‘ജനങ്ങളെ സഹായിക്കുന്നതിൽ നിന്നും കിട്ടുന്ന ആത്മസംതൃപ്തിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം’: സുരേഷ് ഗോപിയെ കുറിച്ച് അഖിൽ മാരാർ

നിറയെ ഫോളോവേഴ്സുള്ള താരമാണ് സംവിധായകൻ അഖിൽ മാരാർ. ബിഗ് ബോസിലൂടെ ഇരട്ടി ആരാധകരെയാണ് അഖിൽ ഉണ്ടാക്കിയത്. അടുത്തിടെ നടൻ സുരേഷ് ​ഗോപി തെരഞ്ഞെടുപ്പിൽ ജയിക്കുമെന്ന് അഖിൽ പ്രവചിച്ചത് വൈറലായിരുന്നു. അങ്ങനൊരു പ്രവചനം നടത്താൻ തന്നെ പ്രേരിപ്പിച്ചതെന്താണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അഖിൽ ഇപ്പോൾ. ജിഞ്ചർ മീഡിയയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് സുരേഷ് ​ഗോപിയുടെ രാഷ്ട്രീയ ഭാവിയെ കുറിച്ച് സംസാരിച്ചത്.

‘വർഷങ്ങൾക്ക് മുമ്പ് മുതൽ തന്നെ യാഥാർത്ഥ്യം പറയുന്നതാണ് എനിക്കിഷ്ടം. എന്റെ കാഴ്ചപ്പാടും ചിന്തയും നിരീക്ഷണവും വെച്ചാണ് രാഷ്ട്രീയത്തിൽ സംഭവിക്കാൻ പോകുന്നതിനെ കുറിച്ച് അടക്കം പലപ്പോഴായി ഞാൻ കുറിപ്പ് പങ്കുവെച്ചത്. എനിക്ക് അടുപ്പമുള്ളവരുടെ കാര്യത്തിൽ പോലും അവരുടെ നന്മകളിൽ മാത്രമെ ഞാൻ ന്യായീകരിക്കാറുള്ളു. അല്ലെങ്കിൽ ഞാൻ ഫാക്ട് പറയും. മോശമാണെങ്കിൽ സുഹൃത്താണെങ്കിൽ പോലും മുഖത്ത് നോക്കി പറയും. സുരേഷേട്ടൻ ജയിക്കുമെന്ന് ഞാൻ പറഞ്ഞത് ബിജെപിയുടെ പ്രവർത്തനം കണ്ടിട്ടല്ല.

അതുപോലെ പുള്ളി ചെയ്യുന്ന നന്മകൾ കണ്ടിട്ട് മാത്രവുമല്ല. ബി​ഗ് ബോസിൽ ഞാൻ എങ്ങനെയാണ് വിജയിച്ചത്? എന്നെ ഒരു വലിയ വിഭാ​ഗം കടന്ന് ആക്രമിച്ചു. ആ സമയത്ത് ഞാൻ ചെയ്ത പല കാര്യങ്ങളും ശരിയായിരുന്നുവെന്ന് ജനങ്ങൾക്ക് തോന്നി. അതുകൊണ്ട് സ്വഭാവികമായി എന്റെ അടുത്തേക്ക് വോട്ടുകളെത്തി. അതുപോലെ സുരേഷേട്ടൻ‌ ചെയ്യുന്ന കാര്യങ്ങളെ ഒരു വിഭാ​ഗം വിമർശിക്കുമ്പോൾ അദ്ദേഹം ചെയ്യുന്നതിൽ എത്രത്തോളം ശരിയുണ്ടെന്ന് ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. അതുപോലെ മാധ്യമപ്രവർത്തകയുമായുള്ള വിഷയത്തിൽ തോളിൽ കൈവെച്ചത് അവർക്ക് ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് തെറ്റാണ്. അതുപോലെ ആ സംഭവത്തെ ചിലർ വളച്ചൊടിച്ച് വക്രീകരിക്കുമ്പോൾ ജനം അങ്ങേരുടെ കൂടയെ നിൽക്കൂ. എനിക്ക് അദ്ദേഹവുമായി പേഴ്സണൽ ബന്ധമൊന്നുമില്ല.

ഇവിടുത്തെ സകല മനുഷ്യരും പുള്ളിയുടെ കല്യാണത്തിന് പോയിട്ടുണ്ട്. നിങ്ങൾ എന്നെ കല്യാണത്തിന് കണ്ടുകാണില്ല. കാരണം അത്രയ്ക്കുള്ള ബന്ധമേയുള്ളു. പുള്ളി എന്തെങ്കിലും തരുമെന്ന് വിശ്വസിച്ചുമല്ല ഞാൻ ഒന്നും പറയുന്നത്. റിയാലിറ്റിയാണ് ഞാൻ പറഞ്ഞത്. വർഷങ്ങൾക്ക് മുമ്പ് എയ്ഡ്സ് വന്ന രണ്ട് കുട്ടികൾ ഉണ്ടായിരുന്നു. അന്ന് സൂപ്പർസ്റ്റാറായി കത്തി നിൽക്കുന്ന സമയത്ത് ആ കുട്ടികൾക്ക് വേണ്ടി ഈ മനുഷ്യൻ നിന്നു.

അതുപോലെ എൻഡോസൾഫാൻ വിഷയം വന്നപ്പോഴും അ​ദ്ദേഹം അവർക്കൊപ്പം നിന്നു. സുരേഷ് ​ഗോപി സ്വന്തം പൈസയെടുത്ത് ആളുകളെ സഹായിക്കുന്നത് പ്രശസ്തിക്ക് വേണ്ടിയല്ല. കരുണാകരുനായി സുരേഷ് ​ഗോപിക്ക് അടുത്തബന്ധമായിരുന്നു. അന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം കിട്ടിയിട്ടും അ​​ദ്ദേഹം സ്വീകരിച്ചില്ല. മാത്രമല്ല സ്ഥാനമാനങ്ങളും വാങ്ങിയിട്ടില്ല. ജനങ്ങളെ സഹായിക്കുന്നതിൽ നിന്നും കിട്ടുന്ന ആത്മസംതൃപ്തിയാണ് അദ്ദേഹത്തിന്റെ ലക്ഷ്യം. അതുപോലെ അടുത്തിടെ മേജർ രവി സാറിനെ കണ്ടപ്പോൾ ഞാൻ പറഞ്ഞു സുരേഷ് ​ഗോപി സാറിനെ കാണുമ്പോൾ ഒന്ന് പറഞ്ഞേക്കു അധികം സംസാരിക്കേണ്ടെന്ന്. സംസാരിച്ചാൽ തോറ്റുപോകാൻ സാധ്യതയുണ്ടെന്ന്. കാരണം നിഷ്കളങ്കമായി പറയുന്ന കാര്യങ്ങൾ പിന്നീട് അപകടമാകും’, അഖിൽ മാരാർ പറഞ്ഞു.

Share
Leave a Comment