മമ്മൂട്ടിയുടെ ടർബോ തിയേറ്ററില്‍ സമ്മിശ്ര പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിൽ അമ്മ വേഷത്തിൽ എത്തിയ ബിന്ദു പണിക്കരുടെ പ്രകടനത്തിനു കയ്യടി ലഭിക്കുകയാണ്. എന്നാൽ, സിനിമയില്‍ അമ്മ വേഷം ആദ്യം ചെയ്യാനിരുന്നത് മല്ലിക സുകുമാരനാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകൻ വൈശാഖ്.
ഈ കഥാപാത്രത്തിനായി ആദ്യം സമീപിച്ചത് മല്ലിക സുകുമാരനെയാണെന്നും ആരോഗ്യ പ്രശ്നങ്ങള്‍ കാരണം അവസാന നിമിഷം അവർ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും വൈശാഖ് ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവച്ചു.
‘ടർബോ സിനിമയില്‍ ആദ്യം അമ്മയുടെ വേഷം ചെയ്യാൻ തീരുമാനിച്ചത് മല്ലിക സുകുമാരനെ ആയിരുന്നു. അവസാന നിമിഷമാണ് മല്ലിക സുകുമാരൻ പിന്മാറിയത്. സംസാരിച്ച് എല്ലാം ശരിയാക്കി വച്ചതായിരുന്നു. അവസാന നിമിഷം ചില ആരോഗ്യപ്രശ്നങ്ങള്‍ കാരണമാണ് മല്ലിക ചേച്ചിക്ക് വരാൻ സാധിക്കാത്തത്. ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടോ മൂന്നോ ദിവസം മുമ്പായിരുന്നു മല്ലിക സുകുമാരന് വയ്യാതായത്.
പെട്ടെന്ന് എന്ത് ചെയ്യണമെന്നറിയാതെ ഞങ്ങളെല്ലാവരും ടെൻഷനിലായി.മമ്മൂക്ക അന്ന് ദുബായിലുമായിരുന്നു. ഞാൻ മമ്മൂക്കയെ വിളിച്ച് കാര്യം പറഞ്ഞപ്പോഴായിരുന്നു ബിന്ദു പണിക്കരെ ഒന്നു വിളിച്ചു നോക്കാമെന്ന് പറഞ്ഞു. അവർ, അമ്മ വേഷം ചെയ്താല്‍ നന്നായിരിക്കുമെന്നും പറഞ്ഞു. അങ്ങനെയാണ് പെട്ടെന്ന് ബന്ദുവിനെ വിളിച്ച് ഡേറ്റ് ചോദിച്ചത്. ഞങ്ങളുടെ ഭാഗ്യത്തിന് എല്ലാം ശരിയാവുകയും ചെയ്തു.’- വൈശാഖ് പറഞ്ഞു.
Post Your Comments