
കൊച്ചി: ഗായിക കല്‍പ്പന രാഘവേന്ദര്‍ ആശുപത്രിയിലായതിന് പിന്നാലെ ആത്മഹത്യാ ശ്രമമെന്ന തരത്തിലാണ് വാര്‍ത്തകള്‍ വന്നത്. ഭര്‍ത്താവും മകളുമായുള്ള പ്രശ്നത്തെ തുടര്‍ന്നാണെന്നും ഏതാനും തമിഴ്മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇത് നിഷേധിച്ച് പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് ഗായിക.
എല്ലാവര്‍ക്കും മുന്നില്‍ താന്‍ ജീവനോടെ ഇരിക്കാന്‍ കാരണം ഭര്‍ത്താവാണെന്ന് കല്‍പ്പന രാഘവേന്ദര്‍. ആശുപത്രിയിലായതിന് പിന്നാലെ ഭര്‍ത്താവിനെയും മകളെയും കുറിച്ച് വന്ന വാര്‍ത്തകള്‍ തന്നെ വല്ലാതെ വേദനിപ്പിച്ചുവെന്നും കല്‍പ്പന കൊച്ചിയില്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
”എനിക്ക് അങ്ങനെ സംഭവിച്ചതിനേക്കാള്‍ എന്നെ തകര്‍ത്തത് ഭര്‍ത്താവിനെക്കുറിച്ച് വന്ന വാര്‍ത്തകളാണ്. ഞങ്ങള്‍ തമ്മില്‍ എന്തോ വലിയ പ്രശ്നമുണ്ടെന്നും അതുകൊണ്ട് ഞാന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചുവെന്നും. ഞാനും അദ്ദേഹവുമായി യാതൊരു പ്രശ്നങ്ങളും ഇല്ല. അത്ര സന്തോഷത്തിലാണ് ഇത്രയും കാലം ജീവിച്ചത്. ഞാന്‍ ഈ ലോകത്ത് ഏറ്റവും ആദരിക്കുന്ന വ്യക്തിയാണ് അദ്ദേഹം.
ഭര്‍ത്താവുമായി വിഡിയോ കോളില്‍ സംസാരിക്കുമ്പോഴാണ് ഞാന്‍ പെട്ടന്ന് ഉറങ്ങിപ്പോയത്. മരുന്നിന്റെ ഡോസ് കൂടിപ്പോയതിനാല്‍ ബോധം കെട്ടുപോയതായിരുന്നു. ഞാന്‍ ഫോണ്‍ എടുക്കാതെ വന്നപ്പോള്‍ എന്തോ പ്രശ്നമുണ്ടെന്ന് ഭര്‍ത്താവിന് തോന്നി. അദ്ദേഹം കൃത്യ സമയത്ത് ഇടപെട്ടത് കൊണ്ട് എന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിനാലാണ് ഞാന്‍ രക്ഷപ്പെട്ടത്. ഇന്നു ഞാന്‍ ജീവനോടെ തിരിച്ചുവന്ന് എല്ലാവരോടും സംസാരിക്കുന്നു എങ്കില്‍ അതിന് കാരണം എന്റെ ഭര്‍ത്താവാണ്. തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് അവസാനിപ്പിക്കുക.
ഈ പ്രായത്തില്‍ ഞാന്‍ പിഎച്ച്ഡി, എല്‍എല്‍ബി എന്നിങ്ങനെ വിവിധ കോഴ്‌സുകള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. ഇതിന് പുറമേ സംഗീത കരിയറിലും അതീവശ്രദ്ധാലുവാണ്. സമ്മര്‍ദ്ദം കൂടുതലായതിനാല്‍ എനിക്ക് കുറേ വര്‍ഷമായി ശരിയായി ഉറക്കം ലഭിക്കാറില്ല. ഉറക്കമില്ലായ്മ ഉള്ളവര്‍ക്ക് ഞാന്‍ പറയുന്നത് മനസ്സിലാകും. ഇക്കാര്യത്തില്‍ ചികിത്സ തേടിയപ്പോള്‍ ഡോക്ടറാണ് മരുന്ന് കഴിക്കാന്‍ ആവശ്യപ്പെട്ടത്. എട്ട് ഗുളികകള്‍ കഴിച്ചിട്ടും ഉറങ്ങാനായില്ല. എന്നിട്ടും ഉറക്കം വരാതായപ്പോള്‍ പിന്നെയും കഴിച്ചു. ഒരു ഘട്ടം കഴിഞ്ഞപ്പോള്‍ എണ്ണം പോലും ഓര്‍മയില്ലാതായി. അതോടെ ബോധരഹിതയായി വീണു. അതിനുശേഷം എന്താണ് സംഭവിച്ചതെന്ന് അറിയില്ല”, കല്‍പ്പന പറഞ്ഞു.
Post Your Comments