“പാപ്പച്ചൻ ചേട്ടാ….. ഒരാളെ ഞാനങ്ങോട്ടു പരിചയപ്പെടുത്തട്ടെ… ഈ അയൽവക്കംകാരൊക്കെ ഇട്ടിട്ടു പോയി എന്ന പരാതി വേണ്ട…കാതുകുത്തിയവൻ പോയാൽ കടുക്കനിട്ടവനെ ഞാൻ കൊണ്ടുവരും…”
“എൻ്റെ പേരു സ്റ്റീഫൻ ..ഈ റോഡിൻ്റെ പണിക്കു വേണ്ടി വന്നതാ…”
നാട്ടിലെ എല്ലാക്കാര്യത്തിലും ഓടി നടന്നു തലയിടുന്ന ‘മെംബർ’, അവിടെ പുതുതായി എത്തിയ റോഡുപണി സൂപ്പർവൈസറെ നാട്ടുകാർക്കിടയിൽ പരിചയപ്പെടുത്തുന്നതിലെ ചില രംഗങ്ങളായിരുന്നു ഈ ദൃശ്യങ്ങളിൽ കാണാൻ കഴിഞ്ഞത്.
സ്റ്റീഫനെ ദിലീഷ് പോത്തനും, മെംബറെ ജാഫർ ഇടുക്കിയുമാണവതരിപ്പിച്ചിരിക്കുന്നത്. കാപി പ്രൊഡക്ഷൻസ് നിർമിച്ച് തോമസ് സെബാസ്‌റ്റ്യൻ സംവി ധാനം ചെയ്യുന്ന അം അ : എന്ന ചിത്രത്തിൻ്റെ ഇന്നു പുറത്തുവിട്ട ഒഫീഷ്യൽ ട്രീസറിലെ ചില ഭാഗങ്ങളായിരുന്നു ഇത്.
ഒരു മലയോര ഗ്രാമത്തിൻ്റെ പശ്ചാത്തലത്തിലൂടെയാണ് ഈ ചിത്രത്തിൻ്റെ അവതരണം.
അവിടെ റോഡു പണിക്കെത്തുന്ന ഒരു സൂപ്പർവൈസർ സ്റ്റീഫൻ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചു കൊണ്ട് ആഗ്രാമത്തിൻ്റെ നേർക്കാഴ്ച്ചയാണ് തോമസ് സെബാസ്റ്റ്യൻ ഈ ചിത്രത്തിലൂടെ കാട്ടിത്തരുന്നത്.
സ്റ്റീഫൻ ആ നാട്ടിലെ ജനങ്ങളുമായി ഇടപഴകുകയും, അതിലൂട ചില സത്യങ്ങളുടെ തിരിച്ചറിവുകളുമൊക്കെ ഈ ചിത്രത്തെ സ്പർശിക്കുന്നുണ്ട്.
സൂപ്പർവൈസറും ഈ നാട്ടുകാരും തമ്മിലുള്ള ആത്മബന്ധവും ഈ ചിത്രത്തിൻ്റെ അകമ്പടിയായുണ്ട് .
തികഞ്ഞ ഫാമിലി ഡ്രാമയെന്ന് ഒറ്റവാക്കിൽ ഈ ചിത്രത്തെക്കുറിച്ചു പറയാം.
മലയോര ഗ്രാമത്തിൻ്റെ ജീവിത രീതികളെ ചേർത്തു നിർത്തി തികച്ചും റിയലിസ്റ്റിക്കായി അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിൽ. അലൻസിയർ, ടി.ജി. രവി, രഘുനാഥ് പലേരി, ജയരാജ് കോഴിക്കോട്, നവാസ് വള്ളിക്കുന്ന്, തമിഴ് താരം ദേവദർശിനി, മീരാവാസുദേവ്, ശ്രുതി ജയൻ മാലാ പാർവ്വതി, മുത്തുമണി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.
തിരക്കഥ – കവിപ്രസാദ് ഗോപിനാഥ്. സംഗീതം – ഗോപി സുന്ദർ. ഛായാഗ്രഹണം – അനീഷ് ലാൽ. എഡിറ്റിംഗ് – ബിജിത് ബാല. കലാ സംവിധാനം – പ്രശാന്ത് മാധവ്. മേക്കപ്പ് – രഞ്ജിത്ത് അമ്പാടി. കോസ്റ്റ്യും ഡിസൈൻ – കുമാർ എടപ്പാൾ. സ്റ്റിൽസ്- സിനറ്റ് സേവ്യർ. ചീഫ് അസ്സോസ്സിയേറ്റ് ഡയറയക്ടർ – ഗിരീഷ് മാരാർ. അസ്സോസ്സിയേറ്റ് ഡയറക്ടർ – ഷാമിലിൻ ജേക്കബ്ബ്. നിർമ്മാണ നിർവ്വഹണം – ഗിരീഷ് അത്തോളി. തൊടുപുഴയിലും പരിസരങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ഈ ചിത്രം ജനുവരി ഇരുപത്തിനാലിന് രാജശ്രീ ഫിലിംസ് പ്രദർശനത്തിനെത്തിക്കുന്നു.
വാഴൂർ ജോസ്.
Post Your Comments