
രാജ്യത്തിന്റെ രക്ഷക്കായി ചിന്തിക്കുന്ന ആരുമായും ലോക്സഭാ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടാക്കാന്‍ തയ്യാറാണെന്ന് മക്കള്‍ നീതി മയ്യം നേതാവ് കമല്ഹാസന്. രാജ്യത്തിനു വേണ്ടി കക്ഷിരാഷ്ട്രീയം മറക്കുമെന്നും എന്നാല്‍, ഫ്യൂഡല്‍ മനോഭാവം കാട്ടുന്ന പാര്‍ട്ടികളുമായി കൈകോര്‍ക്കില്ലെന്നും അദ്ദേഹം വാക്തമാക്കി. ഭാവിയില്‍ വിജയ്യുമായി കൈകോര്‍ക്കാന്‍ തയ്യാറാണെന്നും അദേഹം സൂചന നല്കി. രാഷ്ട്രീയത്തിലിറങ്ങുന്നതിന് വിജയ്യെ നിര്‍ബന്ധിച്ചത് താനാണെന്ന് കമല്‍ പറഞ്ഞു. ‘ഇന്ത്യ’ സംഖ്യത്തില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ടെന്നും നല്ല വാര്‍ത്തയുണ്ടാക്കാന്‍ സമയമെടുക്കുമെന്നും കമല്‍ പറഞ്ഞു.
ഡി.എം.കെ.യ്ക്കും അണ്ണാ ഡി.എം.കെയ്ക്കും ബദല്‍ എന്ന നിലയിലായിരുന്നു ആറുവര്‍ഷം മുമ്പ് കമല്‍ മക്കള്‍ നീതി മയ്യം ആരംഭിച്ചത്. കഴിഞ്ഞവര്‍ഷം നടന്ന ഈറോഡ് ഉപതിരഞ്ഞെടുപ്പില്‍ ഡി.എം.കെ. സഖ്യത്തില്‍ മത്സരിച്ച കോണ്‍ഗ്രസിനായി കമല്ഹാസന് പ്രചാരണം നടത്തിയിരുന്നു. രാഷ്ട്രീയ അരങ്ങേറ്റം കുറിച്ചെങ്കിലും കമലിന് വിജയം കൈവരിക്കാൻ കഴിഞ്ഞില്ല. ഒരിക്കൽ തോൽവിയുടെ രുചി അറിഞ്ഞ അദ്ദേഹം അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കുമോയെന്ന കാര്യം വ്യക്തമല്ല.
അതേസമയം, തമിഴകത്തെ ഒന്നാകെ അമ്പരപ്പിച്ചുകൊണ്ടാണ് നടൻ വിജയ് തന്റെ രാഷ്ട്രീയ പ്രഖ്യാപനം നടത്തിയത്. ഉചിതമായ സമയത്തിനായുള്ള കാത്തിരിപ്പ് വിജയ് അവസാനിപ്പിക്കുമ്പോള്‍ തലമുറ മാറ്റത്തിന്റെ പടിവാതിലിലാണ് തമിഴക രാഷ്ട്രീയം. തമിഴ് രാഷ്ട്രീയത്തിന്റെ പുത്തൻ തലമുറയില്‍ ആരാകും വാഴുക എന്നത് കാത്തിരുന്ന് കാണേണ്ട ഒന്നാണ്. യുവവോട്ടർമാരിലാണ് വിജയ്യുടെ കണ്ണും. മുഖ്യമന്ത്രിയാകാനാവശ്യമായ 40 ശതമാനം വോട്ടുകൾ കണ്ടെത്തുക എന്നത് ആനകേറാമല പോലെയാണോ വിജയ്യ്ക്ക് എന്ന കാര്യത്തിൽ ഇപ്പോഴും ഉറപ്പില്ല. ആരാധക പിന്തുണ വോട്ടാക്കി മാറ്റാൻ തന്നെയാണ് വിജയ് ലക്ഷ്യമിടുന്നത്.
Post Your Comments