CinemaGeneralInterviewsLatest NewsNEWS

മദ്രസയില്‍ നിന്നും സ്‌കൂളില്‍ നിന്നും ഉപദ്രവിക്കാന്‍ ശ്രമിച്ചവരുണ്ട്! ബിയർ കുപ്പി കൊണ്ട് അടി കിട്ടിയെന്ന് ജാസിൽ

സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റായിട്ടാണ് മുഹമ്മദ് ജാസില്‍ ശ്രദ്ധേയനാവുന്നത്. പിന്നീട് ജാസില്‍ ജാസ് എന്ന പേരില്‍ ഇൻസ്റ്റഗ്രാം പേജിലൂടെയും താരം വീഡിയോസ് ചെയ്ത് തുടങ്ങി. തന്റെ വ്യക്തിജീവിതത്തിലെ കാര്യങ്ങള്‍ തുറന്ന് സംസാരിച്ച് കൊണ്ടാണ് താരമിപ്പോള്‍ വാര്‍ത്തകളില്‍ നിറയുന്നത്. താനൊരു ആണാണോ പെണ്ണാണോ എന്നൊക്കെ അറിയാനാണ് എല്ലാവരുടെയും ആകാംഷയെന്നാണ് വേള്‍ഡ് മൂവി ഓണ്‍ലൈന് നല്‍കിയ പുതിയ അഭിമുഖത്തിലൂടെ താരം പറയുന്നത്. ആളുകളുടെ ഇടയിൽ നിന്നും തനിക്ക് നേരിടേണ്ടി വന്ന അപമാനത്തെ കുറിച്ചും ജാസിൽ മനസ് തുറക്കുന്നുണ്ട്.

‘ഒത്തിരി ബുദ്ധിമുട്ടുകള്‍ അനുഭവിച്ച് കൊണ്ടാണ് മുന്നോട്ട് പോകുന്നത്. മലയാളികള്‍ക്ക് അങ്ങനത്തെ സ്വഭാവം ഉള്ളത് കൊണ്ടാണ്. സോഷ്യല്‍ മീഡിയ ഉപയോഗിക്കാന്‍ പോലും പേടിയായിരുന്നു. തുടക്കത്തില്‍ വളരെ മോശമായിട്ടുള്ള കമന്റുകളാണ് എനിക്ക് കിട്ടിയത്. ഇപ്പോഴും ആ പ്രശ്‌നങ്ങള്‍ തുടരുന്നുണ്ട്. സാധാരണ കുടുംബത്തില്‍ ജനിച്ചയാളാണ് ഞാന്‍. ഉമ്മ വീട്ടുജോലിയ്ക്ക് പോകുന്ന ആളായിരുന്നു. എങ്ങനെയും കുടുംബത്തിനെ സഹായിക്കണമെന്ന ആഗ്രഹം കൊണ്ടാണ് ജോലിയ്ക്കായി ദുബായിലേക്ക് പോകുന്നത്. എന്റെ സ്‌ത്രൈണതയാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. ഞാന്‍ അഭിനയിക്കുകയാണെന്നാണ് കൂടുതല്‍ പേരും പറയുന്നത്. നിങ്ങള്‍ പെണ്ണുങ്ങളെ പോലെ നടക്കാന്‍ ശ്രമിക്കുന്നതാണ്. ആണുങ്ങളോട് കൂട്ട് കൂടിയാലെന്താണ്, ജിമ്മില്‍ പോയിക്കൂടേ, എന്നൊക്കെ പലരും ചോദിക്കാറുണ്ട്. ഞാനിതൊക്കെ ചെയ്തിട്ടുണ്ട്. മാത്രമല്ല ഡോക്ടറുടെ അടുത്ത് കൗണ്‍സിലിങ്ങിന് വരെ ഞാന്‍ പോയിട്ടുണ്ട്. പക്ഷേ എന്നാലും അഭിനയിക്കുകയാണെന്നാണ് പറയുന്നത്. എത്രകാലം അഭിനയിക്കാന്‍ സാധിക്കും?.

ഞാന്‍ ആണാണോ പെണ്ണാണോ എന്നറിയാനാണ് എല്ലാവരും ശ്രമിക്കുന്നത്. എന്തിനാണ് എന്റെ ഐഡിന്റിറ്റി ഞാന്‍ മറ്റൊരാള്‍ക്ക് മുന്നില്‍ തുറന്ന് കാണിക്കുന്നത്. അത് തെളിയിക്കാന്‍ എന്റെ വ്യക്തിപരമായ അവയവങ്ങള്‍ മറ്റുള്ളവരുടെ മുന്നില്‍ തുറന്ന് കാണിക്കണമെന്ന് പറയുന്നത് എന്തിനാണ്. ആണോ പെണ്ണോ ആയിക്കോട്ടെ, മനുഷ്യനായി ജീവിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ജന്മം കൊണ്ട് ആണാണ്. പക്ഷേ ഞാന്‍ ജീവിക്കുന്നത് എന്റെ സ്വത്വത്തിന് അനുസരിച്ചാണ്. ഞാനിങ്ങനെ നടക്കുന്നത് കൊണ്ട് ലൈംഗികമായി ഉപദ്രവിക്കാന്‍ ശ്രമിച്ചവരുണ്ട്. മദ്രസയില്‍ പഠിക്കുന്ന സമയത്തും സ്‌കൂളില്‍ പഠിക്കുമ്പോഴുമൊക്കെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്. കോളേജ് ലെവലില്‍ പഠിക്കുന്ന സമയത്ത് ഇത് എതിര്‍ത്തപ്പോള്‍ സീനിയര്‍ വിദ്യാര്‍ഥിയുടെ കൈയ്യില്‍ നിന്നും ബീയര്‍കുപ്പി കൊണ്ട് അടിപോലും കിട്ടിയിട്ടുണ്ട്.

ഇങ്ങനൊരു ജീവിതത്തോട് എനിക്ക് തന്നെ മടുപ്പായിരുന്നു. ആത്മഹത്യ ചെയ്യാന്‍ വരെ ശ്രമിച്ചിരുന്നു. ഞാന്‍ മാത്രമാണ് ഇങ്ങനെന്നാണ് വിചാരിച്ചിരുന്നത്. സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് പെണ്‍കുട്ടികളാണ് എനിക്ക് കൂട്ടായി ഉണ്ടായിരുന്നത്. അവരൊക്കെ പെണ്‍കുട്ടികളുടെ ബാത്ത്‌റൂമിലേക്ക് പോകുമ്പോള്‍ ഞാനും അവരുടെ കൂടെയല്ലേ, പോകേണ്ടതെന്നാണ് ചിന്തിച്ചിരുന്നത്. ഈ അവസ്ഥയിലൂടെ കടന്ന് പോകുന്നവര്‍ക്കേ ഇതിനെ പറ്റി അറിയൂ. പിന്നീടാണ് ഞാന്‍ ഒരാളെ പരിചയപ്പെടുന്നത്. അവര്‍ പറഞ്ഞിട്ടാണ് ഞാന്‍ മാത്രമല്ല, ഒരുപാട് പേര് ഇതുപോലെയുണ്ടെന്ന് അറിയുന്നത്. അവര്‍ക്കൊരു സംഘടനയുണ്ടെന്നും മനസിലാക്കി. അവരുമായി സംസാരിച്ചതിന് ശേഷമാണ് എനിക്കൊരു സമാധാനം വന്നത്’, ജാസിൽ പറയുന്നു.

shortlink

Post Your Comments


Back to top button