തെഗിഡി ഫെയിം തമിഴ് നടൻ പ്രദീപ് കെ വിജയൻ അന്തരിച്ചു. 45 വയസ്സായിരുന്നു. തെഗിഡി, ഹേ സിനാമിക തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രശസ്തനായ നടൻ പ്രദീപ് കെ വിജയനെ ചെന്നൈയിലെ വസതിയിലെ കുളിമുറിയില്‍ തലയ്ക്ക് പരിക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രദീപിൻ്റെ സുഹൃത്ത് കഴിഞ്ഞ രണ്ടു ദിവസമായി അദ്ദേഹത്തെ ബന്ധപ്പെടാൻ ശ്രമിച്ചുവെങ്കിലും സാധിച്ചിരുന്നില്ല. വീട്ടില്‍ ചെന്നെങ്കിലും വാതില്‍ തുറക്കാത്തതിനെ തുടർന്ന് പോലീസില്‍ ബന്ധപ്പെടുകയായിരുന്നു.
പോലീസ് വാതില്‍ തകർത്ത് അകത്ത് കടന്നപ്പോഴാണ് നടനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശ്വാസതടസ്സവും തലകറക്കവും അനുഭവപ്പെട്ടതായി പ്രദീപ് അടുത്തിടെ പറഞ്ഞിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി സർക്കാർ ആശുപത്രിയിലേക്ക് അയച്ചു.
2023ല്‍ രാഘവ ലോറൻസിനൊപ്പം രുദ്രൻ എന്ന ചിത്രത്തിലാണ് പ്രദീപ് അവസാനമായി അഭിനയിച്ചത്. ജൂണ്‍ 14 ന് തിയറ്ററുകളില്‍ റിലീസ് ചെയ്യുന്ന വിജയ് സേതുപതിയുടെയും അനുരാഗ് കശ്യപിൻ്റെയും ചിത്രമായ മഹാരാജയിലും പ്രദീപ് വേഷമിട്ടിട്ടുണ്ട്.
Post Your Comments