കൊച്ചി: വളരെ വലിയ കാൻവാസിലാണ് ബ്ലെസി- പൃഥ്വിരാജ് ടീമിന്‍റെ ആടുജീവിതം എത്തിയത്. ബ്ലെസിയുടെ 16 വർഷത്തെ അദ്ധ്വാനത്തിന്റെ ഫലമാണ് ഈ സിനിമ. ബെന്യാമിന്റെ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി സിനിമ സംവിധാനം ചെയ്തത്. നോവലിലെ നിരവധി ഭാഗങ്ങൾ സിനിമയിൽ ഉണ്ടായിരുന്നില്ല. അതിൽ ഒന്നാണ് നജീബും ആടും തമ്മിലുള്ള ലൈംഗികബന്ധം. ഈ സീൻ ഷൂട്ട് ചെയ്തിരുന്നുവെന്നും, സെൻസർ ബോർഡ് കട്ട് ചെയ്ത് കളയുകയാണ് ചെയ്തതെന്നും ബെന്യാമിൻ പറഞ്ഞതായി റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത്തരണം പ്രചാരണങ്ങൾക്ക് മറുപടി നൽകുകയാണ് സംവിധായകൻ ബ്ലെസി.
ആടുജീവിതം സിനിമയിൽ ആടുമായുള്ള ലൈംഗിക ബന്ധത്തിന്റെ രംഗങ്ങൾ ഷൂട്ട് ചെയ്യുകയോ സെൻസർ ബോർഡിന് സമർപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. ഇതൊരു അനാവശ്യ വിവാദമാണ്. ആരെങ്കിലും ബോധപൂർവം ഉണ്ടാക്കി വിടുന്നതാണോ എന്നുപോലും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മനോരമ ന്യൂസിന്റെ ‘നേരെ ചൊവ്വേ’ അഭിമുഖ പരിപാടിയിൽ പങ്കെടുക്കുകയായിരുന്നു ബ്ലെസി.
‘സാധാരണക്കാർ മുതൽ എല്ലാ തരത്തിലുമുള്ള പ്രേക്ഷകർ മലയാള സിനിമയ്ക്ക് ലോക സിനിമയിലേക്ക് എത്തുവാനുള്ള പടിയായി ഈ ചിത്രത്തെ കാണുമ്പോൾ, ഇതിനെ ചെറുതായി കാണിക്കാനുള്ള ഉത്സാഹം ആരുടെ ചേതോവികാരമാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. പ്രേക്ഷകർ ഇത്തരം ചർച്ചകളെ തള്ളിക്കളയുമെന്നാണ് ഞാൻ വിശ്വസിക്കുന്നത്. തുടക്കം മുതലേ ഞാൻ പറയുന്ന കാര്യമാണ്, ഇതെന്റെ കാഴ്ചപ്പാടാണ്. പുസ്തകത്തിൽ ഇല്ലാത്ത ഒരുപാട് കാര്യം ഞാൻ പറയുന്നുണ്ട്. ആടുകളുമായുള്ള നജീബിന്റെ അടുപ്പം ചെയ്യണമെങ്കിൽ ഞാനെത്ര സിനിമയായി ഇത് ചെയ്യേണ്ടി വരും. പരമപ്രധാനമായ കാര്യം, സിനിമയ്ക്ക് ഒരു ഇമോഷനൽ കണ്ടിന്യുവിറ്റി ഉണ്ട്. പുസ്തകത്തിൽ അതില്ല.
നാടിനോടും വീടിനോടും ഭാര്യയോടുമുള്ള നജീബിന്റെ ബന്ധത്തിൽത്തന്നെ, പുസ്തകവും എന്റെ സിനിമയുമായും ഒരുപാട് വ്യത്യാസമുണ്ട്. അയാളുടെ ജീവിക്കാനുള്ള പ്രതീക്ഷ കുടുംബമാണ്. എന്നെങ്കിലും ഒരവസരം വന്നാൽ ഇടാൻ വസ്ത്രം വരെ മാറ്റിവച്ചിരിക്കുന്ന നജീബ്. അങ്ങനെയൊരാൾ ആടുമായി ലൈംഗിക ബന്ധം പുലർത്തിയാൽ എന്താകും അവസ്ഥ. തിരക്കഥ എഴുതുന്ന സമയത്തും ഈ രംഗത്തെപ്പറ്റി ചർച്ച വന്നിരുന്നു. ഒരുപാട് ആളുകൾ ഇതിനെക്കുറിച്ച് ചോദിച്ചിരുന്നു. അയാളുടെ പുരുഷത്വം ഒരു ഗുഹയിലേക്കു കയറി എന്ന് പറയുമ്പോൾ ബെന്യാമിൻ സുരക്ഷിതനായി. ഞാനിത് വിഷ്വലിൽ കാണിക്കുമ്പോൾ എത്ര വികൃതമായി ഞാനതിനെ ചിത്രീകരിക്കണമെന്ന് ഇപ്പോൾ പറയുന്നതുപോലെ അത്ര എളുപ്പമാകില്ല. എനിക്കത് പറയേണ്ട ഒരുത്തരവാദിത്തവുമില്ല. ഞാൻ അവതരിപ്പിക്കുന്ന നജീബിന് അങ്ങനെയൊരു മാനസികാവസ്ഥയിലേക്ക് പോകാൻ കഴിയില്ല. ഞാൻ അവതരിപ്പിച്ച നജീബിന്റെ മനസ്സിലാകെ സൈനുവും ഉമ്മയുമായാണ്.
പൃഥ്വിരാജും ബെന്യാമിൻ ഉൾപ്പടെയുള്ളവരോടും ഇതിനെക്കുറിച്ച് സംസാരിച്ചിരുന്നു. നജീബ് പെട്ടന്നൊരു മാനസികാവസ്ഥയാൽ ചെയ്തതാണെങ്കിൽ പോലും ഇയാളൊരു മനുഷ്യനാണെങ്കിൽ, അയാളുടെ മനസ്സിൽ ഭാര്യയും കുടുംബവും നിൽക്കുന്നുണ്ടെങ്കിൽ അത് ചെയ്യില്ല എന്നതാണ് ഞാൻ പറയുന്നത്. വലിയ ഫിലോസഫിയല്ല പറയുന്നത്. ഞാൻ ഈ രംഗം ഷൂട്ട് ചെയ്തിട്ടുമില്ല, അത് സെൻസർ ബോർഡില്‍ സമർപ്പിച്ചിട്ടുമില്ല. ഞാൻ കൊടുത്ത ഫൂട്ടേജിൽനിന്ന് ഒരു ഷോട്ട് പോലും സെൻസർ ചെയ്തിട്ടില്ല. നേരത്തെ ചർച്ചകൾ നടന്നതുകൊണ്ട് ബെന്യാമിൻ വിചാരിച്ചിട്ടുണ്ടാകും അത്തരം രംഗങ്ങൾ ഷൂട്ട് ചെയ്തിട്ടുണ്ടെന്ന്. അതുകൊണ്ടാകും അദ്ദേഹം അങ്ങനെ പറഞ്ഞത്’, ബ്ലെസി പറഞ്ഞു.
Post Your Comments