GeneralInterviews

വില്ലനും നായകനുമായ പ്രേക്ഷകരുടെ പ്രിയതാരം, തലച്ചോറിലെ മുഴയുമായി പൊരുതുന്നു, ഒരു ദിവസം നാലഞ്ചുനേരം ഇന്‍സുലിനുണ്ട്- കിഷോർ

മലയാളികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട സിനിമ – സീരിയല്‍ താരമാണ് കിഷോർ പീതാംബരന്‍. രണ്ട് പതിറ്റാണ്ടിന്റെ അഭിനയപാരമ്പര്യമുള്ള അദ്ദേഹത്തെ നാം സിനിമകളേക്കാള്‍ കൂടുതലായി കണ്ടത് സീരിയലുകളിലാണ്.
അഭിനയം ജീവതമാർഗ്ഗമാക്കിയ താരങ്ങളില്‍ ഒരാള്‍ കൂടിയാണ് കിഷോർ. അഭിനയ രംഗത്ത് സജീവമായി നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിതമായി ചില അസുഖങ്ങള്‍ താരത്തിന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

ആദ്യം നാടകമായിരുന്നു, അതില്‍ നിന്നുമാണ് സീരിയലിലേക്ക് എത്തിയത്. പ്രേക്ഷകർ അംഗീകരിച്ചതിന്റെ തെളിവാണ് 23 വർഷമായി ഇവിടെ നിലനില്‍ക്കുന്നു എന്നതെന്നും കിഷോർ ഒരു പ്രമുഖ ചാനലിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. വർക്ക് ഇപ്പോള്‍ കുറവാണ് എന്ന കാര്യവും താരം തുറന്ന് പറയുന്നു. വർക്ക് കുറഞ്ഞപ്പോള്‍ സംതൃപ്തിയും കുറഞ്ഞു. നമ്മുടെ ആവശ്യങ്ങള്‍ കഴിഞ്ഞ് പോകുമ്പോഴാണല്ലോ നമുക്ക് തൃപ്തിയുണ്ടാകുന്നത്. അസുഖം വന്ന് കിടപ്പിലായിരുന്നു. ആ സമയത്ത് സാമ്പത്തികമായി സഹായിച്ചത് മിനിസ്ക്രീൻ താരങ്ങളുടെ സംഘടനയായ ആത്മയാണ്. ഇൻഡസ്ട്രിയില്‍ നിന്നും പലരും സഹായിച്ചു.

സുഹൃത്തുക്കളേക്കാള്‍ കൂടുതലായി ഒട്ടും പ്രതീക്ഷിക്കാത്ത പലരുമായി സഹായവുമായി എത്തിയത്. നമുക്ക് നേരിട്ട് അറിയാത്തവർ പോലും അക്കൂട്ടത്തിലുണ്ടായിരുന്നു. ധാരാളം സുഹൃത്തുക്കളുണ്ടെന്ന് അഭിമാനിച്ചിരുന്ന വ്യക്തിയായിരുന്നു ഞാൻ. ഒരു അസുഖം വന്നപ്പോഴാണ് അവരെല്ലാം വിട്ടുപോകുന്നത് ഞാന്‍ കണ്ടതെന്നും കിഷോർ പറയുന്നു.

അവരുടെ കുറ്റം കൊണ്ടല്ല, അവർ വിട്ടുപോയത്. ഞാന്‍ സജീവമായിരുന്നില്ല. ആ സമയത്ത് സ്വാഭാവികമായും സംഭവിച്ച കാര്യമാണ് അത്. കുറച്ചു ദിവസമൊക്കെ ആരെങ്കിലും വിളിക്കും. പതിയെ അതു കുറയും. അവർക്കും അവരുടെ ജീവിതമുണ്ടല്ലോ. അവർ അതിന്റെ തിരക്കുകളിലായിരിക്കും.

അസുഖം വന്നു എന്നതിനെ ഉള്‍ക്കൊള്ളാന്‍ എനിക്ക് പൂർണ്ണമായി സാധിച്ചിട്ടില്ല. നോണ്‍ ആല്‍ക്കഹോളിക് ലിവർ ഡിസീസിന്റെ രൂപത്തിലാണ് ആദ്യ ആഘാതം സംഭവിച്ചത്. അതിന് വേണ്ടിയുള്ള ചികിത്സ നടക്കുമ്പോഴാണ് തലച്ചോറിന്റെ പിൻഭാഗത്തുള്ള പീയൂഷ ഗ്രന്ഥിയില്‍ ഒരു മുഴ കണ്ടെത്തി. ആ മുഴ നീക്കം ചെയ്യേണ്ടതാണ്. എന്നാല്‍ കടുത്ത പ്രമേഹ രോഗവും കരള്‍ രോഗവും ഉള്ളതിനാല്‍ ആ മുഴ നീക്കം ചെയ്യുന്നത് എളുപ്പമല്ല.

അഭിനയിക്കാന്‍ അവസരം കുറഞ്ഞാലും ആരോഗ്യമുള്ള ശരീരം ഉണ്ട് എന്നത് എന്റെ ഒരു ആത്മവിശ്വാസമായിരുന്നു. വണ്ടി ഓടിക്കുകയോ തടി പിടിക്കാൻ പോവുകയോ ചെയ്യാൻ എനിക്ക് മടിയൊന്നും ഉണ്ടായിരുന്നില്ല. അത് പെട്ടെന്ന് ഇല്ലാതായപ്പോള്‍ എന്ത് ചെയ്യും എന്ന ആശങ്കയുണ്ടായിരുന്നു. അതിനെ ഞാന്‍ ഇതുവരെ അതിജീവിച്ചിട്ടില്ലെന്നും താരം പറയുന്നു.

‘പീയൂഷഗ്രന്ഥിയിലെ മുഴ ഇനിയും വളർന്നാല്‍ എന്റെ കാഴ്ച നഷ്ടപ്പെടും. കണ്ണിലേക്കുള്ള നാഡികളെ ഈ മുഴ ഞെരുക്കുന്നതാണ് കാഴ്ചയെ ബാധിക്കുക. അത് എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം. പതുക്കെ വരാം, പെട്ടെന്നു വരാം. അക്കാര്യത്തില്‍ ഒന്നും ചെയ്യാനില്ല. പിന്നെ, ഞാൻ ശാസ്ത്രത്തില്‍ വിശ്വസിക്കുന്നു. ഡോക്ടർമാരില്‍ വിശ്വസിക്കുന്നു.’ എന്നും അഭിമുഖത്തില്‍ കിഷോർ കൂട്ടിച്ചേർത്തു.

സ്റ്റിറോയ്ഡ്സിന്റെ ബലത്തിലാണ് ഇപ്പോള്‍ ജീവിച്ച്‌ പോകുന്നത്. ഒരു മാസത്തെ മരുന്നിന് തന്നെ നിലവില്‍ വലിയ തുക ചിലവഴിക്കണം. ഒരു ദിവസം നാലഞ്ചു നേരം ഇന്‍സുലിനുണ്ട്. ഞാൻ വീണപ്പോള്‍ എനിക്കു ബലം തന്നത് എന്റെ കുടുംബമാണ്. ആ കുടുംബത്തിന്റെ ഒരേയൊരു വരുമാന സ്രോതസ് ഞാനായിരുന്നു.

സീരിയലില്‍ ആയാസമുള്ള സീനുകളൊന്നും ചെയ്യുന്നില്ല. അഭിനയിക്കാന്‍ പോകുമ്പോഴും മരുന്നുകള്‍ കൂടെ കൊണ്ടുപോകും. രാത്രി ഒൻപതു മണിയോടെയെങ്കിലും ഫ്രീയാക്കണം എന്നത് മാത്രമാണ് പ്രൊഡക്ഷനോട് അഭ്യർത്ഥിക്കാറുള്ളത്. പിന്നെ മാസത്തില്‍ ഒന്നോ രണ്ടോ ദിവസം മാത്രമാണ് ഇപ്പോള്‍ ജോലിയുള്ളതെന്നും അദ്ദേഹം പറയുന്നു.

 

shortlink

Post Your Comments


Back to top button