പ്രവാസി ആയിരുന്ന നജീബിന്റെ യഥാർത്ഥ അനുഭവം ആണ് എഴുത്തുകാരൻ ബെന്യാമിൻ ‘ആടുജീവിതം’ എന്ന നോവൽ ആക്കി മാറ്റിയത്. ഈ നോവലിനെ ആധാരമാക്കിയാണ് ബ്ലെസി ‘ആടുജീവിതം’ എന്ന സിനിമ നിർമിച്ചത്. സിനിമ ഇന്നലെയാണ് റിലീസ് ആയത്. 250-ഓളം പതിപ്പുകൾ പുറത്തിറങ്ങിയ ആടുജീവിതം സിനിമയാക്കിയപ്പോൾ നോവലിലെ വൈകാരിക രംഗങ്ങളുമായി എത്രത്തോളം സിനിമ നീതി പുലർത്തി എന്ന തരത്തിലുള്ള ചർച്ചകൾ നിരവധി നടക്കുന്നുണ്ട്. എന്നാൽ സിനിമയെന്നത് സംവിധായകന്റെ മാത്രം കലയാണെന്നുമുള്ള വാദങ്ങളും ഉയർന്നുവരുന്നുണ്ട്.
ഇപ്പോഴിതാ നോവൽ സിനിമയായപ്പോൾ അതിൽ നിന്നും കുറേഭാഗങ്ങൾ മാറ്റേണ്ടിവന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എഴുത്തുകാരൻ ബെന്യാമിൻ. നോവലിലെ പ്രധാനപ്പെട്ട രംഗങ്ങളിലൊന്നായിരുന്നു, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. ഭാര്യയുടെ ഓർമയിൽ നജീബിന് സംഭവിച്ച ഒരു അബദ്ധമായിരുന്നു ഈ രംഗം. സിനിമയുടെ ഭാഗമായി അത് ചിത്രീകരിച്ചിരുന്നുവെന്നും സെൻസർ ബോർഡ് ഇടപ്പെട്ടതുകൊണ്ടാണ് അത് മാറ്റേണ്ടിവന്നതെന്നും ബെന്യാമിൻ പറയുന്നു.
‘നോവലിലെ പ്രധാന ഭാഗങ്ങളായിരുന്നു മകനെപ്പോലെ കാണുന്ന ആടിന്റെ പുരുഷത്വം ഛേദിക്കുന്നതും, നജീബ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നതും. ഇതിൽ ആടിൻ്റെ പുരുഷത്വം ഛേദിക്കുന്ന സീൻ എന്നെക്കൊണ്ട് ഷൂട്ട് ചെയ്യാൻ കഴിയില്ലെന്ന് ബ്ലെസി പറഞ്ഞു. അതുകൊണ്ട് ആ ഭാഗം സ്ക്രിപ്റ്റിൽ വേണോ എന്ന് എന്നോട് ചോദിച്ചു. ബ്ലെസിയുടെ ഭാഗത്ത് നിന്ന് ചിന്തിച്ചപ്പോൾ അത് ശരിയാണെന്ന് തോന്നി. അതുകൊണ്ട് ആ ഭാഗം ഞങ്ങൾ ഒഴിവാക്കി.
മറ്റൊരു പ്രധാനപ്പെട്ട ഭാഗമാണ് ആടുമായി ലൈംഗികബന്ധത്തിൽ ഏർപ്പെടുന്നത്. അത് ഞങ്ങൾ ഷൂട്ട് ചെയ്തതുമാണ്. പക്ഷേ സെൻസർ സർട്ടിഫിക്കറ്റിന് കൊടുത്തപ്പോൾ ആ സീൻ ഉണ്ടെങ്കിൽ ‘എ’ സർട്ടിഫിക്കറ്റ് നൽകേണ്ടി വരുമെന്ന് പറഞ്ഞു. ഒരുപാട് ഫാമിലികളും കുട്ടികളും ഈ സിനിമ കാണാൻ വരുമെന്നുള്ളതുകൊണ്ട് ആ സീനും മാറ്റേണ്ടി വന്നു. നോവലിന്റെയും സിനിമയുടെയും ആത്മാവാണ് ഭാഗം. പക്ഷേ അക്കാര്യം സെൻസർ ബോർഡിനറിയില്ലല്ലോ. അതുകൊണ്ടാണ് അവർ അത് വെട്ടിക്കളയാൻ പറഞ്ഞത്’, ജാങ്കോ സ്പേസിന് നൽകിയ അഭിമുഖത്തിൽ ബെന്യാമിൻ പറഞ്ഞു.
Post Your Comments