Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
GeneralLatest NewsMollywoodNEWSTV ShowsWOODs

ഗുരുതരാവസ്ഥയില്‍ 28 ദിവസം ആശുപത്രി കിടക്കയില്‍! പിന്നീട് അവസരങ്ങളൊന്നുമില്ലാതെ കുറച്ചു നാള്‍: അനീഷ് രവി

'മിന്നുകെട്ട്' എന്ന സീരിയലും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു

കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അനീഷ് രവി. തനിക്ക് സംഭവിച്ച അപകടത്തെ കുറിച്ചും പിന്നീട് വീണ്ടും അഭിനയത്തിലേക്ക് തിരിച്ച്‌ വന്നതിനെ കുറിച്ചും അനീഷ് രവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഷൂട്ടിങ്ങിനിടെ ഗുരുതരമായി പൊള്ളലേറ്റ് ഒരു മാസത്തോളം ആശുപത്രിയില്‍ കിടക്കുകയും അവസരങ്ങള്‍ ഇല്ലാതാവുകയും ചെയ്തിരുന്നു. മകന്‍ ജനിച്ച ദിവസമാണ് വീണ്ടും അഭിനയിക്കാന്‍ അവസരം ലഭിക്കുന്നത്. ഇപ്പോള്‍ മകന്‍ വളര്‍ന്ന് വലുതായി എന്നും അനീഷ് ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

അനീഷ് രവിയുടെ കുറിപ്പ്:

വര്‍ഷങ്ങള്‍ പോയതറിയാതെ….! സിനി ടൈംസ് നിര്‍മ്മിച്ച്‌ ജ്ഞാനശീലന്‍ സര്‍ സംവിധാനം ചെയ്ത് സൂര്യ ടിവിയില്‍ ടെലികാസ്റ്റ് ചെയ്ത എക്കാലത്തേയും മികച്ചതും മലയാളത്തില്‍ 1000 എപ്പിസോഡ് പിന്നിടുകയും ചെയ്ത ആദ്യ സീരിയലുമായിരുന്നു ‘മിന്നുകെട്ട്’. അന്നൊരിയ്ക്കല്‍ ഓപ്പോള്‍ എന്ന സീരിയലിന്റെ ഷൂട്ടിങ്ങിനിടയില്‍ ഉണ്ടായ തീ പിടുത്തത്തില്‍ എനിക്ക് പൊള്ളലേറ്റു. ഗുരുതരാവസ്ഥയില്‍ 28 ദിവസം ആശുപത്രി കിടക്കയില്‍! പിന്നീട് അവസരങ്ങളൊന്നുമില്ലാതെ കുറച്ചു നാള്‍. ആയിടയ്ക്കാണ് വൈകുന്നേരങ്ങളില്‍ മലയാളികളുടെ സ്വീകരണമുറികളില്‍ നിന്ന് പുറത്തേയ്ക്ക് കേള്‍ക്കുന്ന ‘അശകോശലെ പെണ്ണുണ്ടോ പെണ്ണിന് മിന്നുണ്ടോ’ എന്ന ഗാനം സകല മലയാളിയുടെയും നാവില്‍ തത്തി കളിക്കാന്‍ തുടങ്ങിയത്.

പിന്നീട് …പിന്നീട് ആ അവതരണ ഗാനവും ‘മിന്നുകെട്ട്’ എന്ന സീരിയലും മലയാളിയുടെ നിത്യ ജീവിതത്തിന്റെ ഒരു ഭാഗമായി മാറുകയായിരുന്നു. ഒരു തിരിച്ചു വരവിനായി കാത്തിരുന്ന എനിയ്ക്ക് അന്ന് ഒരാശ്വാസമായത് ആനന്ദേട്ടന്റെ (നടന്‍ ആനന്ദ് കുമാര്‍) വാക്കുകളായിരുന്നു. മിന്നുകെട്ടിലെ വിശ്വം എന്ന നായക കഥാപാത്രത്തിന് ജീവന്‍ നല്‍കിയ ആനന്ദേട്ടന്‍ ഇടയ്കിടയ്ക്ക് എന്നെ വിളിച്ചു പറയുമായിരുന്നു, എടാ നിനക്ക് പറ്റിയ ഒരു കഥാപാത്രം വരുന്നുണ്ട് എന്ന്. ഈ നാളുകള്‍ കൊണ്ട് മലയാളികളുടെ മനസ്സ് മുഴുവന്‍ കീഴടക്കി ‘മിന്നുകെട്ട്’ റേറ്റിംഗില്‍ ഒന്നാം സ്ഥാനത്തേയ്ക്ക് കുതിയ്ക്കാന്‍ തുടങ്ങികഴിഞ്ഞിരുന്നു… ഒടുവില്‍ ആ വിളി വരുമ്ബോ ഞാന്‍ ജീവിതത്തിലെ ഏറ്റവും ടെന്‍ഷന്‍ അനുഭവിച്ച നിമിഷങ്ങളിലൂടെ കടന്നു പൊയ്‌ക്കൊണ്ടിരിയ്ക്കുകയായിരുന്നു.

കോസ്‌മോ ഹോസ്പിറ്റലില്‍ സുമി അകത്ത് പ്രസവ വേദനയില്‍, പ്രാര്‍ത്ഥനകളോടെ ലേബര്‍ റൂമിന് പുറത്ത് ഞാനും. ഡാ… തൃശൂരിലേക്ക് കേറിയ്‌ക്കോ നാളെ നിന്നെ ഇവിടെ വേണം ആനന്ദേട്ടന്‍ ഫോണ്‍ കട്ട് ചെയ്തു…! അകത്ത് നിന്ന് നേഴ്‌സ് വന്നു ചോദിച്ചു …ജയലക്ഷ്മിയുടെ കൂടെ ഉള്ളവര്‍….? ഞാന്‍ ഓടിച്ചെന്നു ആണ്‍ കുഞ്ഞാ… മേയ് നാല് ( പൂരുരുട്ടാതി). സന്തോഷത്തിന്റെ ഇരട്ടി മധുരത്തില്‍ കണ്ണ് നീരിന് തേനിന്റെ രുചിയായിരുന്നു…. വൈകുന്നേരമായപ്പോ മോനെ ഒന്ന് കയ്യിലെടുത്ത് കൊതി തീരാതെ നോക്കി നിന്നു …കുറേ നേരം …. പിന്നെ….. മനസ്സില്ലാമനസോടെ എന്നാല്‍ ഏറെ പ്രതീക്ഷകളോടെ തൃശൂരിലേയ്ക്ക് യാത്ര തിരിച്ചു. മേയ് 5 ന് കാലത്ത് തൃശൂരെത്തി…! എല്ലാ അര്‍ത്ഥത്തിലും പുതിയ ഒരിടം. പതിയെ… പതിയെ ഞാനും ആ കുടുംബത്തിലെ ഒരു പ്രധാന അംഗമായി മാറി…

എന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും മികച്ച കഥാപാത്രങ്ങളിലൊന്ന് വിമല്‍ ആര്‍ മേനോന്‍ look achuu…look aunty…. 1133 എപ്പിസോഡുകളിലായി ആ പരമ്ബര അവസാനിച്ചു. സിനി ടൈംസ് തമിഴില്‍ നിര്‍മ്മിച്ച മേഖല എന്ന പുതിയ പരമ്ബരയിലെ അന്‍പ് എന്ന പ്രധാന കഥാപാത്രമായി ഞാന്‍ മാറുന്നു…. കാലം പിന്നെയും കടന്നു പൊയ്‌ക്കൊണ്ടേയിരുന്നു. പുതിയ പുതിയ വേഷങ്ങള്‍ വ്യക്തികള്‍…. സ്ഥലങ്ങള്‍… വിശേഷങ്ങള്‍… ഇപ്പോ ദേ ഉണ്ണി എന്നെക്കാള്‍ വളര്‍ന്നു…. മിടുക്കനായി…. ഇന്നവന്‍ പുറത്തേക്കിറങ്ങുമ്ബോ ചുമ്മാ ഒന്ന് ക്ലിക്ക് ചെയ്തതാ… മക്കള്‍ വളരുന്നതിനൊപ്പം മാതാപിതാക്കളുടെ ഉള്ളിലെ പ്രതീക്ഷകളും വളര്‍ന്നു കൊണ്ടെയിരിക്കും….! കാലം വല്ലാത്ത കാലമാണ്…! ജീവിതയാത്രയിലെ പ്രതിസന്ധികളെ നേര്‍വഴിയില്‍ തരണം ചെയ്യാന്‍ മറ്റ് മക്കളെ പോലെ എന്റെ മകനും കഴിയട്ടെ എന്ന പ്രത്യാശയോടെ……പ്രതീക്ഷയോടെ….

shortlink

Related Articles

Post Your Comments


Back to top button