GeneralLatest News

പ്രശസ്ത അഭിനേതാവ് എം.സി.കട്ടപ്പന അന്തരിച്ചു

കട്ടപ്പന: പ്രശസ്ത അഭിനേതാവ് എം.സി. ചാക്കോ എന്ന എം.സി. കട്ടപ്പന (75) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്കാരം നാളെ രാവിലെ 9.30 കട്ടപ്പന സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ നടക്കും. പതിറ്റാണ്ടുകളോളം നാടകരംഗത്ത് സജീവമായിരുന്നു. മുപ്പതോളം നാടകങ്ങളിൽ വേഷമിട്ടു. സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. സാമൂഹിക പ്രവർത്തനരംഗത്തും സജീവമായിരുന്നു.

2007ൽ മികച്ച നാടക നടനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം തേടിയെത്തി. കൊല്ലം അരീനയുടെ ‘ആരും കൊതിക്കുന്ന മണ്ണ്’ എന്ന നാടകത്തിലെ അഭിനയത്തിനായിരുന്നു പുരസ്കാരം. മലയോര കർഷകരുടെ കണ്ണീരിൽ കുതിർന്ന കഥയായിരുന്നു ഇതിവൃത്തം. ഇതിൽ എം.സി. കട്ടപ്പനയുടെ കർഷകന്റെ കഥാപാത്രം ഏറെ പ്രശംസ നേടി.

1977ൽ ആണ് എം.സി. കട്ടപ്പന പ്രഫഷനൽ നാടകവേദികളിൽ അരങ്ങേറ്റം കുറിക്കുന്നത്. ആറ്റിങ്ങൽ ദേശാഭിമാനിയുടെ നാടകത്തിലൂടെയുള്ള അരങ്ങേറ്റത്തെ തുടർന്നു പിന്നീടു വിവിധ നാടകസമിതികളിൽ നൂറുകണക്കിനു വേദികൾ പിന്നിട്ടു. സർക്കാർ സർവീസിനിടയിലാണ് അഭിനയവും എം.സി കട്ടപ്പന ഒന്നിച്ചുകൊണ്ടുപോയത്. പകൽ, കാഴ്ച, അമൃതം, പളുങ്ക്, കനകസിംഹാസനം, മധുചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും വേഷമിട്ടു.സാറാമ്മയാണ് ഭാര്യ. ഷീജ, ബോബൻ എന്നിവരാണ് മക്കൾ.

shortlink

Post Your Comments


Back to top button