റിലീസിനു ഒരുങ്ങുന്ന മമ്മൂട്ടി ചിത്രം ‘ഭ്രമയുഗം’ വിവാദത്തിൽ. ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേര് മാറ്റണമെന്നും ‘ഭ്രമയുഗ’ത്തിന്റെ സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ട് കോട്ടയം ജില്ലയിലെ പുഞ്ചമണ്‍ ഇല്ലക്കാര് ആണ് ഹൈക്കോടതിയെ സമീപിച്ചത്. ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിക്കുന്ന ‘കുഞ്ചമണ്‍ പോറ്റി’ അല്ലെങ്കില്‍ ‘പുഞ്ചമണ്‍ പോറ്റി’ എന്നത് തങ്ങളുടെ കുടുംബപ്പേരും സ്ഥാനപ്പേരുമാണെന്നും അവര്‍ വാദിച്ചു. കഥാപാത്രം ദുര്‍മന്ത്രവാദങ്ങളും മറ്റും ചെയ്യുന്നതായി കാണിച്ചിരിക്കുന്നത് തങ്ങളുടെ കുടുംബത്തിന്റെ സത്കീര്ത്തിയെ ബാധിക്കുന്നതാണെന്നും ഹര്‍ജിയില്‍ പറഞ്ഞു.
മമ്മൂട്ടിയുടെ കഥാപാത്റഗ്രത്തിന്റെ പേര് ‘കൊടുമോണ്‍ പോറ്റി’യെന്നാക്കാന്‍ തയാറാണെന്ന് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ കോടതിയില്‍ അറിയിച്ചു. ഇക്കാര്യത്തില്‍ സെന്‍സര്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. വിഷയത്തില്‍ നാളെ മറുപടി പറയാനാണ് കോടതിയുടെ നിര്‍ദേശം. ഫെബ്രുവരി 15നാണ് രാഹുല്‍ സദാശിവന് സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്യുന്നത്.
കൊട്ടാരത്തില്‍ ശങ്കുണ്ണിയുടെ ഐതീഹ്യമാലയില്‍ പുഞ്ചമണ്‍ ഇല്ലക്കാരെക്കുറിച്ചു പറയുന്നുണ്ട്. പരമ്പരാഗതമായി മന്ത്രവാദം ചെയ്യുന്നവരാണ് തങ്ങളെന്നുമാണ് ഹര്‍ജിയില്‍ പറയുന്നത്. നിലവില്‍ ചിത്രീകരിച്ചിരിക്കുന്ന രീതി കുടുംബത്തിന് ചീത്തപ്പേര് വരുത്തി വയ്ക്കും. പ്രത്യേകിച്ച് മമ്മൂട്ടിയെപ്പോലൊരു നടന് അഭിനയിക്കുന്ന ചിത്രം ഒരുപാട് പേരെ സ്വാധീനിക്കുമെന്നും ഹര്‍ജിയില്‍ പറയുന്നു. ഇത് മനപ്പൂര്‍വം കുടുംബത്തെ താറടിക്കാനും മാനം കെടുത്താനുമാണെന്ന് ഭയക്കുന്നു. തങ്ങളുടെ കുടുംബവുമായി ബന്ധപ്പെട്ട പേരോ പരാമര്‍ശങ്ങളോ നീക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്.
Post Your Comments