നിരവധി അവാർഡുകൾ ലഭിച്ച നോവലാണ് ബെന്യാമിന്റെ ആടുജീവിതം. പ്രവാസി ആയിരുന്ന നജീബ് എന്ന യുവാവിന്റെ മരുഭൂമിയിലെ അനുഭവങ്ങളുടെ വെളിച്ചത്തിലാണ് ബെന്യാമിൻ ഈ നോവലെഴുതിയത്. ഏറ്റവും അധികം കോപ്പികൾ വിറ്റഴിച്ച നോവലായി ആടുജീവിതം മാറിയിരുന്നു. ബെന്യാമിന്റെ ഈ നോവലിനെ അടിസ്ഥാനമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ ഇറക്കിയത്. സ്‌ക്രീനിൽ നജീബായി പൃഥ്വിരാജിനെ കാണുമ്പോൾ കണ്ണ് നിരായാത്തവരായി ആരുമുണ്ടാകില്ല. സിനിമ ഇറങ്ങിയതിന് പിന്നാലെ നോവലും നോവലിലെ ചില ഭാഗങ്ങളും വീണ്ടും ചർച്ചയായി.
തന്റെ നോവൽ ഒരു ജീവചരിത്രമല്ലെന്നും നജീബിന്റെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ എഴുതിയതാണെന്നും ബെന്യാമിൻ വിശദീകരണം നൽകി. അതിൽ 70 ശതമാനം തന്റെ ഭാവനയാണെന്നും, ബാക്കിയുള്ള വെറും 30 ശതമാനം മാത്രമാണ് നജീബ് അനുഭവിച്ച കാര്യങ്ങളെന്നുമാണ് ബെന്യാമിൻ പറയുന്നത്. എന്നാൽ, അദ്ദേഹത്തിന്റെ ഈ അവകാശവാദം പുതിയ ചർച്ചകൾക്ക് തുടക്കം കുറിച്ചു. തന്റെ ഭാവന എന്ന് ആവർത്തിച്ച് പറയുമ്പോൾ, അദ്ദേഹത്തെ വായനക്കാർ ഓർമിപ്പിക്കുന്നത് അദ്ദേഹത്തിന്റെ തന്റെ പഴയ വാക്കുകൾ ആണ്.
ഈ നോവലിനെ കുറിച്ച് മുൻപ് ബെന്യാമിൻ എഴുതിയതിങ്ങനെ;
‘എത്ര ലക്ഷം മലയാളികൾ ഈ ഗൾഫിൽ ജീവിച്ചുകൊണ്ടിരിക്കുന്നു. എത്ര ലക്ഷം പേർ ജീവിച്ച് തിരിച്ച് പോയിരിക്കുന്നു. അവരിൽ എത്ര പേർ സത്യമായും മരുഭൂമിയുടെ തീഷ്ണത അനുഭവിച്ചിട്ടുണ്ട്. നജീബിന്റെ ജീവിതത്തിനുമേൽ വായനക്കാരന്റെ രസത്തിന് വേണ്ടി കഥയുടെ അടുക്കുകളും തൊങ്ങലുകളും ഏറെയൊന്നും വച്ചുകെട്ടാൻ എനിക്ക് തോന്നിയില്ല. അതില്ലാതെ തന്നെ നജീബിന്റെ ജീവിതം വായന അർഹിക്കുന്നുണ്ട്. ഇത് നജീബിന്റെ കഥയല്ല, ജീവിതമാണ്! ആടുജീവിതം’.
ഇതാണ് ഇപ്പോൾ സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. സംവിധായകൻ ഗഫൂർ വൈ ഇല്യാസും ഇതുതന്നെയാണ് ചൂണ്ടിക്കാട്ടുന്നത്. ഉപയോഗിച്ച ശേഷം വലിച്ചെറിയുകയായിരുന്നുവെന്ന് അദ്ദേഹം തന്റെ ഫേസ്‌ബുക്ക് പോസ്റ്റിൽ കുറിച്ചു. എഴുത്തുകാരൻ നജീബിനെ കൂട്ടുപിടിച്ച് വായനക്കാരെയും, വായനക്കാരെ കൂട്ടുപിടിച്ച് നജീബിനെയും പറ്റിച്ചിട്ടുണ്ടെന്ന് അദ്ദേഹം ആരോപിക്കുന്നു. ഭാവന ഉണ്ടാകേണ്ടത് മറ്റൊരാളുടെ ജീവിതം വെച്ചല്ലെന്നും അയാൾക്കും ഒരു കുടുംബം ഉണ്ടെന്നും ഗഫൂർ ഫേസ്‌ബുക്കിൽ കുറിച്ചു.
ഗഫൂർ വൈ ഇല്യാസിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
“use and throw”
എഴുത്ത്ക്കാരൻ നജീബിനെ കൂട്ടുപിടിച്ച് വായനക്കാരെയും, വായനക്കാരെ കൂട്ടുപിടിച്ച് നജീബിനെയും പറ്റിച്ചിട്ടുണ്ട്!!!
ഭാവനയുടെ ലോകത്ത് അഴിഞ്ഞാടാനുള്ള സകല സ്വാതന്ത്ര്യവും ഒരു എഴുത്ത്ക്കാരനുണ്ട് എന്നതിൽ തർക്കം ഇല്ല,
പക്ഷേ, അത് ആദ്യമേ പറയണം……
കുറഞ്ഞ പക്ഷം , ആദ്യം പറഞ്ഞതിൽ ഉറച്ച് നിൽക്കുകയെങ്കിലും വേണം….
ഇല്ലാത്ത കാര്യങ്ങൾ ഒരു എഴുത്തുകാരൻ എഴുതി വെച്ചാൽ അത് ഭാവനയും, അതേ കാര്യം വല്ല നാട്ടുകാരും പറഞ്ഞു നടന്നാൽ അത് പരദൂഷണവും ആയേനെ !!!
എല്ലേ ?
ഭാവന ഉണ്ടാകേണ്ടത് മറ്റൊരാളുടെ ജീവിതം വെച്ചല്ല ,
അയാൾക്കും ഒരു കുടുംബം ഉണ്ട് !!
Post Your Comments