പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്. നോവലിൽ ഒരുപാട് കാര്യങ്ങൾ ബെന്യാമിൻ എഴുതിച്ചെർത്തിട്ടുണ്ട്.
ഒരുപാട് പ്രതിസന്ധി ഘട്ടങ്ങൾ കടന്നുവന്ന നജീബ് ഇപ്പോൾ നാട്ടിലാണുള്ളത്. നജീബിന്റെ അനുഭവമാണ് ബെന്യാമിൻ ‘ആടുജീവിത’ത്തിൽ എഴുതിയത്. അതിൽ എഴുത്തുകാരന്റേതായ ഭാവനയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഇപ്പോഴിതാ, നോവലിൽ എഴുതിയിരിക്കുന്ന ചില കാര്യങ്ങൾ യഥാർത്ഥത്തിൽ നടന്നിട്ടില്ലെന്ന് നജീബ് പറയുന്നു. മഴവിൽ കേരളം എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താൻ മരുഭൂമിയിൽ വെച്ച് അനുഭവിച്ചതെല്ലാം തുറന്നു പറയുകയാണ് നജീബ്.
ബഹ്‌റിനിൽ വെച്ച് പരിചയപ്പെട്ട സുഹൃത്ത് സുനിൽ ആണ് എഴുത്തുകാരൻ ബെന്യാമിനെ നജീബിന് പരിചയപ്പെടുത്തിയത്. അതായിരുന്നു നോവലിന്റെ തുടക്കം. ഏഴ്, എട്ട് മാസം കൊണ്ടാണ് ബെന്യാമിൻ നജീബിന്റെ കഥ എഴുതിയത്. ആദ്യത്തെ ബുക്ക് നൽകിയത് നജീബിന് ആയിരുന്നു. ബെന്യാമിന് അവാർഡ് കിട്ടിയപ്പോഴാണ് നജീബ് പ്രശസ്തനായത്. നോവലിൽ, മരുഭൂമിയിൽ വെച്ച് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്ന ഒരു രംഗമുണ്ട്. ഇതിനെ കുറിച്ചുള്ള അവതാരകയുടെ ചോദ്യത്തിന് ‘അത് ബെന്യാമിന്റെ ഭാവനാ സൃഷ്ടി’ ആണെന്ന് നജീബ് പറയുന്നു.
‘വായനക്കാർക്ക് ഒരു ഇതിന് വേണ്ടി ബെന്യാമിൻ നോവലിൽ എഴുതിയതാണ് ആ രംഗം. ആ ആടുകളെല്ലാം എന്റെ മക്കളാണ്. ആടിനെ നന്നായിട്ട് സ്നേഹിച്ചിട്ടുണ്ട്, ഒരു ആട്ടിൻകുട്ടിക്ക് നബീൽ എന്ന് പേരുമിട്ടു. അത്രയൊക്കെയേ ഉള്ളൂ. അവരെയെല്ലാം ഉപേക്ഷിച്ച് ഓടിപ്പോരുമ്പോൾ എനിക്ക് വിഷമം ഉണ്ടായിരുന്നു. ആടിനെ ഒക്കെ അങ്ങനെ ചെയ്യാൻ പറ്റുമോ? തലയ്ക്ക് സ്ഥിരതയില്ലാത്തവരല്ലേ അങ്ങനെ ഒക്കെ ചെയ്യുക? നോവലിന് വേണ്ടി അദ്ദേഹം എഴിയതാണ് അത്. എന്തിനാണ് അങ്ങനെ എഴുതിയതെന്ന് ഞാൻ ചോദിച്ചിട്ടുണ്ട്. കഥയ്ക്ക് വേണ്ടിയാണെന്ന് അദ്ദേഹം മറുപടി നൽകി. നമ്മുടെ ആൾക്കാർക്ക് അത് വായിക്കേണ്ടതല്ലേ എന്നും ചോദിച്ചിരുന്നു. അത് എനിക്കും വിഷമം ഉണ്ടാക്കിയിട്ടുണ്ട്.
ആത്മഹത്യ ചെയ്യാൻ വരെ തോന്നിയിരുന്നു. പക്ഷെ ഞങ്ങളുടെ ഇസ്‌ലാം മതത്തിൽ ആത്മഹത്യ പാടില്ല. പാമ്പ് കടിച്ച് മരിക്കട്ടെ എന്ന് കരുതിയിട്ടും അതും ഉണ്ടായില്ല. അന്നും അല്ലാഹു എനിക്ക് കാവൽ ഉണ്ടായിരുന്നു. അതാണ് ഞാൻ രക്ഷപ്പെട്ടത്. ഭാര്യയെ ഓർക്കുമ്പോൾ ആത്മഹത്യാ ചിന്ത എല്ലാം മാറിപ്പോകും’, നജീബ് പറയുന്നു.
Post Your Comments