
കൊച്ചി: കരള്‍ രോഗത്തെത്തുടര്‍ന്ന് സിനിമ-സീരിയല്‍ താരം വിഷ്ണു പ്രസാദ് ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍. മരുന്നു കൊണ്ട് രോഗം ഭേദമാകാത്ത അവസ്ഥയില്‍ വിഷ്ണുപ്രസാദിന് കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തേണ്ടി വരും. ഇതിനായി പണം കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിരിക്കാണ് സഹപ്രവര്‍ത്തകര്‍. ചികിത്സയ്ക്കായി 30 ലക്ഷം രൂപയോളം ചെലവ് വരുമെന്നാണ് റിപ്പോര്‍ട്ട്.
വിഷ്ണു പ്രസാദിന്റെ മകള്‍ താരത്തിന് കരള്‍ ദാനം ചെയ്യാന്‍ തയാറായിട്ടുണ്ട്. കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്കു വേണ്ടി വരുന്ന തുക സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് കുടുംബം. സീരിയല്‍ താരങ്ങളുടെ സംഘടനയായ ആത്മ അടിയന്തര സഹായമായി ഒരു തുക നല്‍കിയിട്ടുണ്ട്. വിഷ്ണുപ്രസാദിന്റെ കുടുംബത്തിന്റെ സമ്മതത്തോടെ ‘ആത്മ’യിലെ അംഗങ്ങളില്‍ നിന്ന് കുറച്ചു കൂടി തുക സമാഹരിക്കാന്‍ ഒരുങ്ങുകയാണെന്ന് വൈസ് പ്രസിഡന്റ് മോഹന്‍ അയിരൂരും നടന് കിഷോര്‍ സത്യയും പറഞ്ഞു.
‘നടന് വിഷ്ണു പ്രസാദിന്റെ അസുഖവിവരം സംബന്ധിച്ച് അദ്ദേഹത്തിന്റെ സഹോദരി ഞങ്ങളോട് പറഞ്ഞ കാര്യങ്ങള്‍ മാത്രമേ അറിയുകയുള്ളൂ. വിഷ്ണു പ്രസാദിന് കരള്‍ മാറ്റി വയ്ക്കേണ്ട അവസ്ഥയുണ്ടെന്നാണ് അറിയാന്‍ കഴിഞ്ഞത്. അദ്ദേഹത്തിന്റെ മകള്‍ കരള്‍ നല്‍കാം എന്ന് പറഞ്ഞിട്ടുണ്ട്. പക്ഷേ ചികിത്സയ്ക്കായി വലിയൊരു തുക വേണ്ടി വരും. നമ്മുടെ സംഘടനയായ ആത്മയ്ക്ക് വളരെ ചെറിയ തുകയേ സഹായിക്കാന്‍ കഴിയൂ, ഞങ്ങളുടേത് ഒരു ചെറിയ സംഘടനയാണ് വലിയ ഫണ്ട് ഉള്ള സംഘടനയല്ല’- കിഷോര്‍ സത്യ പറഞ്ഞു.
Post Your Comments