
പട്ടം പോലെ എന്ന ദുൽഖർ സൽമാൻ ചിത്രത്തിലൂടെ അഭിനയ രംഗത്ത് എത്തിയ ആളാണ് മാളവിക മോഹനൻ. മോഹൻലാലിനെ നായകനാക്കി സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന ഹൃദയപൂർവം എന്ന ചിത്രത്തിൽ മാളവിക പ്രധാന വേഷത്തിലെത്തുന്നു.
മാർച്ച് 18ന് ആയിരുന്നു തന്റെ ആദ്യ ഷെഡ്യൂൾ പൂർത്തിയാക്കി എന്ന് അറിയിച്ചുകൊണ്ട് മാളവിക സോഷ്യൽ മീഡിയയിൽ പോസ്റ്റ് ഇട്ടത്. ഒപ്പം ലൊക്കേഷനിൽ നിന്നുള്ള സ്റ്റിൽസും താരം പങ്കുവച്ചിരുന്നു. ഇതിന് താഴേ വിമർശന കമന്റിട്ടയാൾക്ക് കുറിക്ക് കൊള്ളുന്ന മറുപടി നൽകിയിരിക്കുകയാണ് മാളവിക.
“65 കാരന്റെ കാമുകയായി 30 കോരി അഭിനയിക്കുന്നു. അവരുടെ പ്രായത്തിന് ചേരാത്ത വേഷങ്ങൾ ചെയ്യാൻ ഈ മുതിർന്ന നടന്മാർക്ക് എന്ത് പറ്റി?” എന്നായിരുന്നു കമന്റ്. ഇത് ശ്രദ്ധയിൽപ്പെട്ട മാളവിക മോഹനൻ മറുപടിയുമായി എത്തി. “ഇത് പ്രണയമാണെന്ന് നിങ്ങളോട് ആരാ പറഞ്ഞത്? നിങ്ങളുടെ അടിസ്ഥാനരഹിതമായ അനുമാനങ്ങളുമായി ആളുകളെയും സിനിമകളേയും വിലയിരുത്തരുത്”, എന്നാണ് മാളവിക മറുപടി നൽകിയത്.
ഒരിടവേളയ്ക്ക് ശേഷം സത്യൻ അന്തിക്കാടും മോഹൻലാലും ഒന്നിക്കുന്ന ഹൃദയപൂർവം നിർമ്മിക്കുന്നത് ആശീർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. സംഗീത, സംഗീത് പ്രതാപ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സോനു ടി പിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
Post Your Comments