GeneralLatest News

ചക്രവ്യൂഹത്തിലാക്കിയത് സിപിഎമ്മിനെ! സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ രഞ്ജിത്തിനെയും മുകേഷിനെയും അറസ്റ്റ് ചെയ്യേണ്ടി വരും

തിരുവനന്തപുരം: യുവനടിയുടെ പരാതിയിൽ നടൻ സിദ്ദിഖിനെതിരെ ബലാൽസംഗക്കുറ്റം ചുമത്തി കേസെടുത്തതോടെ നടന്റെ അറസ്റ്റ് ഉടനുണ്ടാകും എന്നുറപ്പായി. 2016 തലസ്ഥാനത്തെ ഹോട്ടലിൽവച്ച് പീഡിപ്പിച്ചെന്ന നടിയുടെ പരാതിയിലാണ് മ്യൂസിയം പൊലീസ് സി​ദ്ദിഖിനെതിരെ കേസെടുത്തിരിക്കുന്നത്. ഭാരതീയ ന്യായ സംഹിതയിലെ 376, 506 വകുപ്പുകൾ അനുസരിച്ച് കേസെടുത്തതോടെ നടനെ അറസ്റ്റ് ചെയ്യാനും വഴിതെളിഞ്ഞിരിക്കുകയാണ്.

സിദ്ദിഖിനെതിരായ കുറ്റം തെളിഞ്ഞാൽ, ബലാൽസംഗത്തിന് 376 വകുപ്പ് അനുസരിച്ച് പത്തു വർഷത്തിൽ കുറയാത്തും ജീവപര്യന്തംവരെ നീണ്ടേക്കാവുന്നതുമായ തടവും പിഴയും ശിക്ഷ ലഭിക്കാം. 506 അനുസരിച്ച് ഭീഷണിപ്പെടുത്തലിന് രണ്ടുവർഷംവരെ തടവോ പിഴയോ രണ്ടുകൂടിയ ശിക്ഷയും ലഭിക്കും.നടൻ സിദ്ദിഖ് ഉപദ്രവിച്ചെന്ന് വെളിപ്പെടുത്തി യുവതി രം​ഗത്തെത്തിയതിന് പിന്നാലെ സിദ്ദിഖ് അമ്മയുടെ ജനറൽ സെക്രട്ടറിപദം ഒഴിഞ്ഞിരുന്നു.

തനിക്ക് മാത്രമല്ല, പല സുഹൃത്തുക്കൾക്കും സിദ്ദിഖിൽ നിന്ന് ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്നും നടി വെളിപ്പെടുത്തിയിരുന്നു. പ്ലസ് ടു കഴിഞ്ഞ സമയത്ത് സമൂഹമാധ്യമം വഴി ബന്ധപ്പെട്ടിരുന്നു. പിന്നീട് ‘സുഖമായിരിക്കട്ടെ’ എന്ന സിനിമയുടെ പ്രിവ്യൂ ഷോ കഴിഞ്ഞ് മാസ്കറ്റ് ഹോട്ടലിൽ ചർച്ചയ്ക്കു വിളിച്ചു. അവിടെ ചെന്നപ്പോഴാണ് ലൈംഗികമായി ഉപദ്രവിച്ചതെന്നാണ് നടിയുടെ വെളിപ്പെടുത്തൽ.

അതേസമയം, സർക്കാരിനെ കുഴയ്ക്കുന്നത് സിദ്ദിഖിന്റെ അറസ്റ്റോ ശിക്ഷയോ അല്ല. മറിച്ച്, സിദ്ദിഖിനെ അറസ്റ്റ് ചെയ്താൽ സമാനമായ ആരോപണം നേരിടുന്ന സംവിധായകൻ രഞ്ജിത്തിനെ അറസ്റ്റ് ചെയ്യേണ്ടി വരും. ബം​ഗാളി നടിയുടെ പരാതിയിൽ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തിട്ടുണ്ട്. ഇടത് സഹയാത്രികനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്ജിത്തിനെ അറസ്റ്റ് ചെയ്താൽ, ലൈം​ഗികാരോപണം നേരിടുന്ന സിപിഎം എംഎൽഎയും നടനുമായ മുകേഷിനെതിരെയും കേസ് രജിസ്റ്റർ ചെയ്ത് അറസ്റ്റ് ചെയ്യേണ്ടി വരും. അങ്ങനെ വന്നാൽ അത് സിപിഎമ്മിന് ഉണ്ടാക്കുന്ന പ്രത്യാഘാതം ചെറുതായിരിക്കില്ല.

സംവിധായകൻ രഞ്ജിത്തിനെതിരെ ക്രിമിനൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഇ-മെയിൽ വഴിയാണ് നടി പരാതി നൽകിയത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കാണ് നടി പരാതി നൽകിയത്. ‘ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൽ സ്പർശിച്ചു. സംഭവം നടന്നത് കൊച്ചി കടവന്ത്രയിലെ ഫ്ളാറ്റിൽ വെച്ചാണ്. ഫ്ളാറ്റിലേക്ക് ക്ഷണിച്ചത് രഞ്ജിത്താണ്. പാലേരി മാണിക്യം സിനിമയിൽ അഭിനയിക്കാനാണ് ക്ഷണിച്ചത്. സിനിമയല്ല ഉദ്ദേശം എന്ന് മനസിലായതോടെ ഹോട്ടൽ റൂമിലേക്ക് മടങ്ങി.

സംഭവത്തെ കുറിച്ച് സൃഹൃത്തായ സംവിധായകൻ ജോഷി ജോസഫിനെ അറിയിച്ചിരുന്നുവെന്നും നടിയുടെ പരാതിയിൽ പറയുന്നു. രഞ്ജിത് സംവിധാനം ചെയ്ത പാലേരിമാണിക്യം എന്ന ചിത്രത്തിൽ അഭിനയിക്കാനെത്തിയപ്പോഴായിരുന്നു ദുരനുഭവമുണ്ടായതെന്ന് നടി വെളിപ്പെടുത്തിയിരുന്നു. റൂമിലേക്ക് വിളിച്ചുവരുത്തിയ ശേഷം കയ്യിലും വളകളിലും പിന്നീട് കഴുത്തിലും മുടിയിലും തലോടി’യെന്നും നടി വെളിപ്പെടുത്തിയിരുന്നു.

അതേസമയം, മുകേഷിനെതിരായ ആരോപണം ഇതിലും ​ഗുരുതരമാണ്. നടൻ മുകേഷ് ശാരീരികമായി ഉപദ്രവിച്ചുവെന്ന പരാതി നടി മീനു മുനീർ ആണ് കഴിഞ്ഞ ദിവസം ഉന്നയിച്ചത്. കലണ്ടർ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ ഹോട്ടലിൽ വെച്ച് മുകേഷ് കടന്നുപിടിച്ചെന്നാണ് മീനുവിൻറെ ആരോപണം. എതിർത്തതിനാൽ അമ്മയിലെ തൻറെ അംഗത്വ അപേക്ഷ മുകേഷ് ഇടപെട്ട് തള്ളിയെന്നും മീനു ആരോപിച്ചു. മുകേഷിനെതിരെ നേരത്തെ കാസ്റ്റിങ് ഡയറക്ടർ ടെസ് ജോസഫും ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരുന്നു.

ടെസ് ജോസഫ് 2018ലാണ് മുകേഷിനെതിരെ ആദ്യമായി മീ ടു ആരോപണം ഉന്നയിച്ചത്. കോടീശ്വരൻ എന്ന ടെലിവിഷൻ പരിപാടിക്കിടെയുള്ള അനുഭവമാണ് ടെസ് തോമസ് വെളിപ്പെടുത്തിയത്. അന്ന് തനിക്ക് 20 വയസ്സായിരുന്നുവെന്നും പരിപാടിയുടെ സമയത്ത് നടൻ മുകേഷ് തന്നെ ഹോട്ടൽ റൂമിലെ ഫോണിൽ വിളിച്ച് നിരന്തരം ശല്യപ്പെടുത്തുമായിരുന്നുവെന്നും ടെസ് പറഞ്ഞു. നിയമം അധികാരമുള്ളവർക്ക് വേണ്ടിയാണെന്നും സ്ഥിതി മെച്ചപ്പെടുമെന്ന് എങ്ങനെ കരുതാനാകുമെന്നും ടെസ് ജോസഫ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.

നടി സന്ധ്യയും മുകേഷിനെതിരെ ആരോപണം ഉയർത്തി രം​ഗത്തെത്തി. സുഹൃത്തായ നടിയുടെ വീട്ടിലെത്തിയ മുകേഷ് അവരുടെ അമ്മയോട് അപമര്യാദയായി പെരുമാറിയെന്നും അവർ മുകേഷിനെ വീട്ടിൽ നിന്ന് ആട്ടിപ്പായിച്ചെന്നും സന്ധ്യ വെളിപ്പെടുത്തി. നടിയുടെ മേൽവിലാസം കണ്ടുപിടിച്ച് അവരുടെ വീട്ടിൽ ചെന്നു. വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്ത് നടിയുടെ അമ്മയോട് മോശമായി പെരുമാറി. അവർ മുകേഷിനെ അടിച്ച് പുറത്താക്കി എന്നാണ് സന്ധ്യയുടെ വെളിപ്പെടുത്തൽ.

മീനുവിന്റെ വെളിപ്പെടുത്തലിലും പൊലീസിന് കേസെടുക്കാതിരിക്കാനാകില്ല. അങ്ങനെ വന്നാൽ അറസ്റ്റ് അല്ലാതെ മറ്റു വഴിയും പൊലീസിന് മുന്നിലില്ല. ഇനി, മുകേഷിനെ സംരക്ഷിക്കാൻ വേണ്ടി സിദ്ദിഖിന്റെയും രഞ്ജിത്തിന്റെയും രാജി ഒഴിവാക്കിയാൽ സിപിഎമ്മും സർക്കാരും പൊതുസമൂഹത്തിൽ കൂടുതൽ അപഹാസ്യരാകും. സിപിഎമ്മും ഇടതുപക്ഷവും ഇതുവരെ പറഞ്ഞിരുന്ന സ്ത്രീപക്ഷവാദം വെറും കാപട്യമാണെന്ന് പ്രതിപക്ഷം ഉൾപ്പെടെ പ്രചരിപ്പിക്കും.

സിദ്ദിഖിനെ അറസ്റ്റ് ചെയ്യുകയും രഞ്ജിത്തിനെയും മുകേഷിനെയും അറസ്റ്റ് ചെയ്യാതിരിക്കുകയും ചെയ്താലും സിപിഎമ്മിനും സർക്കാരിനും വലിയ വിമർശനങ്ങളെയാകും നേരിടേണ്ടി വരിക. ഫലത്തിൽ സിനിമാ മേഖലയിലെ ലൈം​ഗികാരോപണങ്ങളിൽ വെട്ടിൽ വീണിരിക്കുന്നത് സംസ്ഥാന സർക്കാരും സിപിഎമ്മുമാണ്.

shortlink

Related Articles

Post Your Comments


Back to top button