ഏകദേശം 16 വർഷം നീണ്ട ബ്ലെസിയുടെ ജീവിതവും അധ്വാനവുമാണ് ആടുജീവിതം എന്ന സിനിമ. ബെന്ന്യാമിന്റെ ‘ആടുജീവിതം’ എന്ന ബുക്കിനെ അടിസ്ഥാനമാക്കി ഒരുങ്ങിയ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പ്രേക്ഷകർക്ക് പ്രതീക്ഷകൾ ഏറെയാണ്. നോവലിലൂടെ വായിച്ചറിഞ്ഞ, നജീബ് എന്ന ആളുടെ അനുഭവങ്ങൾ തിയേറ്ററിൽ കാണാനുള്ള ആകാംഷയിലാണ് പ്രേക്ഷകർ. മരുഭൂമിയിൽ നജീബ് അനുഭവിച്ച ജീവിത ദുരിതങ്ങൾ ഏതൊരു മനുഷ്യനെയും തകർത്തുകളയുന്നതാണ്.
ഇപ്പോഴിതാ യഥാർത്ഥ ജീവിതത്തിൽ ഇത്രയും ദുരിതങ്ങൾ അനുഭവിച്ചിട്ടും, എന്തുകൊണ്ടാണ് നജീബ് ആത്മഹത്യ ചെയ്യാതിരുന്നത് എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് എ. ആർ റഹ്മാൻ. ഒരു ഇസ്ലാം മത വിശ്വാസിയായതുകൊണ്ടാണ് നജീബ് ആത്മഹത്യ തിരഞ്ഞെടുക്കാതിരുന്നത് എന്നാണ് എ.ആർ റഹ്മാൻ പറയുന്നത്. ആടുജീവിതത്തിന്റെ ചിത്രീകരണ സമയത്ത് പൃഥ്വിരാജുമായി നടത്തിയ അഭിമുഖത്തിലാണ് എ.ആർ റഹ്മാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. ഇസ്ലാമിൽ ആത്മഹത്യ പാപമാണെന്നും, ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കുമെന്നും എ.ആർ റഹ്മാൻ പറയുന്നു.
‘വിശ്വാസം സങ്കീർണമായൊരു സംഗതിയാണ്. ഒരുഭാഗത്ത് വളരെ ലളിതവും ആളുകളെ മുന്നോട്ടുനടത്തുന്നതുമായ സംഗതിയാണ്. എന്നാൽ, അതിലൊരു വിരോധാഭാസം കൂടിയുണ്ട്. ദൈവം നമ്മെ കൂടുതൽ ഇഷ്ടപ്പെടുന്നതിനനുസരിച്ച് അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. പ്രവാചകന്മാരുടെയും ഏതു മതങ്ങളുടെയും കാര്യം എടുത്തുനോക്കിയാൽ അങ്ങനെത്തന്നെയാണ്. വിശ്വാസികളെ അവൻ പരീക്ഷിച്ചുകൊണ്ടിരിക്കും. അത് അവരെ കൂടുതൽ ഉയരങ്ങളിലേക്ക് എത്തിക്കും. ആത്മഹത്യ ചെയ്താൽ നമ്മൾ ചെയ്ത ആരാധനകളും പ്രാർഥനകളും നന്മകളും നമ്മുടെ വിശ്വാസങ്ങളുമെല്ലാം റദ്ദായിപ്പോകുമെന്നാണു മതം പറയുന്നത്. പല തരത്തിൽ നമ്മളെല്ലാം നജീബിന്റേതു പോലുള്ള അവസ്ഥയിലൂടെ കടന്നുപോകാറുണ്ട്. ഞാനും ഇതുപോലെയുള്ള സ്ഥിതിയിലൂടെ കടന്നുപോയിട്ടുണ്ട്. എന്നാൽ, അതിൽനിന്നൊക്കെ നമ്മൾ പുറത്തുകടക്കും. എന്തെങ്കിലും പ്രശ്നങ്ങൾ വന്നാൽ അതൊരു വെല്ലുവിളിയായി ഏറ്റെടുക്കാനാണ് ഞാൻ പറയാറ്. അടുത്ത ഘട്ടം നമ്മളെ കാത്തിരിക്കുന്നുണ്ടാകും. അതൊരു വലിയ പാഠമായി മാറുകയും ചെയ്യും’, എ.ആർ റഹ്മാൻ പറഞ്ഞു.
Post Your Comments