GeneralLatest NewsMollywoodNEWSWOODs

തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്നായിരുന്നു ടൊവിനോയുടെ മെസേജ്; ആരോപണവുമായി സംവിധായകൻ

IFFK യിലാണ് പിന്നെ സിനിമ പ്രദർശിപ്പിക്കാൻ വിദൂരസാധ്യതയുണ്ടായിരുന്ന ഒരു ഇടം

നടൻ ടൊവിനോ തോമസ് അഭിനയിച്ച വഴക്ക് എന്ന ചിത്രം റിലീസ് ചെയ്യാത്തതിന് കാരണം വെളിപ്പെടുത്തി സംവിധായകൻ സനല്‍കുമാർ ശശിധരൻ. സിനിമ തന്റെ കരിയറിനെ മോശമായി ബാധിക്കുമെന്ന് ടൊവിനോ പറഞ്ഞുവെന്നും ഫേസ്ബുക്ക് പോസ്റ്റിൽ സനൽ പറഞ്ഞു.

READ ALSO: നൂറു കോടിയുടെ സ്വത്ത് !! ഗ്ളാമർ ലോകത്ത് നിന്നും ഒടുവില്‍ സന്യാസത്തിലേക്ക്, നടിയുടെ ജീവിതമിങ്ങനെ

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം

കച്ചവടതാല്പര്യങ്ങളാണ് എല്ലാകാലത്തും സമൂഹം എന്ത് അറിയണം, എന്ത് ചിന്തിക്കണം, എങ്ങനെ ചലിക്കണം എന്ന് നിശ്ചയിച്ചിരുന്നത്. എത്രതന്നെ വാർത്താപ്രാധാന്യം ഉണ്ടായിരുന്നാലും എല്ലാ സംഭവങ്ങളും വാർത്തകള്‍ ആവാത്തപോലെ, എത്രതന്നെ വിപ്ലവകരമായിരുന്നാലും എല്ലാ അറിവുകളും സമൂഹത്തിന്റെ മുന്നില്‍ എത്തുന്നില്ല, എല്ലാ കണ്ടുപിടിത്തങ്ങളും ശാസ്ത്രം ചർച്ചചെയ്യുന്നില്ല, എല്ലാ കലകളും പ്രസിദ്ധീകൃതമാകുന്നില്ല. കാരണം മറ്റൊന്നുമല്ല; ജനങ്ങള്‍ എന്ത് കാണണം, എങ്ങനെ ചിന്തിക്കണം എന്ന് നിശ്ചയിക്കുന്ന ഒരു സാമ്ബത്തിക അജണ്ടയാണ് സമൂഹത്തെ നിയന്ത്രിക്കുന്നത് എന്നതുതന്നെ. പ്രസിദ്ധമായില്ലെങ്കില്‍ അറിവൊന്നും അറിവല്ലെന്നും കലയൊന്നും കലയല്ലെന്നും ചിന്തിക്കുന്ന ജനതയുടെ സാമാന്യബുദ്ധിയെ മുതലെടുത്തു കൊണ്ടാണ് കച്ചവട താല്പര്യങ്ങളുടെ ഈ അജണ്ട നടപ്പാക്കപ്പെടുന്നത്.

പുറമെ നിന്ന് നോക്കുമ്ബോള്‍ നിർഭാഗ്യമെന്ന് തോന്നാമെങ്കിലും ഉള്ളില്‍ നിന്ന് അറിയുമ്ബോള്‍ ഭാഗ്യമെന്ന് ബോധ്യമുള്ള ചില സംഭവങ്ങളിലൂടെ കടന്നുപോകാൻ അവസരം ലഭിച്ചിട്ടുള്ള ഒരാളായതുകൊണ്ട് എനിക്കിത് നന്നായി മനസിലാക്കാൻ കഴിഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ഒരു അനുഭവമാണ് ടോവിനോ തോമസ് സഹനിർമാണം നടത്തുകയും അഭിനയിക്കുകയും ചെയ്ത വഴക്ക് എന്ന സിനിമ എനിക്ക് സമ്മാനിച്ചത്.

കൊവിഡ് കാരണം മലയാളം സിനിമാവ്യവസായശാല അടഞ്ഞുകിടന്ന സമയത്താണ് വഴക്ക് ഷൂട്ട് ചെയ്യുന്നത്. കേവലം രണ്ടാഴ്ച കൊണ്ടായിരുന്നു വളരെ സങ്കീർണമായ ചിത്രീകരണരീതികള്‍ അവലംബിച്ച ആ സിനിമ പൂർത്തിയാക്കിയത്. ടോവിനോയുടെയും എന്റെയും പ്രതിഫലം കണക്കിലെടുക്കാതെ 50 ലക്ഷം രൂപയായിരുന്നു നിർമാണചെലവ്. അൻപത് ശതമാനം പണം ടോവിനോയും അൻപത് ശതമാനം പണം എനിക്ക് കൂടി പങ്കാളിത്തമുള്ള നിർമാണ കമ്ബനിയായ പാരറ്റ് മൌണ്ട് പിക്ച്ചേഴ്സും നിക്ഷേപിച്ചുകൊണ്ടാണ് ബജറ്റ് കണ്ടെത്തിയത്. പാരറ്റ് മൌണ്ട് പിക്ച്ചേഴ്സിനായി പണം മുടക്കിയത് എന്റെ ബന്ധുവായ ഗിരീഷ് നായരും അദ്ദേഹത്തിന്റെ സുഹൃത്തായ ഫൈസല്‍ ഷാജിർ ഹസനും ആയിരുന്നു.

വളരെ ചെറിയ ബജറ്റും വളരെ കുറഞ്ഞ ദിവസങ്ങളും ആയിരുന്നു കയ്യിലുണ്ടായിരുന്നത് എങ്കിലും വളരെ നല്ല രീതിയില്‍ തന്നെ തീരുമാനിച്ച ബജറ്റിലും സമയത്തിലും സിനിമ തീർക്കാൻ എനിക്ക് കഴിഞ്ഞു. പക്ഷെ സിനിമ പൂർത്തിയായിക്കഴിഞ്ഞപ്പോള്‍ തടസങ്ങള്‍ തുടങ്ങി. സിനിമയുടെ റഫ് കട്ട് കണ്ട ഒരു പ്രശസ്തമായ ഫെസ്റ്റിവല്‍ തുടക്കത്തില്‍ സിനിമ തങ്ങള്‍ക്ക് പ്രിമിയർ ചെയ്യാൻ താല്‍പ്പര്യമുണ്ട് എന്ന് പറഞ്ഞുകൊണ്ട് എനിക്ക് മെയില്‍ അയച്ചെങ്കിലും രണ്ടാഴ്ചക്കുള്ളില്‍ തീരുമാനം മാറ്റി. എന്റെ പ്രതീക്ഷകള്‍ തകിടം മറിച്ചുകൊണ്ട് നിരവധി ഫെസ്റ്റിവലുകള്‍ “വഴക്ക്” തിരസ്കരിച്ചു. 2022 ല്‍ മുംബൈ ഫിലിം ഫെസ്റ്റിവല്‍ അതിന്റെ മത്സരവിഭാഗത്തിലേക്ക് തെരെഞ്ഞെടുത്തുകൊണ്ട്

മെയില്‍ അയച്ചപ്പോള്‍ സിനിമ പുറത്തെത്താൻ വഴി തെളിഞ്ഞു എന്ന് ഞാൻ കരുതിയെങ്കിലും ആ വർഷം മുംബൈ ഫിലിം ഫെസ്റ്റിവല്‍ തന്നെ നടക്കാതെ വന്നതോടെ ആ പ്രതീക്ഷയും അസ്തമിച്ചു. IFFK യിലാണ് പിന്നെ സിനിമ പ്രദർശിപ്പിക്കാൻ വിദൂരസാധ്യതയുണ്ടായിരുന്ന ഒരു ഇടം. എനിക്കെതിരെയുള്ള കുപ്രചാരണങ്ങളും രാഷ്ട്രീയ പ്രതിരോധവും ശക്തമായിരുന്നത് കൊണ്ട് IFFK യില്‍ സിനിമ തെരെഞ്ഞെടുക്കപ്പെടുമെന്ന് ഞാൻ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ “വഴക്ക്” OTT റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണമെന്ന് ഞാൻ ടോവിനോയോട് ആവശ്യപ്പെട്ടു. വഴക്ക് ഒരു ഫെസ്റ്റിവല്‍ സിനിമയാണെന്നും അത് സാധാരണ ജനങ്ങള്‍ ഇഷ്ടപ്പെടില്ല എന്നുമായിരുന്നു ടോവിനോയുടെ മറുപടി. ഫെസ്റ്റിവലുകള്‍ എല്ലാം തിരസ്കരിച്ചതുകൊണ്ട് ഇനിയും കാത്തിരിക്കുന്നതില്‍ അർത്ഥമില്ല എന്നും മുൻവിധികളില്ലാതെ സിനിമയെ ജനങ്ങളില്‍ എത്തിക്കാൻ വഴി നോക്കണം എന്നും ഞാൻ പറഞ്ഞെങ്കിലും ടോവിനോ വിമുഖത തുടർന്നു.

അങ്ങനെ ഇരിക്കുമ്ബോഴാണ് IFFK യില്‍ മലയാളം സിനിമ റ്റുഡേ വിഭാഗത്തില്‍ “വഴക്ക്” തെരഞ്ഞെടുക്കപ്പെടുന്നത്. ആ സിനിമയെ എല്ലാ വിഭാഗങ്ങളില്‍ നിന്നും പുറന്തള്ളാൻ വലിയ ചരടുവലികള്‍ നടന്നെങ്കിലും ആ വർഷം സെലക്ഷൻ ജൂറിയില്‍ ഉണ്ടായിരുന്ന ഷെറി ഗോവിന്ദനും രഞ്ജിത്ത് ശങ്കറും സിനിമയ്ക്ക് വേണ്ടി ഉറച്ചു നിന്നതുകൊണ്ട് “വഴക്ക്” IFFK യില്‍ ഇടം പിടിച്ചു. (ഇതെക്കുറിച്ച്‌ വിശദമായി പിന്നെ എഴുതാം) എന്റെ മാനസിക നില തകരാറിലായെന്നും ഞാൻ മയക്കു മരുന്നിനു അടിമയായി എന്നുമൊക്കെയുള്ള പ്രചാരണങ്ങള്‍ക്ക് “വഴക്ക്” IFFK യില്‍ പ്രദർശിപ്പിച്ചത് ഒരു തിരിച്ചടിയായി.

മേളയില്‍ സിനിമകണ്ട പ്രേക്ഷകർ വഴക്കിനെ ഏറ്റെടുത്തതോടെ സിനിമ വീണ്ടും ജനങ്ങളുടെ മുന്നിലെത്തും എന്ന പ്രതീക്ഷ എനിക്കുണ്ടായി. സിനിമ എത്രയും പെട്ടെന്ന് റിലീസ് ചെയ്യാനുള്ള നീക്കങ്ങള്‍ നടത്തണം എന്ന് ഞാൻ ടോവിനോയോട് പറഞ്ഞു. അപ്പോഴും അതൊരു ഫെസ്റ്റിവല്‍ സിനിമയാണെന്ന നിലപാടില്‍ ടോവിനോ ഉറച്ചു നിന്നു.

ഒന്നുകില്‍ സിനിമ തിയേറ്ററില്‍ എത്തിക്കണം അല്ലെങ്കില്‍ അത് ഓണ്‍ലൈൻ റിലീസ് ചെയ്യണം എന്ന് ഞാൻ വാശിപിടിച്ചപ്പോള്‍ OTT പ്ലാറ്റുഫോമുകളുമായി സംസാരിക്കുന്നതിനായി തന്റെ മാനേജരെ ഏർപ്പെടുത്തിയിട്ടുണ്ട് എന്ന് ടോവിനോ പറഞ്ഞു. ഏറെ താമസിയാതെ സിനിമയുടെ വിതരണ അവകാശം സംബന്ധിച്ച തീരുമാനമെടുക്കാനുള്ള അധികാരം പൂർണമായും ടോവിനോയുടെ മാനേജരെ ഏല്പിക്കാൻ ഉള്ള ഒരു കരാറിന്റെ കരടും എനിക്ക് അയച്ചു തന്നു. “കയറ്റം” എന്ന സിനിമയിലെ സമാനമായ ഒരു സംഭവത്തിന്റെ ദുരനുഭവം കാരണം ഞാൻ അതിനു വഴങ്ങിയില്ല. എങ്കിലും OTT പ്ലാറ്റ്ഫോമുകളുമായി ചർച്ച ചെയ്യുന്നതിന് മൂന്നു മാസത്തേക്കുള്ള അധികാരം ഞാനയാള്‍ക്ക് എഴുതി നല്‍കി.

പൊതുവെ “വഴക്ക്” എന്ന സിനിമ പുറത്തുവരുന്നത് ടോവിനോയ്ക്ക് അത്ര ഇഷ്ടമില്ല എന്ന് ഇതിനിടെ പല കാരണങ്ങള്‍ കൊണ്ടും തോന്നിയിരുന്നു. പലതും ആളുകള്‍ വലുതെന്നു കരുതുന്ന മനുഷ്യർ പലരും വാസ്തവത്തില്‍ എത്ര ചെറുതാണെന്ന സത്യം എന്നെ പഠിപ്പിച്ച സംഭവങ്ങള്‍. അതുകൊണ്ട് തന്നെ എന്തെങ്കിലും നടക്കുമെന്ന് ഞാൻ പ്രതീക്ഷിച്ചതുമില്ല.

ഞാൻ പ്രതീക്ഷിച്ചപോലെ തന്നെ സിനിമ പുറത്തു വരാനുള്ള ഒരു നീക്കവും ഉണ്ടായില്ല. OTT കള്‍ എല്ലാം സിനിമ നിരാകരിച്ചു എന്നാണ് പറഞ്ഞത്. ഇക്കാലത്ത് മലയാളത്തില്‍ ഉണ്ടായിട്ടുള്ള ചെറുതും വലുതുമായ, നല്ലതും ചീത്തയുമായ എല്ലാ സിനിമകളും ഏതെങ്കിലും പ്ലാറ്റുഫോമുകള്‍ വഴി പുറത്തുവന്ന സമയമാണ് ഇതെന്ന് ഓർക്കണം. ദിവസങ്ങളും മാസങ്ങളും കഴിഞ്ഞുപോയി.

വഴക്ക് തിയേറ്ററില്‍ എത്തിക്കാൻ എന്നെ സഹായിക്കാം എന്നും അതിനായി പണം മുടക്കാൻ സന്നദ്ധനാണ് എന്നും പറഞ്ഞുകൊണ്ട് ഒരാള്‍ മുന്നോട്ട് വന്നു. ഞാൻ വീണ്ടും ടോവിനോയെ വിളിച്ചു. “വഴക്ക് തിയേറ്ററില്‍ വരുത്തുന്നത് നഷ്ടമേ ഉണ്ടാക്കൂ” എന്നും അത് താൻ “എഴുതി തരാം” എന്നും ടോവിനോ വാദിച്ചു. പണം മുടക്കാൻ തയാറായി വന്നയാള്‍ നഷ്ടം താങ്ങാൻ തയാറാണെങ്കില്‍ ടോവിനോ എന്തിന് അതില്‍ വേവലാതിപ്പെടുന്നു എന്ന എന്റെ ചോദ്യത്തിന് എന്നെ ഞെട്ടിക്കുന്ന ഒരു വോയിസ് മെസേജ് ടോവിനോ എനിക്കയച്ചു. “എന്റെ കരിയറിനെ മോശമായി ബാധിക്കുന്ന കാര്യമാണ്. എന്നാലും സാരമില്ല. ഞാൻ രണ്ടോമൂന്നോ സിനിമകൊണ്ട് അത് മേക്കപ്പ് ചെയ്യും” എന്നായിരുന്നു അത്.

എന്താണ് ടോവിനോ ഉദ്ദേശിച്ചത് എന്നെനിക്ക് അപ്പോള്‍ മനസിലായില്ല. സിനിമ അയാള്‍ക്ക് ഇഷ്ടപ്പെടാത്തത് കൊണ്ടാണോ അതോ മറ്റെന്തെങ്കിലും ഭീതികള്‍ ആണോ അയാളെ അലട്ടിയത് എന്നെനിക്ക് മനസിലായിരുന്നില്ല. എന്റെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു വഴക്ക് എന്നാണ് ഇപ്പോഴും എന്റെ വിശ്വാസം. ജീവിതത്തില്‍ അവിചാരിതമായുണ്ടായ ചില സംഭവങ്ങള്‍ കാരണം ഞാൻ സിനിമാ സംവിധാനം നിർത്തി എന്നത് വാസ്തവമാണ്.

പക്ഷേ എന്റെ ഏറ്റവും നല്ല സിനിമ ചെയ്തിട്ടാണ് അത് അവസാനിപ്പിച്ചത് എന്ന തൃപ്തിയോടെയാണ് ഞാൻ പടിയിറങ്ങിയത്. 2020 ഡിസംബറില്‍ ചിത്രീകരണം പൂർത്തിയാവുകയും 2021 ഏപ്രില്‍ മാസത്തോടെ നിർമാണം പൂർത്തിയാവുകയും ചെയ്ത “വഴക്ക്” 2024 മേയ് മാസത്തിലും പുറത്തുവന്നിട്ടില്ല. എന്തുകൊണ്ട്? ടോവിനോ തോമസ് മനസുവെച്ചാല്‍ അയാള്‍ പ്രൊഡ്യൂസ് ചെയ്ത് അഭിനയിച്ച്‌ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമ പുറത്തുകൊണ്ടുവരാൻ സാധ്യമല്ലാത്തതാണോ? ഒരിക്കലുമല്ല! ഇങ്ങനെയാണ് കച്ചവടം അതിന്റെ കരുക്കള്‍ നീക്കുന്നത്.

ഇപ്പോള്‍ എനിക്ക് ടോവിനോ പറഞ്ഞതിന്റെ പൊരുള്‍ മനസിലായിട്ടുണ്ട്. “വഴക്ക്” നിർമിക്കുന്ന സമയത്ത് ടോവിനോ വളർന്നു വരുന്ന ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു. അന്നത് പുറത്തു വന്നിരുന്നെങ്കില്‍ എനിക്കെതിരെയുള്ള വിരോധം ആയാള്‍ക്കെതിരെ തിരിയുമായിരുന്നു. സൂപ്പർതാരത്തിലേക്കുള്ള വളർച്ചയുടെ പാതയില്‍ ചെറുതായെങ്കിലും അത് ഒരു കല്ലുകടി ആയിരുന്നേനെ. കച്ചവടത്തിന്റെ സമവാക്യങ്ങള്‍ അറിയുന്ന ഒരാള്‍ക്ക് മാത്രമേ കച്ചവടത്തിന്റെ ലോകത്തില്‍ വിജയം വരിക്കാൻ സാധിക്കുകയുള്ളു. ടോവിനോ ചെയ്തത് തെറ്റാണോ? അല്ല. ശരിയാണോ? അല്ല. പിന്നെ എന്താണ്? അധർമമാണ്!

എന്റെ ജീവനുനേരെയുള്ള ഭീഷണികള്‍ ശക്തമായപ്പോള്‍ ഞാൻ ആദ്യം ചെയ്തത് എന്റെ എല്ലാ സിനിമകളും വിശ്വസ്തരായ ചില സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കുക ആയിരുന്നു. വഴക്കിന്റെ ഉള്‍പ്പെടെ എല്ലാ സിനിമകളുടെയും ഒറിജിനല്‍ കോപ്പിറൈറ്റ് അവകാശം എനിക്കാണെന്നും അവരോട് പറഞ്ഞു. എന്റെ മരണമുണ്ടാകുന്ന പക്ഷം അവ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കണം എന്നും പറഞ്ഞു. ഇക്കഴിഞ്ഞ നാലഞ്ചുവർഷങ്ങള്‍ മരണത്തില്‍ നിന്നുള്ള ഒഴിഞ്ഞുമാറല്‍ മാത്രമായിരുന്നു എന്റെ ജീവിതം. ഇപ്പോള്‍ മരണമാണ് ജീവിതത്തിന്റെ വാതില്‍ എന്ന തിരിച്ചറിവാണുള്ളത്. അത് കച്ചവടത്തിന്റെ തന്ത്രങ്ങളില്‍ നിന്ന് മുക്തവുമാണ്.

shortlink

Related Articles

Post Your Comments


Back to top button