ഇന്ത്യന്‍ സിനിമയിലെ നായികാ വസന്തത്തിന് തുടക്കം കുറിച്ച ബഹുമുഖ പ്രതിഭയാണ് ഇന്നലെ അരങ്ങൊഴിഞ്ഞത്. ശ്രീദേവിയുടെ ആകസ്മികമായ മരണം സഹപ്രവര്‍ത്തകരെയും സിനിമ പ്രേമികളെയും അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കളഞ്ഞു. പ്രായം അമ്പത്തിനാല് കഴിഞ്ഞെങ്കിലും ഇന്നത്തെ ഏത് ബോളിവുഡ് നായികയോടും കിട പിടിക്കുന്ന സൌന്ദര്യമാണ് അവര്‍ക്ക് കൈമുതലായി ഉണ്ടായിരുന്നത്. മകള്‍ ജാന്‍വിയുടെ സിനിമാ പ്രവേശനമായിരുന്നു അവരുടെ ഏറ്റവും വലിയ സ്വപ്നം. അതിന്‍റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനിടയിലാണ് ശ്രീദേവി അപ്രതിക്ഷിതമായി വിടവാങ്ങിയത്.
എം എ തിരുമുഖം സംവിധാനം ചെയ്ത തുണൈവന്‍ എന്ന ഭക്തി സിനിമയിലെ ബാലതാരമായി നാലാമത്തെ വയസിലാണ് ശ്രീദേവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. പിന്നീട് അഞ്ചു പതിറ്റാണ്ട് നീണ്ട അഭിനയ ജീവിതത്തിനിടയില്‍ ഇരുനൂറ്റമ്പതിലേറെ സിനിമകളില്‍ അവര്‍ അഭിനയിച്ചു.
ശ്രീദേവിയെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത ചില കാര്യങ്ങള്‍ ഇതാ,
1. ശ്രീദേവിയുടെ യഥാര്‍ത്ഥ പേര് ശ്രീ അമ്മ യാങ്ങര്‍ അയ്യപ്പന്‍ എന്നാണ്. 1963 ആഗസ്ത് 13നു തമിഴ്നാട്ടിലെ ശിവകാശിയിലായിരുന്നു ജനനം. അച്ഛന്‍ അയ്യപ്പന്‍, അമ്മ രാജേശ്വരി.
2. ദക്ഷിണേന്ത്യന്‍ സിനിമയില്‍ നിന്ന് ബോളിവുഡിലെത്തി വിജയിച്ച അപൂര്‍വ്വം നടിമാരില്‍ ഒരാളാണ് ശ്രീദേവി.സൂപ്പര്‍സ്റ്റാര്‍ പദവിയിലെത്തിയ ആദ്യ ഇന്ത്യന്‍ നടി. അക്കാലത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിച്ചിരുന്ന അഭിനേത്രി കൂടിയായിരുന്നു അവര്‍.
3. ശ്രീദേവി തമിഴ്, മലയാളം, തെലുഗു, കന്നഡ, ഹിന്ദി ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ട്.
4. സ്റ്റിവന്‍ സ്പീല്‍ബര്‍ഗ് സംവിധാനം ചെയ്ത വിഖ്യാത സിനിമയായ ജുറാസിക് പാര്‍ക്കിലെ ഒരു വേഷത്തില്‍ ശ്രീദേവിയെ പരിഗണിച്ചെങ്കിലും പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന സമയമായത് കൊണ്ട് അവര്‍ അതിനു തയ്യാറായില്ല.
5. ഷാരൂഖ് ഖാനെ താര പദവിയിലെത്തിച്ച ബാസിഗര്‍ സിനിമയിലെ നായികാ വേഷത്തിലേക്കും ആദ്യം പരിഗണിച്ചത് ശ്രീദേവിയെയാണ്. അവര്‍ അതിന് തയ്യാറാകാതിരുന്നത് കൊണ്ടാണ് കാജലിന് നറുക്ക് വീണത്.
6. ശ്രീദേവി നല്ലൊരു പിന്നണി ഗായിക കൂടിയായിരുന്നു. സദ്മ, ചാന്ദ്നി, ഗര്‍ജന ക്ഷണ ക്ഷണം എന്നി സിനിമകള്‍ക്ക് വേണ്ടി അവര്‍ പാടിയിട്ടുണ്ട്.
7. കുമാര സംഭവം, പൂമ്പാറ്റ, അഭിനന്ദനം, അംഗികാരം, സത്യവാന്‍ സാവിത്രി, ദേവരാഗം എന്നിങ്ങനെ 26 മലയാള സിനിമകളില്‍ ശ്രീദേവി അഭിനയിച്ചു. പൂമ്പാറ്റയിലെ അഭിനയത്തിന് ഏറ്റവും മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡും അവര്‍ക്ക് ലഭിച്ചു.
8. ശ്രീദേവിയുടെ പിതാവ് അയ്യപ്പന്‍ ശിവകാശിയിലെ തിരക്കേറിയ ഒരു അഭിഭാഷകനായിരുന്നു. യാഷ് ചോപ്ര സംവിധാനം ചെയ്ത ലംഹെയുടെ ഷൂട്ടിംഗ് ലണ്ടനില്‍ നടക്കുമ്പോഴാണ് അദ്ദേഹം മരിക്കുന്നത്. പിതാവിന്‍റെ മരണാനന്തര ചടങ്ങുകളില്‍ പങ്കെടുത്തതിന് ശേഷം അനൂപം ഖേറിനൊപ്പമുള്ള ഹാസ്യ പ്രധാനമായ രംഗങ്ങള്‍ അഭിനയിക്കുന്നതിനായി അവര്‍ ബ്രിട്ടനിലേക്ക് മടങ്ങുകയും ചെയ്തു.
9. ഒരു കാലത്ത് ഹിന്ദി സിനിമയിലെ ഹിറ്റ് ജോഡികളായിരുന്നു മിഥുന്‍ ചക്രവര്‍ത്തിയും ശ്രീദേവിയും. ഇരുവരും രഹസ്യ വിവാഹം കഴിച്ചിരുന്നതായി പറയപ്പെടുന്നു. ഒരു സിനിമാ മാസിക പ്രസിദ്ധികരിച്ച അവരുടെ വിവാഹ സര്‍ട്ടിഫിക്കറ്റ് ശരി വയ്ക്കുന്ന രീതിയിലാണ് മിഥുന്‍ ചക്രവര്‍ത്തി പിന്നീട് പ്രതികരിച്ചത്. പക്ഷെ പിന്നീട് എന്തോ കാരണം കൊണ്ട് അവര്‍ അകന്നു. പ്രണയ തകര്‍ച്ചയുടെ നാളുകളില്‍ കൈത്താങ്ങായി നിന്ന ബോണി കപൂറിനെ വിവാഹം കഴിച്ച് 1997ല്‍ സിനിമയോട് താല്‍ക്കാലികമായി വിട പറഞ്ഞു. ബോണി കപൂറിന്‍റെ സഹോദരനും ശ്രീദേവിയുടെ മറ്റൊരു ഹിറ്റ് ജോഡിയുമായിരുന്ന അനില്‍ കപൂര്‍ നായകനായ ജുദായ് ആയിരുന്നു അവസാന ചിത്രം. പിന്നീട് 2012ല്‍ ഇംഗ്ലീഷ് വിന്‍ഗ്ലിഷ് എന്ന സിനിമയിലെ ശ്രദ്ധേയമായ വേഷത്തില്‍ കൂടിയാണ് അവര്‍ അഭിനയ രംഗത്തേക്ക് തിരിച്ചു വന്നത്. പുറത്തിറങ്ങാനിരിക്കുന്ന സീറോ ആണ് അവസാന ചിത്രം.
10. എഴുപതുകള്‍ മുതല്‍ രണ്ടായിരം വരെയുള്ള മിക്ക നായകന്മാരുമായും അഭിനയിക്കാനുള്ള ഭാഗ്യം ശ്രീദേവിക്കുണ്ടായി. ശിവാജി ഗണേശന്‍, പ്രേം നസീര്‍,
എന്‍ ടി ആര്‍, നാഗേശ്വര റാവു, അമിതാഭ് ബച്ചന്‍, രജനികാന്ത്, കമല്‍ ഹാസന്‍, ചിരഞ്ജീവി, സല്‍മാന്‍ ഖാന്‍, ഷാരൂഖ് ഖാന്‍, വിജയ് എന്നിവരാണ്
അതില്‍ പ്രമുഖര്‍.
11. അഞ്ചു ഫിലിം ഫെയര്‍ അവാര്‍ഡുകള്‍ നേടിയ ശ്രീദേവിക്ക് മികച്ച അഭിനേത്രിക്കുള്ള വിവിധ സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡുകളും ലഭിച്ചിട്ടുണ്ട്.
12. ബോളിവുഡില്‍ അഭിനയം തുടങ്ങുന്ന സമയത്ത് ശ്രീദേവിക്ക് ഹിന്ദി അത്ര വശമില്ലാതിരുന്നത് കൊണ്ട് മറ്റുള്ളവരാണ് അവര്‍ക്ക് വേണ്ടി ഡബ്ബ് ചെയ്തത്.
പിന്നീട് ചാന്ദ്നി എന്ന സിനിമക്ക് വേണ്ടിയാണ് അവര്‍ ആദ്യമായി സ്വന്തം ശബ്ദം നല്‍കിയത്.
13. കേവലം പതിമൂന്ന് വയസ് മാത്രമുള്ളപ്പോള്‍ ശ്രീദേവി രജനികാന്തിന്‍റെ രണ്ടാനമ്മയായി അഭിനയിച്ചു. (ചിത്രം മൂണ്ട്രു മുടിച്ച്)
14. 2013ല്‍ രാജ്യം അവരെ പദ്മശ്രീ നല്‍കി ആദരിച്ചു.
15. തന്‍റെ ജന്മദിനങ്ങള്‍ ആഘോഷിക്കുന്നതില്‍ ശ്രീദേവി ഒരിക്കലും താല്‍പര്യം കാണിച്ചിരുന്നില്ല. അവസാന കാലം വരെ സ്വന്തം ഇഷ്ടപ്രകാരം
അവര്‍ ഒരു ജന്മദിനം പോലും ആഘോഷിച്ചിട്ടില്ല എന്നതാണ് സത്യം.
Post Your Comments