GeneralLatest NewsSocial Media

പലസ്തീന് ഐക്യദാർഢ്യം പ്രകടിപ്പിച്ച ബോളിവുഡിനെതിരെ ബോയ്‌കോട്ട് ആഹ്വാനം:വിമർശനവുമായി പൂജ ഭട്ട്, മറുപടിയുമായി സോഷ്യൽ മീഡിയ

ബോളിവുഡ് താരങ്ങൾ പലസ്തീൻ ഐക്യദാർഢ്യവുമായി രംഗത്തെത്തിയതിന് പിന്നാലെ ട്രെൻഡിങ് ആയി ബോയ്‌കോട്ട് ബോളിവുഡ്. സാമൂഹ്യ മാധ്യമങ്ങളിലെ ഈ ട്രെൻഡിനെതിരെ രൂക്ഷമായി പ്രതികരിച്ച് സംവിധായികയും നടിയുമായ പൂജാ ഭട്ട് രംഗത്തെത്തി. താരങ്ങൾ കൂട്ടായി സംസാരിക്കുമ്പോൾ ഇൻഡസ്ട്രിയെ ആക്രമിക്കുകയാണെന്ന് പൂജാ ഭട്ട് പറഞ്ഞു. എക്‌സിലൂടെയാണ് താരത്തിന്റെ പ്രതികരണം.

“ഇത് വീണ്ടും ആരംഭിക്കുന്നു! പലസ്തീനിൽ നടക്കുന്ന അതിക്രമങ്ങൾക്കെതിരെ കൂട്ടായി സംസാരിക്കുന്നതിന് എന്റർടൈൻമെന്റ് ഇൻഡസ്ട്രി നൽകുന്ന വില ” ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗിന്റെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചു കൊണ്ടാണ് ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ പൂജാ ഭട്ട് പ്രതികരിച്ചത്. എല്ലാ കണ്ണുകളും റഫായിലേക്ക് എന്ന ഹാഷ്ടാഗും ഉൾപെടുത്തിയിട്ടുണ്ട്‌.

നിരവധി വിമർശനങ്ങളാണ് താരം പങ്കുവെച്ച പോസ്റ്റിനടയിൽ പ്രത്യക്ഷപെട്ടത്. ലവ് ജിഹാദിനെതിരെയും, പാകിസ്താന്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലെ ഹിന്ദുക്കൾക്ക് വേണ്ടി ശബ്‌ദിക്കാൻ ബോളിവുഡ് താരങ്ങൾ തയാറാകുന്നിലെന്നാണ് കമന്റുകളിൽ ചിലർ ഉന്നയിക്കുന്ന വിമർശനം.

പലസ്തീനോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് ബോളിവുഡിലെ നിരവധി പ്രമുഖ താരങ്ങൾ രംഗത്ത് വന്നിട്ടുണ്ട്. ആലിയ ഭട്ട് , കരീന കപൂർ, വരുൺ ധവാൻ, സാമന്ത റൂഥ്‌ പ്രഭു, തൃപ്തി ദിമ്രി , മാധുരി ദീക്ഷിത്, ഫാത്തിമ സന ​​ഷെയ്ഖ്, ദിയാ മിർസ, സ്വര ഭാസ്കർ തുടങ്ങിയ താരങ്ങൾ ഇൻസ്റ്റാഗ്രാം സ്റ്റോറികളിലൂടെയാണ് പിന്തുണ അറിയിച്ചത്. തൊട്ടുപിന്നാലെയാണ് എക്‌സിൽ ബോയ്‌കോട്ട് ബോളിവുഡ് ട്രെൻഡ് പ്രത്യക്ഷപ്പെട്ടത്.

നേരത്തെയും നിരവധി തവണ ബോയ്‌കോട്ട് ബോളിവുഡ് ഹാഷ്ടാഗ് എക്‌സിൽ ട്രെൻഡിങ് ആയിട്ടുണ്ട്. മത വികാരങ്ങളെ വൃണപ്പെടുത്തിയെന്നാരോപിച്ച് സമീപ വർഷങ്ങളിൽ പുറത്തിറങ്ങിയ നിരവധി സിനിമകൾക്കെതിരെ ഹിന്ദുസംഘടനകൾ ബോയ്‌കോട്ട് പ്രതിഷേധം നടത്തിയിട്ടുണ്ട്. ഇത്തരം പ്രവണതകൾ ചില പ്രത്യേക വിഷയങ്ങളിൽ നിന്ന് വിട്ടുനിൽക്കാൻ തങ്ങളെ പ്രേരിപ്പിക്കുകയാണെന്ന് സിനിമ നിർമ്മാതാക്കളും വെളിപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button