മനോജ്
കോടികള്‍ കളക്റ്റ് ചെയ്യുന്ന സിനിമകള്‍ മെഗാഹിറ്റുകളായി കണക്കാക്കിയിരുന്ന ഒരു കാലമുണ്ടായിരുന്നു നമുക്ക്. ഇന്ന് കാലം മാറി. ഇപ്പോള്‍ മലയാളം പോലുള്ള ചെറിയ ഭാഷാസിനിമകളിലെ നിര്‍മാതാക്കള്‍ പോലും കണ്ണു വയ്ക്കുന്നത് നൂറു കോടി ക്ലബ്ബിലേക്കാണ്. പുലിമുരുകന് നൂറ്റമ്പത് കോടി കളക്റ്റ് ചെയ്ത് മലയാളത്തിലെ എക്കാലത്തെയും വലിയ ഹിറ്റായപ്പോള്‍ മറ്റ് അര ഡസനോളം സിനിമകളാണ് മലയാളത്തിന്റെതായി അമ്പത് കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരിക്കുന്നത്.
ബോളിവുഡിലും തമിഴിലും തെലുഗുവിലും നൂറു കോടി ക്ലബ് സിനിമകള്‍ യഥേഷ്ടം ഉണ്ടാകുന്നുണ്ട്. ചൈനയാണ് അടുത്ത കാലത്തായി നമ്മുടെ സിനിമയ്ക്ക്
തുറന്നു കിട്ടിയ ഏറ്റവും വലിയ വിപണി. അതോടെ ദംഗല്‍ പോലുള്ള സിനിമകളുടെ വരവ് രണ്ടായിരം കോടിയും കടന്ന് മുന്നോട്ടു കുതിച്ചു. ഇന്ത്യയില്‍ അയ്യായിരം തിയറ്ററുകളാണ് ഉള്ളത്. ആ സ്ഥാനത്ത് ചൈനയില്‍ 45,000 തിയറ്ററുകള്‍ ഉണ്ട് എന്ന് പറയുമ്പോള്‍ ഇരു രാജ്യങ്ങളിലെയും സിനിമാ വിപണികള്‍ തമ്മിലുള്ള വ്യത്യാസം മനസിലാകും.
ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ 10 ഹിറ്റുകള്‍ ഇവയാണ്.
1. ദംഗല്‍
മഹാവീര്‍ സിംഗ് ഫോഗട്ടിന്റെ ജീവിതത്തില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നിലേഷ് തിവാരി സംവിധാനം ചെയ്ത സിനിമ ഒരു ഗുസ്തി കുടുംബത്തിന്റെ കഥയാണ് പറഞ്ഞത്. ആമിര്ഖാന്, സാക്ഷി തന്‍വാര്‍, ഫാത്തിമ ഷെയ്ഖ്, സൈറ വസിം എന്നിവര്‍ അഭിനയിച്ച ദംഗല്‍ 2,122 കോടി രൂപയാണ് കളക്റ്റ് ചെയ്തത്. അതില്‍ ചൈനയില്‍ നിന്ന് മാത്രം നേടിയ 1,300 കോടി രൂപയും പെടും.
2. ബാഹുബലി 2 – ദി കണ്ക്ലൂഷന്
രാജമൌലി സംവിധാനം ചെയ്ത ചരിത്ര പശ്ചാത്തലത്തിലുള്ള സാങ്കല്‍പ്പിക കഥയില്‍ പ്രഭാസ്, റാണ ദഗ്ഗുബാട്ടി, അനുഷ്ക, തമന്ന, സത്യരാജ്, രമ്യകൃഷ്ണന് എന്നിവരാണ് പ്രധാന വേഷങ്ങള്‍ ചെയ്തത്. ആകെ കളക്ഷന്‍ 1,710 കോടി രൂപ.
3. സീക്രട്ട് സൂപ്പര്‍സ്റ്റാര്‍
ആമിര്ഖാന് നിര്‍മിച്ച് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദംഗലിലൂടെ പ്രശസ്തയായ സൈറ വസിമാണ് നായികയായത്. ആമിര്‍ അതിഥിവേഷത്തിലെത്തിയ
സിനിമ 965 കോടി രൂപ കളക്റ്റ് ചെയ്തു.
4. പികെ
ത്രീ ഇഡിയറ്റ്സിന് ശേഷം ആമിര്‍ഖാനും രാജ്കുമാര് ഹിറാനിയും ഒന്നിച്ച സിനിമയാണ് പികെ. അനുഷ്ക ശര്‍മ, സഞ്ജയ് ദത്ത്, ബൊമന്‍ ഇറാനി, സുശാന്ത് സിംഗ് രാജ്പുത്ത് എന്നിവരും അഭിനയിച്ച സിനിമ 854 കോടി രൂപയാണ് ബോക്സ് ഓഫിസില്‍ നിന്ന് വാരിക്കൂട്ടിയത്.
5. ബജ്രംഗി ഭായ്ജാന്
ഇന്ത്യയില്‍ എത്തിപ്പെട്ട ഊമയായ പാക്കിസ്ഥാന് ബാലികയെ തിരികെ അവളുടെ നാട്ടിലെത്തിക്കുന്ന ഹനുമാന് ഭക്തനായ പവന് കുമാര്‍ ചതുര്‍വേദിയുടെ
കഥ പറഞ്ഞ സിനിമ സല്മാന് ഖാന്റെ ഏറ്റവും വലിയ ഹിറ്റ് സിനിമയാണ്. കബീര്‍ ഖാന് സംവിധാനം ചെയ്ത ബജ്രംഗി ഭായ്ജാനില്‍ കരീന കപൂര്‍, ഹര്‍ഷാലി മല്‍ഹോത്ര, നവാസുദിന്‍ സിദ്ദിക്കി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തിയത്. ആകെ കളക്ഷന്‍ 820 കോടി രൂപ.
6. ബാഹുബലി – ദി ബിഗിനിംഗ്
ബാഹുബലി പരമ്പരയിലെ ആദ്യ സിനിമ. പ്രഭാസിനെ നായകനാക്കി രാജമൌലി സംവിധാനം ചെയ്ത ചിത്രം തമിഴ്, തെലുഗു, ഹിന്ദി ഭാഷകളിലാണ് പുറത്തിറങ്ങിയത്. ആകെ കളക്ഷന്‍ 650 കോടി രൂപ.
7. സുല്‍ത്താന്‍
സുല്‍ത്താന്‍ അലി ഖാന് എന്ന റെസ്റ്റ്ലിംഗ് ചാമ്പ്യന്റെ കഥ പറഞ്ഞ ചിത്രം അലി അബ്ബാസ് സഫറാണ് സംവിധാനം ചെയ്തത്. സല്മാന് ഖാന്, അനുഷ്ക ശര്‍മ്മ, രണ്‍ദീപ് ഹൂഡ എന്നിവര്‍ അഭിനയിച്ച സുല്‍ത്താന്‍ 589 കോടി രൂപ തിയറ്ററുകളില്‍ നിന്ന് നേടി.
8. ധൂം 3
നായകനേക്കാള്‍ വില്ലന്‍ പ്രാധാന്യം കൊടുക്കുന്ന ധൂം 3 യില്‍ ആമിര്‍ഖാനാണ് പ്രതിനായക വേഷത്തിലെത്തിയത്. അഭിഷേക് ബച്ചന്, കത്രീന കൈഫ്,
ജാക്കി ഷറോഫ് എന്നിവരും അഭിനയിച്ച സിനിമ 589 കോടി രൂപ കളക്റ്റ് ചെയ്തു.
9. ടൈഗര്‍ സിന്ദാ ഹൈ
ഏക് ഥാ ടൈഗറിന്റെ തുടര്‍ച്ചയായി വന്ന ടൈഗര്‍ സിന്ദാ ഹൈ ഇറാക്ക് യുദ്ധ ഭൂമിയിലെ രക്ഷാ പ്രവര്‍ത്തനത്തിന്റെ കഥയാണ് പറഞ്ഞത്. സല്മാന് ഖാന്, കത്രീന കൈഫ് എന്നിവര്‍ നായിക നായകന്മാരായ സിനിമയ്ക്ക് 569 കോടി രൂപയാണ് ഇതുവരെ കിട്ടിയ കളക്ഷന്‍.
10. പത്മാവത്
രജപുത്ര രാജ്ഞിയായ പത്മാവതിയുടെ സാങ്കല്‍പ്പിക ജീവിതത്തിലൂടെയുള്ള യാത്രയാണ് സഞ്ജയ് ലീല ബന്‍സാലി പത്മാവതിലൂടെ നടത്തിയത്. ദീപിക പദുകോണ്‍, രണ്‍വീര്‍ സിംഗ്, ഷാഹിദ് കപൂര്‍ തുടങ്ങിയവര്‍ അഭിനയിച്ച ചിത്രം 564 കോടി രൂപ നേടി.
Post Your Comments