പിക്കുന്നതു നമ്മുടെ സമൂഹം തന്നെയാണ്. ഈ ചീത്ത പാഠവും പഠനവും നിര്‍ത്തൂ. ശരിയായതു കുട്ടികളെ പഠിപ്പിക്കൂ”- നദിയ ആവശ്യപ്പെടുന്നു.
Post Your Comments