സുഭാഷ് കുഴിയില്‍ വീണപ്പോള്‍ സംഭവിച്ച പ്രധാനപ്പെട്ട ആ കാര്യം സിനിമയില്‍ നിന്ന് ഒഴിവാക്കാന്‍ കാരണം!: ചിദംബരം

മലയാളത്തില്‍ നിന്നുമെത്തി തമിഴ്‌നാട്ടിലടക്കം തരംഗം തീര്‍ത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്. തമിഴ്‌നാട്ടില്‍ ഒരു മലയാള ചിത്രം നേടുന്ന ഏറ്റവും മികച്ച കളക്ഷന്‍ എന്ന റെക്കോര്‍ഡും ചിത്രം സ്വന്തമാക്കിയിരുന്നു. തിയേറ്ററുകളിലെത്തി രണ്ട് ആഴ്ചകള്‍ക്ക് ഇപ്പുറവും ചിത്രത്തിന് മികച്ച ബുക്കിംഗ് ആണ് ലഭിക്കുന്നത്. ഇപ്പോഴിതാ യഥാര്‍ഥ സംഭവം സിനിമയാക്കിയപ്പോള്‍ ഒഴിവാക്കിയ ഒരു പ്രധാന പോയിന്റിനെക്കുറിച്ച് പറയുകയാണ് സംവിധായകന്‍ ചിദംബരം.

എറണാകുളം മഞ്ഞുമ്മലില്‍ നിന്ന് ഒരു കൂട്ടം സുഹൃത്തുക്കളായ യുവാക്കള്‍ 2006 ല്‍ നടത്തിയ യാത്രയും അതില്‍ അവര്‍ നേരിട്ട അപകടവുമാണ് സിനിമ. കൊടൈക്കനാലിലെ അപകടകരമായ ഗുണ കേവിലെ അഗാധമായ കുഴിയിലേയ്ക്ക് ശ്രീനാഥ് ഭാസി അവതരിപ്പിച്ച സുഭാഷ് കാല്‍ വഴുതി വീഴുന്നുണ്ട് സിനിമയില്‍. യഥാര്‍ഥ സംഭവത്തിലെ സുഭാഷ് കുഴിയില്‍ വീണപ്പോള്‍ സംഭവിച്ച ഒരു കാര്യമാണ് അദ്ദേഹം ജീവനോടെ തിരിച്ചെത്താന്‍ കാരണമായതെന്ന് സംവിധായകന്‍ ചിദംബരം പറയുന്നു. അത് സിനിമയില്‍ ഒഴിവാക്കിയിരുന്നെന്നും അദ്ദേഹം പറയുന്നു.

‘പാന്റ്‌സിന് ധരിച്ച ബെല്‍റ്റ് ഒരു കല്ലില്‍ ഉടക്കിയതിനാലാണ് ഇനിയും അഗാധതയിലേയ്ക്ക് പോവാതെ സുഭാഷ് തങ്ങിനിന്നത്. കുഴിയിലേക്ക് വീണപ്പോള്‍ സുഭാഷ് ഒരു പോയിന്റില്‍ പോയി കുടുങ്ങി നിന്നു. അങ്ങനെയാണ് കുടുങ്ങിയത് എന്നത് സിനിമയില്‍ കാണിച്ചിട്ടില്ല. കൊടൈക്കനാല്‍ യാത്രയ്ക്ക് പോകുമ്പോള്‍ സുഭാഷ് വീട്ടില്‍ നിന്ന് അനിയന്റെ ബെല്‍റ്റ് എടുക്കുന്നത് ഓര്‍മ്മയുണ്ടോ? താഴേക്ക് വീണപ്പോള്‍ ആ ബെല്‍റ്റ് ഒരു കല്ലില്‍ ഉടക്കിയിരുന്നു.

ആ ബെല്‍റ്റ് ആണ് അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിച്ചത്. സിനിമയിലേയ്ക്ക് വരുമ്പോള്‍ അത്തരമൊരു സീന്‍ എടുക്കണമെങ്കില്‍ ബെല്‍റ്റിന്റെ ഷോട്ടൊക്കെ പിന്നില്‍ നിന്ന് എടുക്കേണ്ടിവരും. അത് എങ്ങനെ എടുക്കുമെന്ന് ചിന്തിച്ചിരുന്നു. കുറച്ച് സങ്കീര്‍ണ്ണമായതിനാല്‍ ഒഴിവാക്കുകയായിരുന്നു’, എന്നാണ് ഒരു തമിഴ് യുട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ചിദംബരം പറഞ്ഞു.

Share
Leave a Comment