
കൊച്ചി: മാർക്കോ സിനിമക്ക് ടിവിയിൽ സംപ്രേഷണ അനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കളുടെ സംഘടന. സെൻസർ നൽകിയ ശേഷം സംപ്രേഷണ അനുമതി നിഷേധിച്ചത് ശരിയല്ല. കുറ്റകൃത്യങ്ങൾക്ക് സിനിമ പ്രേരണയാകുന്നുവെന്ന ആരോപണം അംഗീകരിക്കാൻ സാധിക്കില്ലെന്നും നിർമാതാക്കളുടെ സംഘടന പറഞ്ഞു.
വയലൻസുളള നിരവധി പരിപാടികൾ യഥേഷ്ടം യൂട്യൂബിലും ഒടിടിയിലും ലഭ്യമാണെന്നിരിക്കെ സിനിമയിലെ വയലൻസാണ് കുറ്റകൃത്യങ്ങൾക്ക് പ്രേരണയാകുന്നതെന്ന ആരോപണം അംഗീകരിക്കാനാകില്ലെന്നാണ് നിർമാതാക്കളുടെ സംഘടന അറിയിക്കുന്നത്. കുട്ടികൾ കളിക്കുന്ന പല ഗെയിമുകളിൽ പോലും വയലൻസ് ഉൾപ്പെടുന്നു. ഇത് നിയന്ത്രിക്കാനുളള സംവിധാനങ്ങളില്ല.
എന്നാൽ കൃത്യമായി സെൻസറിങ്ങിന് വിധേയമായ ഒരു സിനിമയ്ക്ക് പിന്നീട് പ്രദർശനാനുമതി നിഷേധിക്കുന്നത് ശരിയല്ലെന്നും സംഘടന കൂട്ടിച്ചേർത്തു. സിനിമാമേഖലയുമായി ബന്ധപ്പെട്ടുളള ലഹരി ഉപയോഗത്തിൽ നടപടിയെടുക്കണമെന്ന് നേരത്തെ തന്നെ സർക്കാരിനോട് പരസ്യമായി നിലപാടെടുത്തവരാണ് തങ്ങളെന്നും എന്നാൽ മാതൃകാപരമായ ഒരു നടപടിയും സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടായില്ലെന്നും സംഘടന കുറ്റപ്പെടുത്തി.
Post Your Comments