General

ഹിമാചലിൽ കാറപകടത്തിൽ കാണാതായ സംവിധായകൻ വെട്രി ദുരൈസാമിയുടെ മൃതദേഹം നദിയിൽനിന്ന് കണ്ടെത്തി

ചെന്നൈ: മുൻ ചെന്നൈ മേയർ സൈദൈ ദുരൈസാമിയുടെ മകനും സിനിമാ സംവിധായകനുമായ വെട്രി ദുരൈസാമി(45)യുടെ മൃതദേഹം കണ്ടെത്തി. ഹിമാചൽപ്രദേശിലെ സത്‌ലജ് നദിയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ വെട്രി ദുരൈ സ്വാമിയെ കാണാതായിരുന്നു. ഒരാഴ്ചയായി തിരച്ചിൽ തുടരുന്നതിനിടെ തിങ്കളാഴ്ച നദിയിൽനിന്ന് തന്നെയാണ് മൃതദേഹം കണ്ടെടുത്തത്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ഷിംലയിലെ ഇന്ദിരാഗാന്ധി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. നടപടികൾ പൂർത്തിയായാൽ കുടുംബത്തിന് വിട്ടുനൽകുമെന്ന് പോലീസ് അറിയിച്ചു.

അപകടത്തിൽ പരിക്കുകളോടെ രക്ഷപ്പെട്ട വെട്രിയുടെ സുഹൃത്ത് ഗോപിനാഥിനെ ചെന്നൈയിലെ ആശുപത്രിയിലേക്ക് മാറ്റിയതായും പോലീസ് പറഞ്ഞു. ഈ മാസം നാലിനാണ് വെട്രി ദുരൈസാമി സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത്. കഷാംഗ് നലയിൽ തീരദേശ ഹൈവേയിലൂടെ സഞ്ചരിക്കവെ കാർ സത്‌ലജ് നദിയിലേക്ക് മറിയുകയായിരുന്നു. ഡ്രൈവർ മരിക്കുകയും ഒപ്പമുണ്ടായ തിരുപ്പൂർ സ്വദേശി ഗോപിനാഥിനെ പരിക്കുകളോടെ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.

കഴിഞ്ഞ ഒരാഴ്ചയായി ഇന്തോ-ടിബറ്റൻ ബോർഡർ പോലീസും ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ള സംഘം തിരച്ചിൽ നടത്തിയെങ്കിലും തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്താനായത്. സിനിമ സംവിധായകനായ വെട്രി ഒരു ഷൂട്ടിങ് സംഘത്തിനൊപ്പമാണ് ഹിമാചലിൽ എത്തിയിരുന്നത്. 2021-ൽ വെട്രി സംവിധാനംചെയ്ത തമിഴ് ചിത്രമായ ‘എൻട്രാവത് ഒരു നാൾ’ അന്താരാഷ്ട്ര ചലച്ചിത്രമേളകളിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു.

shortlink

Related Articles

Post Your Comments


Back to top button