മിമിക്രിയിലൂടെ അഭിനയത്തിലേക്ക് എത്തി ഇപ്പോള്‍ നിരവധി സിനിമകളിൽ അഭിനയിക്കാൻ കഴിഞ്ഞ നടനാണ് ടിനി ടോം. ഇപ്പോഴത്തെ ജീവിതം താന്‍ തിരിച്ചു പിടിച്ചതാണെന്ന് പറയുകയാണ് നടനിപ്പോള്‍. പ്രളയം വന്ന് തനിക്കുള്ളതെല്ലാം നഷ്ടപ്പെട്ടതിനെ പറ്റിയാണ് ടിനി തുറന്ന് പറഞ്ഞത്. ജൂഡ് ആന്റണിയുടെ 2018 എന്ന സിനിമ കണ്ടതിന് ശേഷം തന്റെ ജീവിതത്തിൽ സംഭവിച്ച കാര്യങ്ങളെ കുറിച്ചാണ് കൗമുദി മൂവീസിന് നല്കിയ അഭിമുഖത്തിൽ ടിനി തുറന്നു പറഞ്ഞത്. 2018 എന്ന സിനിമയുടെ ഹാങ്ങ് ഓവറിനെ പറ്റിയാണ് ടിനി ടോം സംസാരിച്ചത്.
താനൊരിക്കലും ഇനി കാണരുതെന്ന് ആഗ്രഹിച്ച വര്‍ഷമാണ് 2018. കാരണം ഞാനൊരു പ്രളയ ബാധിതനാണ്. എനിക്കെല്ലാം പ്രളയത്തിലൂടെ നഷ്ടപ്പെട്ട് പോയിരുന്നു. അവിടെ നിന്നും വീണ്ടും തുടങ്ങിയതാണ് എല്ലാം. ആ സിനിമ കണ്ടോണ്ട് ഇരിക്കുമ്പോള്‍ എന്റെ ഭാര്യ മാനിയേക്ക് ആയി പോയെന്ന് പറയാം. ഇരുട്ട് ഒക്കെ കാണുമ്പോള്‍ അവള് അസ്വസ്ഥയാകും. കാരണം അന്നത്തെ അനുഭവം അത്രത്തോളമുണ്ടായിരുന്നുവെന്ന് ടിനി ഓർത്തെടുക്കുന്നു.
‘എന്റെ സ്വപ്നമായിട്ട് വാങ്ങിയ വാഹനം മുഴുവനുമായി നഷ്ടപ്പെട്ട് പോയി. വെള്ളം കയറിയത് കൊണ്ട് അങ്ങോട്ട് പോവാന്‍ സാധിച്ചില്ല. ചില്ല് അടഞ്ഞ് കിടക്കുന്നത് കൊണ്ട് കുഴപ്പം ഒന്നും ഉണ്ടാവില്ലെന്ന് കരുതി. എന്നാല്‍ വില കൂടിയ വാഹനമായത് കൊണ്ട് ആ കാറിന് ചില പ്രത്യേകതകളുണ്ടായിരുന്നു. വെള്ളം ചെറുതായൊന്ന് തട്ടിയാല്‍ തന്നെ ആ കാറിന്റെ ഗ്ലാസുകള്‍ താഴും. പുഴയിലും മറ്റുമൊക്കെ മറിഞ്ഞ് കാര്‍ അപകടത്തില്‍ ആളുകള്‍ക്ക് പുറത്ത് കടക്കാന്‍ വേണ്ടിയാണ് അങ്ങനൊന്ന് വാഹനത്തിന്റെ പ്രധാന പ്രത്യേകതയായത്. ഒടുവില്‍ വെള്ളം കയറി വാഹനം മുഴുവന്‍ നിറയുകയും ചെളി കയറി വണ്ടി നാശമായി പോവുകയും ചെയതു. സത്യത്തില്‍ എന്റെ മകന്റെ വീഡിയോ ഗെയിം മുകളിലത്തെ മുറിയില്‍ കൊണ്ടുപോയി വെച്ചിരുന്നു. അത് മാത്രമാണ് രക്ഷപ്പെട്ടത്.
അന്ന് അമ്പതിനായിരം രൂപ കിട്ടുന്ന ഒരു ഉദ്ഘാടനത്തിന് പോയതായിരുന്നു ഞാന്‍. അത് കഴിഞ്ഞ് തിരിച്ചുവന്നപ്പോള്‍ അമ്പത് ലക്ഷം പോയി. അതിന് വേണ്ടി പോയത് കൊണ്ട് പറ്റിയതാണ്. അല്ലായിരുന്നെങ്കില്‍ എനിക്ക് ആ വാഹനങ്ങള്‍ അവിടെ നിന്നും മാറ്റാന്‍ സാധിക്കുമായിരുന്നു. പക്ഷേ അത് ദൈവവിധിയായിരുന്നു. ദൈവം എടുത്തിട്ടുണ്ടെങ്കില്‍ അദ്ദേഹമത് തിരിച്ച് തരും. അങ്ങനൊരു ആത്മവിശ്വാസം എനിക്കുണ്ടായി. അവിടം തൊട്ടിങ്ങോട്ട് രാവും പകലും പണിയെടുത്താണ് തിരിച്ചുകയറിയത്’, ടിനി പറയുന്നു.
Post Your Comments