സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത രസതന്ത്രത്തിനു ശേഷം സിനിമകൾ തിയറ്ററിൽ പോയി കാണാറില്ലായിരുന്നു താനെന്നു നടനും എം പിയുമായ ഇന്നസെന്റ്. നീണ്ട ഇടവേളയ്ക്ക് ശേഷം തിയറ്ററിൽ പോയി ചിത്രം കണ്ടതിനെ കുറിച്ച് ഇന്നസെന്റിന്റെ തുറന്നു പറച്ചിൽ.
ഞാൻ മേരിക്കുട്ടി എന്ന ചിത്രം തിയറ്ററിൽ പോയി കണ്ടതിന് ശേഷം നടൻ ജയസൂര്യക്കൊപ്പം ഫെയ്സ്ബുക്ക് ലൈവിൽ വന്നപ്പോഴായിരുന്നു ഇന്നസെന്റ് ഇത് പറയുന്നത്. ‘12 വർഷങ്ങൾക്ക് ശേഷമാണ് ഞാനൊരു ചിത്രം തിയറ്ററിൽ പോയി കാണുന്നത്. സത്യൻ അന്തിക്കാടിന്റെ രസതന്ത്രം ആയിരുന്നു ഏറ്റവും ഒടുവിൽ തിയറ്ററിൽ പോയി കണ്ട ചിത്രം. ബാക്കിയുള്ള സിനിമകൾ കാണാതിരുന്നത് ആ സിനിമകളോടുള്ള വിഷമം ആയിരുന്നില്ല. അതിന് ശേഷം ഭേദപ്പെട്ട റോളുകൾ ചെയ്ത സിനിമകൾ ഉണ്ടായില്ല. അതിനാൽ പോയില്ല,’ ഇന്നസെന്റ് പറയുന്നു.
സുരാജ് വെഞ്ഞാറമൂടിന്റെ കലക്റ്റർ വേഷത്തെയും ഇന്നസെന്റ് അഭിനന്ദിച്ചു. ‘സുരാജ് ആ വേഷം ചെയ്യുന്നത് കണ്ടിട്ട് എനിക്ക് പോലും അസൂയ തോന്നി. അത്രയ്ക്കും നന്നായിട്ടാണ് അദ്ദേഹം ആ വേഷം ചെയ്തിരിക്കുന്നത്,’ ഇന്നസെന്റ് പറഞ്ഞു. ജോജു, അജു വർഗീസ്, ശിവജി ഗുരുവായൂർ എന്നിങ്ങനെ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങൾ ചെയ്തവരെയും ഇന്നസെന്റ് പ്രത്യേകം അഭിനന്ദിച്ചു.
Post Your Comments