സിനിമാ മേഖല ഒരു കുത്തഴിഞ്ഞ മേഖലയാണെന്ന് നടനും രാഷ്ട്രീയപ്രവർത്തകനുമായ കൃഷ്ണകുമാർ. ഞാൻ സിനിമയിൽ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം തന്റെ മക്കൾക്ക് സിനിമ കുറവെന്നും കൃഷ്ണകുമാർ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിനെ കുറിച്ച് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
താരത്തിന്റെ വാക്കുകളിലേക്ക്
“പലരുടെയും ജെനുവിനായ അനുഭവങ്ങൾ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പകർത്തിയിട്ടുണ്ട്. പകർത്തിയ അനുഭവങ്ങളെല്ലാമുള്ള റിപ്പോർട്ട് നാലര വർഷം പൂഴ്ത്തി വെച്ചിരുന്നു. പിന്നീട് അത് പുറത്ത് വന്നപ്പോൾ അഞ്ചിരട്ടിയോളം ഭാഗങ്ങൾ സർക്കാർ മൂടിവെച്ചിരിക്കുന്നു. ആരെയാണ് സംരക്ഷിക്കാൻ പോകുന്നത്. ഇതുമായി ബന്ധപ്പെടുത്തി ഒരു കാര്യം പറയാം. കൽക്കട്ടയിൽ ഒരു പെൺകുട്ടി കൊല്ലപ്പെട്ട സംഭവമുണ്ടായി. കൊലപ്പെടുത്തിയ രീതി പറയാൻ പോലും കഴിയില്ല.
അത്രയ്ക്കും പൈശാചികമായിരുന്നു. അതിന് എതിരെ ഒന്നും ഇവിടെ വലിയൊരു പ്രതികരണം കാണുന്നില്ല. പക്ഷെ സിനിമ മേഖലയിലേത് പുറത്ത് വരുമ്പോൾ പ്രതികരണം വരുന്നുണ്ട്. എന്നാൽ പ്രതികരിക്കേണ്ട പലരും നിശബ്ദരാകുന്നു. ആരെങ്കിലും ആക്രമിക്കപ്പെട്ട് കഴിഞ്ഞാൽ മതം, രാഷ്ട്രീയമൊക്കെ നോക്കിയാണ് പ്രതികരണം വരുന്നത്.
എന്നാൽ നല്ലൊരു റിപ്പോർട്ടാണ് ഇപ്പോൾ വന്നിരിക്കുകയാണ്. ജനങ്ങൾ പോലും അത് അംഗീകരിച്ച് കഴിഞ്ഞു. സിനിമ ജനങ്ങൾ ഇഷ്ടപ്പെടുന്ന മേഖലയാണ്. സിനിമ മേഖലയിൽ പലതും നടക്കുന്നുണ്ടെന്ന് ജനങ്ങൾക്ക് സംശയമുണ്ടായിരുന്നു. ആ സംശയത്തിനെ ഇപ്പോൾ ഈ റിപ്പോർട്ടിലൂടെ ക്ലിയറാക്കി കൊടുത്തിരിക്കുന്നു. റിപ്പോർട്ട് വെച്ച് എത്രയും വേഗം സർക്കാർ നടപടിയിലേക്ക് നീങ്ങണം.
അതുപോലെ ഫാസ്റ്റ് കോർട്ട് പോലുള്ള സംവിധാനങ്ങൾ ഉണ്ടാക്കി കോടതികളുമായി ചേർന്ന് നടപടിയുണ്ടാക്കി ശിക്ഷ വാങ്ങി കൊടുക്കാൻ കഴിഞ്ഞാൽ സർക്കാരിനും സിനിമ മേഖലയിൽ നിൽക്കുന്നവർക്കും ഒരു നേട്ടമുണ്ടാകും. എത്രയും വേഗം നടപടിയെടുക്കണം. ഒപ്പം ശിക്ഷ നടപടിയും വേണം. എങ്കിലെ ഭയം ഉണ്ടാക്കാൻ പറ്റു.
സിനിമാ മേഖല ഒരു കുത്തഴിഞ്ഞ മേഖലയാണ്. ഞാൻ സിനിമയിൽ വന്നിട്ട് മുപ്പത്തിയഞ്ചോളം വർഷമായി. എന്റെ മക്കളും ഈ മേഖലയിലുണ്ട്. കാസ്റ്റിംഗ് കൗച്ചിൽ നിന്നും രക്ഷപ്പെട്ട് വന്നതുകൊണ്ടാകാം എന്റെ മക്കൾക്ക് സിനിമ കുറവ്.
മലയാള സിനിമയിലെ പുഴുക്കുത്തുകളുടെ എണ്ണം കൂടി വരികയാണ്. പവർ ഗ്രൂപ്പെന്നത് ഇപ്പോൾ പറയുന്ന വാക്കാണ്. പണ്ട് മുതൽ തന്നെ ഇത്തരം ഗ്രൂപ്പുകളുണ്ട്. ലോബികൾ എന്നാണ് പറയാറ്. തിരുവനന്തപുരം ലോബി, മട്ടാഞ്ചേരി ലോബി എന്നിങ്ങനെ പോകുന്നു. ഞാൻ ഒരു ലോബിയുടേയും ഭാഗമല്ല. കാരണം ഞാൻ സിനിമയിൽ ഒരു സക്സസല്ല. പക്ഷെ എല്ലാം വ്യക്തമായി കാണുന്നുണ്ടായിരുന്നു.
എന്നാൽ പരാതി പറയാൻ പോലും ഒരു സ്ഥലമില്ല. കഴിഞ്ഞ ഒരു അഞ്ച് കൊല്ലമായാണ് പെൺകുട്ടികൾ എന്തെങ്കിലും പുറത്ത് വന്ന് പറഞ്ഞ് തുടങ്ങുന്നത്. അമ്മയിൽ ഞാനും അംഗമാണ്. അമ്മയ്ക്ക് പരിമിതികളുണ്ട്. അതൊരു കൂട്ടായ്മ മാത്രമാണ്. പക്ഷെ അമ്മ മുൻകയ്യെടുത്ത് സർക്കാരിനോട് പറഞ്ഞ് അന്വേഷണം നടത്തണം. പ്രതികളാരാണെന്ന് സൂചനയുണ്ടെങ്കിൽ നടപടിയെടുക്കണമെന്നാണ്” കൃഷ്ണകുമാർ പറഞ്ഞത്.
Post Your Comments