
ആടുജീവിതം റിലീസിനോടടുക്കുകയാണ്. പൃഥ്വിരാജിന്റെയും ബ്ലെസ്സിയുടെയും കരിയറിലെ ഏറ്റവും മികച്ച ചിത്രമാകും ആടുജീവിതമെന്നാണ് പ്രേക്ഷകർ കരുതുന്നത്. എ.ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് എ. ആർ റഹ്മാൻ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആടുജീവിതം പോലെയൊരു സിനിമയിൽ പ്രവൃത്തിക്കുക എന്നത് ഏതൊരു സംഗീത സംവിധായകനെ സംബന്ധിച്ചും വലിയ കാര്യമാണ് എന്നാണ് എ. ആർ റഹ്മാൻ പറയുന്നത്.
‘ആടുജീവിതം ഏറെ പ്രശസ്തമായ നോവലാണ്. ബ്ലെസി എല്ലാവർക്കും ബഹുമാന്യനായ സംവിധായകനും. ബ്ലെസി ആടുജീവിതത്തിനായി സമീപിച്ച സമയത്ത് എല്ലാവരും വളരെ മികച്ച അഭിപ്രായമാണ് അദ്ദേഹത്തെക്കുറിച്ച് എല്ലാവരും പറഞ്ഞത്. ഈ സിനിമയിൽ അദ്ദേഹം പൂർണമായും സമർപ്പിച്ചിരിക്കുകയാണ്.ഇത്തരം സിനിമ, ഇത്തരം കഥ, അതൊരു സംഗീത സംവിധായകന് കിട്ടാവുന്ന ഏറ്റവും വലിയ അനുഗ്രഹമാണ്. സിനിമയ്ക്ക് വേണ്ടി മാത്രമല്ല കഥാപാത്രങ്ങൾക്ക് വേണ്ടിയും സംഗീതം ചെയ്യണമെന്നാണ് ഓരോ സംഗീത സംവിധായകനും ആഗ്രഹിക്കുക.
ഞാനേറെ ആസ്വദിച്ച് ചെയ്ത ചിത്രമാണ് ആടുജീവിതം. സമയത്തിന്, കാലത്തിന് അതീതമായ കഥയാണ് ആടുജീവിതത്തിന്റേത്. ചെമ്മീനൊക്കെ പോലെ ഓർത്തിരിക്കുന്ന കഥ. ആ സ്റ്റോറിക്ക് വേണ്ട ശബ്ദവും അത്തരത്തിൽ കാലാതീതമായ ഒന്നായിരിക്കണം. കുറച്ച് ഹൈബ്രിഡ് ആയ ഒന്ന്. അത് തന്നെയാണ് ഇവിടെ ഉപയോഗിച്ചിരിക്കുന്നതും’, റഹ്മാൻ പറഞ്ഞു. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
Post Your Comments