പ്രതിഫലത്തുകയിൽ വിശദീകരണം നൽകണം; നടന്‍ പൃഥ്വിരാജിന് ആദായനികുതി വകുപ്പിന്‍റെ നോട്ടീസ്

കൊച്ചി: നടന്‍ പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. കടുവ, ജനഗണമന, ഗോള്‍ഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. ഈ സിനിമകളിൽ നിന്ന് സഹനിര്‍മാതാവെന്ന നിലയില്‍ 40 കോടിയോളം രൂപ പൃഥ്വിരാജ് സ്വന്തമാക്കിയെന്നാണ് കണ്ടെത്തല്‍. നിര്‍മാണ കമ്പനിയുടെ പേരില്‍ പണം വാങ്ങിയതില്‍ വ്യക്തത വരുത്തണമെന്ന് ആദായനികുതി വകുപ്പ് ആവശ്യപ്പെട്ടു.

കഴിഞ്ഞവർഷം ആദായനികുതി വകുപ്പ് പൃഥ്വിരാജിന്റെ ഓഫീസുകളിലും വീട്ടിലും റെയ്ഡ് നടത്തിയിരുന്നു. മാസങ്ങളായി നടക്കുന്ന നടപടികളുടെ തുടർച്ചയാണ് ഇപ്പോഴത്തെ നടപടിയെന്ന് ആദായനികുതി വിഭാഗം അറിയിച്ചു. എമ്പുരാൻ വിവാദത്തിന് മുമ്പാണ് നോട്ടീസ് നൽകിയത്

മാര്‍ച്ച് 29 നാണ് കൊച്ചി ആദായ നികുതി വകുപ്പ് ഓഫീസില്‍ നിന്ന് പൃഥ്വിരാജിന് നോട്ടീസ് അയച്ചത്. വരുന്ന ഏപ്രില്‍ 29-നകം വിശദീകരണം നല്‍കണമെന്നാണ് നിര്‍ദേശം. ഈ മൂന്ന് ചിത്രങ്ങളില്‍ അഭിനേതാവെന്ന നിലയില്‍ പൃഥ്വിരാജ് പ്രതിഫലം വാങ്ങിയിരുന്നില്ല. അഭിനേതാവെന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ അതിന് നികുതി കൂടുതലാണ്. എന്നാല്‍ പാതി നിര്‍മാതാവ് എന്ന നിലയില്‍ പണം വാങ്ങുമ്പോള്‍ നികുതി താരതമ്യേന കുറവാണ്.

മൂന്ന് സിനിമകളിലായി 40 കോടിയോളം രൂപ പൃഥ്വിരാജിന് ലഭിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിയത്. വിശദീകരണം ചോദിച്ചിരിക്കുന്ന മൂന്ന് സിനിമകളും 2022 ല്‍ പുറത്തിറങ്ങിയവയാണ്. ഈ ചിത്രങ്ങളിലെ വരുമാനവുമായി ബന്ധപ്പെട്ട് മുമ്പും വിശദീകരണം തേടിയിട്ടുണ്ടെന്നാണ് ഐ.ടി. വകുപ്പില്‍ നിന്നുള്ള വിശദീകരണം.

മാര്‍ച്ചില്‍ ഒരു സാമ്പത്തിക വര്‍ഷം അവസാനിക്കുന്നതിന്റെ ഭാഗമായാണ് വീണ്ടും ഇക്കാര്യത്തില്‍ വിശദീകരണം തേടിയതെന്നാണ് വകുപ്പ് വ്യക്തമാക്കുന്നത്. ഇ-മെയില്‍ വഴിയാണ് നോട്ടീസ് അയച്ചത്. നേരിട്ടോ അല്ലാതെയോ മറുപടി നല്‍കാനാണ് നിര്‍ദേശം. പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ വിവാദങ്ങള്‍ക്ക് പിന്നാലെയാണ് നടന് ആദായ നികുതി വകുപ്പിന്റെ നോട്ടീസ് അയച്ചിരിക്കുന്നത്. എമ്പുരാന്‍ ചിത്രത്തിന്റെ വിതരണക്കാരായ ഗോകുലം മൂവീസ് ഉടമ ഗോകുലം ഗോപാലന്റെ സ്ഥാപനങ്ങളില്‍ ഇഡി റെയ്ഡ് നടക്കുന്ന പശ്ചാത്തലത്തിൽ തന്നെയാണ് ചിത്രത്തിന്റെ സംവിധായകനായ പൃഥ്വിരാജിനെതിരെയുള്ള നീക്കവും.

Share
Leave a Comment