പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. നോവലിൽ ഒരുപാട് കാര്യങ്ങൾ ബെന്യാമിൻ എഴുതിച്ചെർത്തിട്ടുണ്ട്. ഏഴ്, എട്ട് മാസം കൊണ്ടാണ് ബെന്യാമിൻ നജീബിന്റെ കഥ എഴുതിയത്. ആദ്യത്തെ ബുക്ക് നൽകിയത് നജീബിന് ആയിരുന്നു. ബെന്യാമിന് അവാർഡ് കിട്ടിയപ്പോഴാണ് നജീബ് പ്രശസ്തനായത്. നോവലിൽ, മരുഭൂമിയിൽ വെച്ച് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗമുണ്ട്. ഇത് ബെന്യാമിന്റെ ഭാവന മാത്രമായിരുന്നു. അങ്ങനെയൊരു സംഭവം നജീബ് എന്ന ഷുക്കൂറിന്റെ ജീവിതത്തിൽ നടന്നിട്ടില്ല. സിനിമ ഇറങ്ങിയതിന് പിന്നാലെ, ഇത് സംബന്ധിച്ച ചർച്ചകളും വാദപ്രതിവാദങ്ങളും സോഷ്യൽ മീഡിയയിൽ നടക്കുന്നുണ്ട്. ഇപ്പോഴിതാ, വിഷയത്തിൽ ബെന്യാമിനെ വിമർശിച്ച് എഴുത്തുകാരി അഞ്‍ജു പാർവതി രംഗത്ത്.
അഞ്‍ജു പാർവതി എഴുതുന്നതിങ്ങനെ:
വീണ്ടും വീണ്ടും ഈ മനുഷ്യൻ ക്രൂശിക്കപ്പെടുകയാണ്, ഒരുപക്ഷേ അറേബ്യൻ മണലാരണ്യത്തിൽ അന്ന് അനുഭവിച്ചതിന്റെ അതേ അനുപാതത്തിൽ ഇന്ന് അദ്ദേഹം വീണ്ടും ക്രൂശിക്കപ്പെടുന്നു. നജീബ് ഇല്ലെങ്കിൽ ബെന്യാമിൻ എന്ന സാഹിത്യകാരൻ ഇല്ല, അല്ലെങ്കിൽ ഉണ്ടാവില്ല എന്നതായിരുന്നു സത്യം. ബെന്യാമിൻ അല്ലെങ്കിൽ മറ്റേത് മനുഷ്യൻ നജീബിന്റെ കഥ പകർത്തിയാലും അയാൾ എഴുത്തുകാരൻ ആവുമായിരുന്നു. അത്രമേൽ സഹനത്തിന്റെയും നോവിന്റെയും ചുട്ടുപ്പൊള്ളുന്ന പീഡന പർവ്വം താണ്ടിയ ഒരു മനുഷ്യന്റെ അനുഭവത്തെ കണ്ടില്ലെന്ന് വയ്ക്കുവാൻ മനുഷ്യനായി പിറന്ന ഒരാൾക്ക് കഴിയാത്തിടത്തോളം നജീബിനെ എഴുതിയ ഏതൊരാളും പ്രശസ്തനാവുക തന്നെ ചെയ്തേനെ. അത് മാത്രമേ ബെന്യാമിൻ എന്ന എഴുത്തുകാരന്റെ ഉദയത്തിന് പിന്നിൽ സംഭവിച്ചുള്ളൂ!! ആർക്കും ഒറ്റ കൃതി കൊണ്ട് എഴുത്തുകാരൻ ആവാം. എന്നാൽ അയാൾ ഒരു സാഹിത്യകാരൻ ആവണമെങ്കിൽ സ്വന്തം ശൈലി രൂപപ്പെടുത്തി എടുത്ത മൂന്നോ നാലോ കൃതികൾ എങ്കിലും എഴുതണം, അവ ഒക്കെ ജനകീയമാവുകയും വേണം. എന്നാൽ ബെന്യാമിൻ സമം ആട് ജീവിതം എന്ന ഒറ്റ കൃതിയിൽ തീരുന്നു അയാളുടെ പ്രതിഭ.
മരുഭൂവിൽ നാല് കൊല്ലവും എട്ടു മാസവും നരകയാതനയുടെ ഏകാന്ത തടവിന് വിധിക്കപ്പെട്ട ഒരാൾക്ക് ആകെയുള്ള കൂട്ട് ആടുകൾ മാത്രമായിരുന്നു. ഒരുപക്ഷെ മനുഷ്യരൂപം പൂണ്ട അറബാബ് കാണിക്കാതിരുന്ന കരുണ അയാളോട് കാണിച്ചത് മൃഗരൂപം ഉള്ള ആടുകൾ മാത്രമായിരുന്നു. അതിനാൽ തന്നെ നജീബ് എന്ന മനുഷ്യന് അവ കേവലം മൃഗങ്ങൾ ആയിരുന്നില്ല. തനിക്ക് പിറക്കാൻ പോകുന്ന മകനെ പോലും ഒരു ആടിൽ കണ്ട തീർത്തും നിഷ്കളങ്കനായ മനുഷ്യൻ അത് ഒക്കെയും കഥാകാരനോട് വിവരിക്കുന്നു. എന്നാൽ അതിലും ഒരു മൃഗഭോഗത്തിന്റെ സാധ്യത കണ്ടെത്തുന്നുണ്ട് എഴുത്തുകാരൻ. അവിടെയാണ് ബെന്യാമിൻ എന്ന എഴുത്തുകാരൻ നജീബ് എന്ന പാവം മനുഷ്യനോട് കാട്ടിയ നെറികേടിന്റെ തുടക്കം. ഹക്കീമിന്റെ മരണവും മരുഭൂമിയിലെ പാമ്പുകളുടെ കൂട്ട വരവും ഒക്കെ അയാളുടെ എഴുത്തുകാരന്റെ ഭാവനസ്വാതന്ത്ര്യം. പക്ഷേ നജീബ് എന്ന വ്യക്തിയെ വരച്ചുകാട്ടുമ്പോൾ അവിടെ നൂറ് ശതമാനം സത്യസന്ധത പുലർത്തേണ്ടത് എഴുത്തുകാരന്റെ ധാർമ്മികത.
ഇന്നിന്റെ സമൂഹം എന്തിലും ഏതിലും, ഒരു മനുഷ്യന്റെ നിസ്സഹായ അവസ്ഥയിൽ വരെ പൊളിറ്റിക്കൽ കറക്ട്നെസ്സ് ചികയുന്ന സൈക്കോ ആണെന്ന് പാവം നജീബിന് അറിയില്ല. പക്ഷേ ബെന്യാമിന് അത് അറിയാമല്ലോ. ആ സ്ഥിതിക്ക് താനെന്ന എഴുത്തുകാരന്റെ വെറും ഭാവന മാത്രമായിരുന്ന ആ മൃഗഭോഗം നജീബിന്റെ തലയിൽ വരാതെ ഇരിക്കുവാൻ നോക്കേണ്ടിയിരുന്നത് ബെന്യാമിൻ ആയിരുന്നു. ഇന്റർവ്യൂവിൽ വന്നല്ല അത്തരം ഒരു കാര്യം വിശദീകരിക്കേണ്ടിയിരുന്നത്. ചിത്രത്തിൽ ഇല്ലാതിരുന്ന ഒരു കാര്യം സിനിമയ്ക്കായി ചിത്രീകരിച്ചുവെന്നും പിന്നീട് അത് വേണ്ടെന്ന് വച്ചുവെന്നും പറയുമ്പോൾ ഇത്തരം ഒരു വിഷയം കിട്ടിയാൽ നജീബ് ആടിനെ ഭോഗിച്ചത് സിനിമയിൽ വരാത്തതിന് കാരണം ഇത് എന്ന തമ്പ് നെയിൽ വച്ച് മനുഷ്യരെ കൊന്നു തിന്നുന്ന യൂട്യൂബ് ഓൺലൈൻ മാധ്യമങ്ങൾ ഇടാതിരിക്കുമോ എന്ന് ചിന്തിക്കാതിരിക്കാൻ അയാൾക്ക് എന്തേ കഴിഞ്ഞില്ല.
ശരിക്കും ഒരു സോഷ്യൽ സ്മാർത്ത വിചാരണയ്ക്ക് ആ പാവം മനുഷ്യനെ തള്ളിവിടുകയാണ് ബെന്യാമിനും സിനിമക്കാരും ചെയ്തത്. മണലാരണ്യത്തിലെ ദുരിതത്തിൻ്റെ തീരാപെയ്ത്തിൽ വീണു പിടഞ്ഞുപ്പോയ ഒരു പാവം മനുഷ്യന് പെണ്ണാടിന്റെ പിന്നിൽ പോയി നിൽക്കുവാൻ തക്ക മൃഗതൃഷ്ണ ഉണ്ടാവില്ല എന്ന് മരുഭൂവിൽ ഇന്നും ഒരർത്ഥത്തിൽ അല്ലെങ്കിൽ മറ്റൊരു അർത്ഥത്തിൽ നജീബുമാരായി നീറിപ്പിടയുന്ന ഓരോ പ്രവാസിക്കും അറിയാം. എന്നിട്ടും കേവലം എഴുത്തുകാരന്റെ ഉള്ളിലെ മൃഗതൃഷ്ണ ആട്ടിൻക്കൂട്ടത്തിൽ സമർത്ഥമായി പ്രയോഗിച്ച ആ മാർക്കറ്റിങ് തന്ത്രത്തിന് ഇല്ലാതെ പോയത് empathy എന്ന സാധനമാണ്.
പാവം നജീബ് എന്ന മനുഷ്യൻ. നോവൽ ആയിട്ടും സിനിമ ആയിട്ടും അയാളെ വിൽപ്പനചരക്ക് ആക്കി കമ്പോളത്തിൽ വച്ചത് അദ്ദേഹം മാത്രം അറിഞ്ഞിട്ടില്ല. അറേബ്യയിലെ കാട്ടറബി അറബാബ് പോലെ തന്നെ ഇവിടെയും അയാളുടെ ജീവിതം വച്ച് ട്രപ്പീസ് കളിക്കുന്നു സാഹിത്യ ലോകത്തെ അറബാബ്.
Post Your Comments