
കൊച്ചി: സിനിമ മേഖലയിൽ ലഹരിയുടെ ഉപയോഗം വർധിക്കുന്നു എന്ന വാർത്തകൾ പ്രചരിക്കുന്നതിനിടെ അത് ശരിവെക്കുന്ന തരത്തിലുള്ള കൂടുതൽ തെളിവുകളാണ് ഇപ്പോൾ ലഭിക്കുന്നത്. കൊച്ചിയിൽ നിന്ന് ഹൈബ്രിഡ് കഞ്ചാവുമായി രണ്ട് സംവിധായകരടക്കം 3 പേരാണ് അറസ്റ്റിലായത്. സംവിധായകനായ ഖാലിദ് റഹ്മാൻ, അഷ്റഫ് ഹംസ എന്നിവരും സുഹൃത്തുമാണ് അറസ്റ്റിലായത്.
കൊച്ചിയിൽ എക്‌സൈസ് സംഘം നടത്തിയ പരിശോധനയിലാണ് ഇവർ കുടുങ്ങിയത്. ഛായാഗ്രാഹകൻ സമീർ താഹിറിന്റെ കൊച്ചിയിലെ ഫ്ലാറ്റിൽ നിന്നാണ് മൂവരെയും പിടികൂടിയത്. ഒന്നര ഗ്രാം ഹൈബ്രിഡ് കഞ്ചാവ് ഇവരുടെ പക്കൽ നിന്നും കണ്ടെടുത്തു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം. രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെയാണ് എക്‌സൈസ് സംഘം ഇവരുടെ ഫ്ലാറ്റിലെത്തിയത് കഞ്ചാവ് ഉപയോഗിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മൂന്നുപേരെയും പിടികൂടിയതെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
അടുത്തിടെ ഇറങ്ങിയ ആലപ്പുഴ ജിംഖാനയടക്കം ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് ഖാലിദ് റഹ്മാൻ. തമാശ, ഭീമന്‍റെ വഴി എന്നി സിനിമയുടെ സംവിധായകനാണ് അഷറ്ഫ് ഹംസ. തല്ലുമാല എന്ന ഹിറ്റ് സിനിമയുടെ സഹരചിയതാവ് കൂടിയാണ് അഷ്റഫ് ഹംസ.
പിടിയിലായ സംവിധായകർ സ്ഥിരമായി ലഹരി ഉപയോഗിക്കുന്നവരെന്ന് എക്സൈസ് ഇൻസ്പെക്ടർ പറഞ്ഞു. മൂവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയശേഷം ജാമ്യത്തിൽ വിട്ടു. വാണിജ്യ അളവില്‍ കഞ്ചാവ് കണ്ടെടുക്കാത്തതിനാലാണ് ഇവരെ എക്സൈസ് ജാമ്യത്തിൽ വിട്ടത്. ഉണ്ട, തല്ലുമാല, അനുരാഗ കരിക്കിൻ വെള്ളം, ലൗവ് തുടങ്ങിയ സിനിമകളും ഖാലിദ് റഹ്മാൻ സംവിധാനം ചെയ്തിട്ടുണ്ട്.
തല്ലുമാലയടക്കമുള്ള ഖാലിദ് റഹ്മാന്‍റെ സിനിമകള്‍ വൻ വിജയം നേടിയിരുന്നു. വൻ വിജയമായ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ ശ്രദ്ധേയമായ വേഷവും ഖാലിദ് റഹ്മാൻ ചെയ്തിട്ടുണ്ട്. മലയാള സിനിമ രംഗത്ത് ലഹരിയുടെ ഉപയോഗം വ്യാപമാണ് എന്നത് സാധൂകരിക്കുന്ന തരത്തിലുള്ള തെളിവുകയാണ് സംവിധായകരുടെ അറസ്റ്റിലൂടെ ലഭിച്ചിരിക്കുന്നത്. കൂടുതൽ വമ്പന്മാരിലേക്ക് ഇത് നീങ്ങിയേക്കാം എന്നതാണ് ഈ അറസ്റ്റിന്റെ പ്രാധാന്യം
Post Your Comments