നജീബിന്റെ യഥാർത്ഥ കഥയിൽ ഹക്കിം എന്നൊരാൾ ഉണ്ടോ?

പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.

ഇതിനിടെ നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് എഴുത്തുകാരൻ ബെന്യാമിൻ പറഞ്ഞിരുന്നു. സിനിമയിലെയും നോവലിലെയും പ്രധാനകഥാപാത്രങ്ങളിൽ ഒന്നാണ് ഹക്കിം. നോവലിൽ ഹക്കിം മരണപ്പെടുകയാണ്. സിനിമയും അതേ വിധി തന്നെയാണ് ഹക്കിമിന് നൽകുന്നത്. എന്നാൽ, നജീബ് അനുഭവിച്ച യഥാർത്ഥ സ്റ്റോറിയിൽ അങ്ങനെ ഒരു ഹക്കിം ഉണ്ടോ എന്ന ചോദ്യം ഇപ്പോഴുയരുന്നു. അതിന് പല ഉത്തരങ്ങളാണ് സോഷ്യൽ മീഡിയ കണ്ടെത്തുന്നത്. നോവലിനു വേണ്ടി ബെന്യാമിൻ ഉണ്ടാക്കിയ ഒരു സാങ്കൽപ്പിക കഥാപാത്രമാണ് ഹക്കിം എന്ന് പറയുന്നവർ ഉണ്ട്.

ബെന്യാമിനും യഥാർത്ഥ നജീബും അടുത്തിടെ നൽകിയ ഒരു അഭിമുഖത്തിൽ ഹക്കിമിനെ കുറിച്ച് ചോദ്യമുയർന്നിരുന്നു. പിന്നീടെപ്പോഴെങ്കിലും ഹക്കിമിനെ കണ്ടിട്ടുണ്ടോ എന്നായിരുന്നു ചോദ്യം. അതിന് നജീബ് മറുപടി നൽകാൻ മടിച്ചപ്പോൾ ബെന്യാമിൻ ആയിരുന്നു ഹക്കിമിനെ കുറിച്ച് പറഞ്ഞത്. മരുഭൂമിയിൽ നിന്നും നജീബിനൊപ്പം ഹക്കിമും രക്ഷപ്പെട്ടിരുന്നുവെന്നും, നജീബ് നാട്ടിലേക്ക് വണ്ടി കയറിയപ്പോൾ ഹക്കിം മറ്റ് ജോലികൾ അന്വേഷിച്ച് ഗൾഫിൽ തന്നെ നിൽക്കുകയായിരുന്നു എന്നാണ് ബെന്യാമിൻ പറഞ്ഞത്. എന്നാൽ, ഇതിന് നേർ വിപരീതമായ മറുപടിയാണ് നജീബ് പറഞ്ഞത്. ഒരു അഭിമുഖത്തിൽ താൻ ഒറ്റയ്ക്കായിരുന്നു എന്നാണ് നജീബ് പറഞ്ഞത്. ഇതിന്റെ ചുവടുപറ്റി സോഷ്യൽ മീഡിയകളിൽ ചർച്ച കൊഴുക്കുന്നുണ്ട്.

Share
Leave a Comment