
ഷൈൻ ടോം ചാക്കോ കേരളം ആരാണ് ഭരിക്കുന്നതെന്ന് മനസിലാക്കി കളിക്കുന്നതാണ് നല്ലതെന്ന് എ എ റഹീം എം പി. സിനിമയുടെയും മറ്റ് ഏതെങ്കിലും തരത്തിലുള്ള സെലിബ്രറ്റി സ്റ്റാറ്റസിന്റെ മറവിൽ നിന്നുകൊണ്ട് എന്ത് ക്രിമിനൽ പ്രവർത്തനവും നിയമ വിരുദ്ധ പ്രവർത്തനവും നടത്താമെന്ന കാലം കഴിഞ്ഞു.
ഷൈൻ ടോം ചാക്കോയ്‌ക്ക് നേരം വെളുക്കാത്തത് കൊണ്ടോ അതോ അദ്ദേഹം ഇപ്പോഴും മയക്കത്തിലായത് കൊണ്ടോ അറിയാത്തതാണോ എന്നും റഹീം ചോദിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് എ എ റഹീം പ്രതികരിച്ചത്.
കേരളത്തിൽ ആ കാലം കഴിഞ്ഞു പോയി. കേരളം ഭരിക്കുന്നത് പിണറായി വിജയനാണ്. ഇടതുപക്ഷ ജനാധിപത്യ ഗവൺമെന്റിന് അക്കാര്യത്തിൽ കൃത്യമായ നീതി നടപ്പാക്കുന്ന നിലപാടുണ്ട്. മയക്കുമരുന്നിന് അടിമകളായവരെ തള്ളിപ്പറയാനും ഒറ്റപ്പെടുത്താനും സിനിമ മേഖലയിലുള്ളവർ തയാറാകുമോ എന്നും റഹീം ചോദിച്ചു. നടിക്ക് എല്ലാ പിന്തുണയും ഡിവൈഎഫ്ഐ നൽകും. വിൻസി പറയുന്നത് വരെ കാത്തിരിക്കേണ്ടതില്ല. ഇക്കാര്യം അറിയാവുന്ന സംവിധായകരും നിർമാതാക്കളും നേരത്തെ തന്നെ കാര്യങ്ങൾ തുറന്നുകാട്ടണം.
ഏത് നടനായാലും മയക്കുമരുന്ന് ഉപയോഗവുമായി മുന്നോട്ട് പോയാൽ ജയിലിന് അകത്താക്കാൻ കെൽപ്പുള്ള ഒരു ഭരണമാണ് ഇന്ന് കേരളത്തിൽ ഉള്ളത്.ഷൈൻ ടോം ചാക്കോമാർ അത് ഓർമ്മിച്ചിരിക്കുന്നത് നന്നാകും.
മയക്കുമരുന്നിന് അടിമകളായ നടീ നടന്മാരെ ഒഴിവാക്കാൻ എന്തുകൊണ്ടാണ് ചലച്ചിത്രരംഗത്തെ പ്രമുഖർ തയ്യാറാകാത്തത് എന്നും എ എ റഹീം ചോദിച്ചു. മലയാളത്തിലെ മറ്റൊരു നടൻ പുലർച്ചെ കഞ്ചാവ് ചോദിച്ചു എന്ന് ഒരു നിർമ്മാതാവ് പറഞ്ഞു. എന്തിനാണ് ഇത്രയും നാൾ നിശബ്ദത പാലിക്കുന്നത്. ഇതെല്ലം സമൂഹത്തെ ബാധിക്കുന്ന ദുഷ്പ്രവണതയാണ്. മയക്ക് മരുന്ന് അടിമകളെ ഒറ്റപ്പെടുത്തണം. ജനം അവരെ തിരിച്ചറിയുമെന്നും എ എ റഹീം വ്യക്തമാക്കി.
Post Your Comments